'മോഹൻലാൽ മാനസികമായി വേദനിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്'; സൂപ്പർ താരത്തിന്റെ പ്രൊഫഷണലിസം അത്ഭുതപ്പെടുത്തിയെന്നും സംഗീത് പ്രതാപ്

Update: 2025-08-26 11:12 GMT

കൊച്ചി: സംവിധായകൻ ഷാജി എൻ. കരുണിന്റെ ആരോഗ്യനില മോശമാണെന്ന വാർത്തയറിഞ്ഞ് സൂപ്പർതാരം മോഹൻലാൽ മാനസികമായി വേദനിക്കുന്നത് താൻ നേരിൽ കണ്ടിട്ടുണ്ടെന്ന് നടൻ സംഗീത് പ്രതാപ്. സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വ'ത്തിൻ്റെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

പൊതുവെ ശാന്തനും പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതക്കാരനുമാണ് മോഹൻലാൽ എന്ന് സംഗീത് പറയുന്നു. 'ലാലേട്ടൻ വളരെ ശാന്തനായ, ആത്മീയമായ ഒരു വശമുള്ള ആളാണ്. വിഷമിക്കാനോ ദേഷ്യപ്പെടാനോ ഇഷ്ടമില്ലാത്തയാൾ എന്നുതന്നെ പറയാം,' സംഗീത് അഭിപ്രായപ്പെട്ടു. 'ഷാജി എൻ. കരുണിന് സീരിയസ് ആണെന്ന് അറിഞ്ഞ ശേഷം ലാലേട്ടൻ ഞങ്ങളുടെ അടുത്തേക്ക് വന്നു. ജീവിതത്തിൽ മോഹൻലാൽ എന്ന വ്യക്തി വേദനിക്കുന്നത് ഞാൻ അന്ന് കണ്ടു. തനിക്ക് വയ്യ എന്ന് അദ്ദേഹം സത്യൻ സാറിനോട് പറയുന്നുണ്ടായിരുന്നു,' സംഗീത് ഓർത്തെടുത്തു.

എന്നാൽ, വ്യക്തിപരമായ ഈ വിഷമത്തിനിടയിലും മോഹൻലാലിന്റെ പ്രൊഫഷണലിസം തന്നെ അത്ഭുതപ്പെടുത്തിയെന്നും സംഗീത് കൂട്ടിച്ചേർത്തു. അടുത്ത ഷോട്ടിന് സമയമായപ്പോൾ നിമിഷനേരം കൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറിയത്. 'രണ്ട് സെക്കൻഡ് കഴിഞ്ഞ് ലാലേട്ടൻ മൂഡ് മാറി വന്നു, 'എന്താ മോനെ നേരത്തെ പറഞ്ഞതെന്ന്' ചോദിച്ചു. ആ നിമിഷത്തിൽ ജീവിക്കുക എന്ന അദ്ദേഹത്തിന്റെ രീതി എനിക്ക് വലിയൊരു പാഠമായിരുന്നു,' സംഗീത് പറഞ്ഞു.

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിൽ മോഹൻലാലിനൊപ്പം മുഴുനീള കഥാപാത്രത്തെയാണ് സംഗീത് അവതരിപ്പിക്കുന്നത്. മാളവിക മോഹനൻ നായികയാവുന്ന ചിത്രത്തിൽ സിദ്ദിഖ്, സംഗീത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

Tags:    

Similar News