ഗര്‍ഭകാലത്തിന്റെ ബുദ്ധിമുട്ടുകളേപ്പറ്റി ആരും സംസാരിക്കാറില്ല'; നിറവയര്‍ ചിത്രം പങ്കുവെച്ച് മാതൃത്വത്തേക്കുറിച്ച് രാധിക ആപ്‌തെ
ഗര്‍ഭകാലത്തിന്റെ ബുദ്ധിമുട്ടുകളേപ്പറ്റി ആരും സംസാരിക്കാറില്ല';
മുംബൈ: ഡിസംബര്‍ 15-നാണ് നടി രാധിക ആപ്തെയും ഭര്‍ത്താവ് ബെനഡിക്ട് ടെയ്ലറും തങ്ങളുടെ ആദ്യത്തെ കണ്മണിയെ വരവേറ്റത്. പിന്നാലെ തന്റെ ഗര്‍ഭകാല ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. നിരവധി ആളുകള്‍ ആശംസ അറിയിക്കുകയും ചെയ്തു.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞ തൊട്ടുപിറ്റേന്നുമുതല്‍ ഇക്കാര്യം ആളുകളോട് പറയാന്‍ ആരംഭിച്ചിരുന്നെന്ന് ഫാഷന്‍ മാസികയായ വോഗിന് നല്‍കിയ അഭിമുഖത്തില്‍ രാധിക പറഞ്ഞു. പ്രസവിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ആ സമയത്ത് എന്നെ കാണാന്‍ എങ്ങനെയുണ്ടായിരുന്നോ, അതിനെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ കഷ്ടപ്പെട്ടിരുന്നു എന്നതാണ് സത്യം. എന്റെ ശരീരം അത്രയധികം ഭാരംവെച്ച് അതിന് മുന്‍പ് ഞാന്‍ കണ്ടിട്ടേയില്ലായിരുന്നു. എന്റെ ശരീരം ചീര്‍ത്തിരിക്കുകയായിരുന്നു. പെല്‍വിസില്‍ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. ഉറക്കമില്ലായ്മ എല്ലാത്തിനോടുമുള്ള എന്റെ കാഴ്ചപ്പാടിനെ ബാധിച്ചിരുന്നു. അമ്മയായി രണ്ടാഴ്ചയായിട്ടില്ല, എന്റെ ശരീരം വീണ്ടും വ്യത്യസ്തമായി കാണപ്പെടുകയാണ്, രാധിക പറയുന്നു.
തനിക്ക് പരിചയമുള്ള കൂടുതല്‍ സ്ത്രീകള്‍ക്കും ബുദ്ധിമുട്ടേറിയ ഗര്‍ഭകാലമായിരുന്നു ഉണ്ടായിരുന്നത്. ശരിക്കും ഇത് ആര്‍ത്തവവിരാമം അല്ലെങ്കില്‍ ആര്‍ത്തവം പോലെയാണ്- ഈ ഹോര്‍മോണുകള്‍ ഒരു തമാശയല്ല. ആര്‍ത്തവവും ആര്‍ത്തവവിരാമവും സംബന്ധിച്ച പ്രയാസങ്ങളേക്കുറിച്ച് നാം തുറന്നുസംസാരിക്കാറുണ്ടെങ്കിലും ഗര്‍ഭകാലത്തെ എപ്പോഴും പൊലിമയോടെയാണ് അവതരിപ്പിക്കാറുള്ളത്. ജന്മം നല്‍കുക എന്നത് വിസ്മയകരമായ കാര്യമാണ്. എന്നാല്‍, അതിന്റെ ബുദ്ധിമുട്ടേറിയ വശങ്ങളേക്കുറിച്ച് ആരും സംസാരിക്കാറില്ല. ഈ സമീപനം അസംബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്, രാധിക കൂട്ടിച്ചേര്‍ത്തു.
2011-ല്‍ ലണ്ടനില്‍വെച്ചാണ് രാധികയും ബ്രിട്ടീഷ് വയലിനിസ്റ്റും കമ്പോസറുമായ ബെനഡിക്ടും പരിചയപ്പെടുന്നത്. തൊട്ടടുത്ത വര്‍ഷം 2012-ല്‍ ഇവര്‍ വിവാഹിതരായി.