'കടം വാങ്ങിയോ, ഫിക്സഡ് ഡെപ്പോസിറ്റോ എടുത്ത് ആണുങ്ങൾ കാറോ ബൈക്കോ വാങ്ങണം'; ആൾക്കുട്ടത്തിനിടയിൽ പോകുമ്പോൾ കൈ മടക്കിയോ ഷർട്ടിനുള്ളിലോ ഇടണം; ദീപക്കിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സായ് കൃഷ്ണ

Update: 2026-01-18 14:38 GMT

കൊച്ചി: ബസിൽ വെച്ച് ലൈംഗികാതിക്രമം നടന്നുവെന്ന യുവതിയുടെ വീഡിയോ പ്രചാരണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാൻ ഉയരുന്നത്. യുവതിക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് വിവിധ കോണുകളിൽ നിന്ന് പ്രധാനമായും ഉയരുന്ന ആവശ്യം. ഇതിനിടെ, യുവതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ആരും പിന്തുടരരുതെന്നും ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്നും ബിഗ് ബോസ് താരവും യൂട്യൂബറുമായ സായ് കൃഷ്ണ ആവശ്യപ്പെട്ടു.

വിവാദ വീഡിയോ പ്രചരിപ്പിച്ച സമയത്ത് യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 9250 ഫോളോവേഴ്സ് ഉണ്ടായിരുന്നെന്നും, ദീപക്കിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഇത് 11,400 ആയി ഉയർന്നെന്നും തെളിവ് സഹിതം സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. ഇത് മലയാളികൾ അവരെ 'റീച്ചാക്കി' വിട്ടതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.

"ഇവരെ പോയിട്ട് എന്തിനാണ് ഫോളോ ചെയ്യുന്നത്? എന്താണ് നിങ്ങളുടെ ഉദ്ദേശം? എനിക്ക് മനസിലാവുന്നില്ല. അക്കൗണ്ടിൽ പോയി തെറി വിളിക്കാനാണെങ്കിൽ കമന്റ് ബോക്സ് റെസ്ട്രിക്ടഡ് ആണ്. ബസിലെ വീഡിയോ അവിടില്ല. എക്സ്പ്ലനേഷൻ കൊടുക്കുന്ന വീഡിയോ മാത്രമാണ് ഉള്ളത്. റീച്ചാണ് അവരുടെ ഉദ്ദേശമെങ്കിൽ അതിന് സമ്മതിക്കരുത്," സായ് കൃഷ്ണ പറഞ്ഞു. പുരുഷന്മാർ കടം വാങ്ങിയെങ്കിലും കാറോ ബൈക്കോ വാങ്ങണമെന്നും ബസിൽ പോകാൻ നിൽക്കരുതെന്നും അദ്ദേഹം പരിഹാസത്തോടെ കൂട്ടിച്ചേർത്തു. "സ്ത്രീകൾ അടക്കം വരുന്ന ആൾക്കൂട്ടത്തിനിടയിൽ പോകുമ്പോൾ കൈ മടക്കിയോ ഷർട്ടിനുള്ളിൽ ഇട്ടോ വേണം പോകാൻ. ഞാനിനി അങ്ങനെ പോകൂ" എന്നും സായ് കൃഷ്ണ വ്യക്തമാക്കി.

Tags:    

Similar News