മമ്മൂട്ടിയുടെ 'സാമ്രാജ്യം' ഫോര്‍ കെ ഫോര്‍മാറ്റില്‍ ഇറങ്ങുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ജോമോന്‍; കണ്ട ട്രെയിലര്‍ യാതൊരു ഗുണമേന്‍മയും ഇല്ലാത്തത്; നിര്‍മ്മാതാവിന്റേത നല്ല സിനിമയെ നശിപ്പിക്കുന്ന പ്രവണതയെന്നും സംവിധായകന്‍

മമ്മൂട്ടിയുടെ 'സാമ്രാജ്യം' ഫോര്‍ കെ ഫോര്‍മാറ്റില്‍ ഇറങ്ങുന്നത് താന്‍ അറിഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ജോമോന്‍

Update: 2025-09-10 07:26 GMT

തിരുവനന്തപുരം: പതിനഞ്ചുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമയായ 'സാമ്രാജ്യം' സാങ്കേതിക മികവുകളോടെ വീണ്ടും റിലീസിന് ഒരുങ്ങുമ്പോള്‍ തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്ന പരാതിയുമായി സംവിധായകന്‍ ജോമോന്‍. ഫോര്‍ കെ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനമെങ്കിലും, യാതൊരു ഗുണമേന്‍മയുമില്ലാത്ത ട്രെയിലറാണ് പുറത്തിറങ്ങിയതെന്നും ഒരു നല്ല സിനിമയെ നശിപ്പിക്കുന്ന പ്രവണതയാണ് ഈ കാണുന്നതെന്നും ജോമോന്‍ പറയുന്നു. മലയാളത്തില്‍ ഇറങ്ങിയ സ്റ്റൈലിഷ് സിനിമകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലാണ് സാമ്രാജ്യം.

1990 ല്‍ അജ്മല്‍ ഹസന്‍ നിര്‍മ്മിച്ച് ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം ആരിഫ പ്രൊഡക്ഷന്‍സാണ് വിതരണം ചെയ്തത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായിരുന്ന ചിത്രം വിവിധ ഭാഷകളില്‍ മൊഴിമാറ്റം നടത്തി പ്രദര്‍ശിപ്പിച്ചപ്പോഴും വന്‍വിജയമായിരുന്നു. തെലുങ്കില്‍ മൊഴിമാറ്റം നടത്തി ആന്ധ്രപ്രദേശില്‍ റിലീസ് ചെയ്തപ്പോള്‍ 425 ദിവസമാണ് ഒരേ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ഇത് റീമേക്ക് ചെയ്ത് മമ്മൂട്ടിയുടെ വേഷത്തില്‍ അഭിനയിക്കണമെന്ന് അമിതാബ് ബച്ചന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും നടന്നില്ല. മമ്മൂട്ടിയുടെ കരിയറില്‍ നിര്‍ണായകപങ്കു വഹിച്ച സിനിമയായും സാമ്രാജ്യം മാറുകയായിരുന്നു.

1990 ല്‍ ചിത്രം ഇറങ്ങി വന്‍വിജയമായതിനു ശേഷം നിര്‍മ്മാതാവില്‍ നിന്നും തൃപ്തികരമല്ലാത്ത അനുഭവമാണ് ഉണ്ടായതെന്ന് ജോമോന്‍ പറയുന്നു. ചിത്രം വന്‍ സാമ്പത്തിക വിജയമായിരുന്നെങ്കിലും തനിക്ക് പറയത്തക്ക നേട്ടമുണ്ടായില്ല. മലയാള സിനിമാ ചരിത്രത്തിലെ സ്റ്റൈലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന സാമ്രാജ്യം അണിയിച്ചൊരുക്കിയാന്‍ നന്നായി പണിപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, അതിനുള്ള അംഗീകാരം നിര്‍മ്മാതാക്കളില്‍ നിന്നുമുണ്ടായില്ല. സാമ്രാജ്യം സിനിമയുടെ രണ്ടാം ഭാഗമെന്ന നിലയില്‍ ഒരു സിനിമ പുറത്തിറങ്ങി. അതു ചെയ്യുമ്പോഴും നിര്‍മ്മാതാവ് ഒന്നും അിറയിച്ചിരുന്നില്ല. സൂപ്പള്‍ഹിറ്റായ ആദ്യഭാഗത്തിന്‍െ്റ സംവിധായകനോട് ഒന്നു പറയാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല.

സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗം കണ്ടവര്‍ ജോമോനാണ് സംവിധാനം ചെയ്തതെന്ന് തെറ്റിദ്ധരിച്ചു. ഒരുപാട് പേര്‍ ഫോണ്‍ വിളിച്ച് സംസാരിച്ചു. താനല്ല അതു സംവിധാനം ചെയ്തതെന്ന് അവരോടെല്ലാം പറയേണ്ടിവന്നു. നിര്‍മ്മാതാവായ അജ്മല്‍ ഹസ്സന്‍ സാമ്രാജ്യം ഫോര്‍ കെ ഫോര്‍മാറ്റിലേക്ക് മാറ്റുകയാണെന്ന വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരുസിനിമ പല ഘടകങ്ങളുടേയും കൂട്ടായ്മ ആണെങ്കിലും അതിന്റെ കലാപരമായ പൂര്‍ണ്ണ ഉത്തരവാദിത്തം സംവിധായകനാണ്. തെലുങ്കാനയില്‍ അന്നപൂര്‍ണ്ണ സ്റ്റുഡിയോവില്‍ കുട്ടികള്‍ക്ക് പഠിക്കാനായി തിരഞ്ഞെടുത്ത സിനിമയാണ് സാമാജ്യം. അതിന്റെ രണ്ടാം ഭാഗം ഇത്രയും വികലമാക്കി ചെയ്തതും ഇപ്പോള്‍ ഗുണമേന്‍മയില്ലാതെ റീ റിലീസ് ചെയ്യുന്നതും വേദനാജനകമാണെന്നും ജോമോന്‍ പറയുന്നു.

സാമ്രാജ്യം ഫോര്‍ കെ ഫോര്‍മാറ്റില്‍ പുറത്തിറങ്ങുന്ന ട്രെയിലര്‍ ഈയ്യിടെ യൂ ട്യൂബില്‍ വന്നിരുന്നു. റിലീസിന് പിന്നാലെ വ്യാപക ട്രോളുകളാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിന്റെ ഗുണനിലവാരം ചൂണ്ടിക്കാണിച്ചാണ് ട്രോളുകള്‍ ഉയര്‍ന്നത്. ഫോര്‍ കെ പ്രിന്റ് എന്നതരത്തില്‍ പുറത്തുവിട്ട ടീസറിന് 720 പി യുടെ ഗുണനിലവാരം പോലുമില്ലെന്നാണ് പലരും കുറിക്കുന്നത്. നേരത്തെ മമ്മൂട്ടി ചിത്രമായ ആവനാഴി റീ റിലീസ് ചെയ്തപ്പോഴും ഗുണനിലവാരത്തെച്ചൊല്ലി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Tags:    

Similar News