'കാസ്റ്റിങ് കൗച്ച് അനുഭവങ്ങൾ നേരിട്ടു, അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു, പക്ഷെ ഒഴിഞ്ഞുമാറി'; ഇതൊന്നും കരിയറിനെ ബാധിച്ചില്ല; വെളിപ്പെടുത്തലുമായി നടി സാക്ഷി അഗർവാൾ
ചെന്നൈ: ഇന്ത്യൻ സിനിമാ രംഗത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെക്കുറിച്ചും അനുചിതമായ ലൈംഗികച്ചുവയോടെയുള്ള സമീപനങ്ങളെക്കുറിച്ചും നടി സാക്ഷി അഗർവാൾ വെളിപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് തെന്നിന്ത്യൻ, ബോളിവുഡ് ചലച്ചിത്രങ്ങളിലും റിയാലിറ്റി ഷോകളിലും ശ്രദ്ധേയയായ സാക്ഷി തന്റെ ദുരനുഭവങ്ങൾ പങ്കുവെച്ചത്.
'നോർത്ത് ഇന്ത്യൻ നായികയെപ്പോലെയാണ് സൗത്തിൽ നിന്നുളളവർ എന്നെ കാണുന്നത്. എന്നാൽ നോർത്തിൽ പോകുമ്പോൾ സൗത്ത് ഇന്ത്യൻ നായികയായാണ് പരിഗണിക്കുന്നത്. ഞാൻ ഒരു ഇന്ത്യൻ നടിയാണ്, എന്റെ നാടല്ല, കലയാണ് പ്രധാനം,' സാക്ഷി പറഞ്ഞു. തന്റെ കരിയറിൽ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ട്. അനുചിതമായ ആവശ്യങ്ങളുമായി പലരും സമീപിച്ചു. ഇതിൽ നിന്നെല്ലാം താൻ ഒഴിഞ്ഞുമാറി. ഇത് തന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചില്ലെന്നും, പകരം തന്റെ കഴിവുകളെ അംഗീകരിക്കുന്നവരിലേക്ക് തന്നെ എത്തിക്കുകയാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങൾക്ക് പുറമെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സാക്ഷി അഗർവാൾ സൂചിപ്പിച്ചു. ഒരു സിനിമാ വ്യവസായവും മറ്റൊന്നിനേക്കാൾ സുരക്ഷിതമാണെന്ന് പറയാനാവില്ലെന്നും എന്നാൽ തമിഴ് സിനിമാ വ്യവസായത്തിന് ശക്തമായ അച്ചടക്കവും തൊഴിൽപരമായ അതിർവരമ്പുകളും ഉണ്ടെന്ന് അവർ നിരീക്ഷിച്ചു. മലയാളം സിനിമയിൽ സംഭാഷണങ്ങളെക്കാൾ പ്രാധാന്യം നിശബ്ദതക്ക് (സൈലൻസിന്) നൽകുന്നത് എങ്ങനെ പഠിച്ചുവെന്നും, പലപ്പോഴും ഡയലോഗിനേക്കാൾ ശക്തമായ വികാരങ്ങൾ നിശബ്ദത പ്രകടിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
2013ൽ പുറത്തിറങ്ങിയ 'രാജാ റാണി' എന്ന ചിത്രത്തിലൂടെയാണ് സാക്ഷി അഗർവാൾ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് കന്നഡ സിനിമകളിൽ തിരക്കേറിയ നടിയായി. 'അരൺമനൈ 3', 'കാലാ' തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടി. 'ഒരായിരം കിനാക്കൾ', 'ബെസ്റ്റി' തുടങ്ങിയ മലയാള ചിത്രങ്ങളിലും സാക്ഷി അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും അവർ സിനിമയിൽ സജീവമാണ്.
