'പ്രേക്ഷകർ ഇപ്പോൾ എന്നെ 'ഡ്യൂഡ്' എന്നാണ് വിളിക്കുന്നത്'; ഐശ്വര്യ റായിയുടെ ഭർത്താവായി വരെ അഭിനയിച്ചിട്ടുണ്ട്; വേണമെങ്കിൽ ദീപിക പദുകോണിനെ നായികയാക്കി ഒരു സിനിമ ചെയ്യാമെന്നും ശരത് കുമാർ
ചെന്നൈ: ഡ്യൂഡിന്റെ വിജയാഘോഷത്തിനിടെ തമിഴ് നടൻ ശരത് കുമാർ പറഞ്ഞ വാക്കുകൾ സാമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. താൻ ഇപ്പോൾ ഒരു 'ഡ്യൂഡ്' ആയെന്നും ബോളിവുഡ് താരം ദീപിക പദുകോണിനെ നായികയാക്കി ഒരു സിനിമ ചെയ്യാൻ തയ്യാറാണെന്നുമാണ് താരം പറഞ്ഞത്. ഈ പ്രസംഗത്തിൻ്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. പ്രദീപ് രംഗനാഥനും മാമിത ബൈജുവും പ്രധാന വേഷത്തിലെത്തിയ 'ഡ്യൂഡ്' എന്ന ചിത്രം കേരളത്തിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
ചിത്രത്തിൽ ശരത് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിനും മികച്ച കൈയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകർ തങ്ങളെ 'ഡ്യൂഡ്' എന്ന് വിളിക്കാൻ തുടങ്ങിയെന്നും, ഇതിനൊരു മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. 'എന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയ പ്രേക്ഷകർ ഇപ്പോൾ 'ഡ്യൂഡ്' എന്ന് വിളിക്കുന്നു. അങ്ങനെ ഞാനും ഒരു ഡ്യൂഡ് ആയി. അടുത്ത സിനിമയിൽ നവീൻ സാറൊക്കെ വിചാരിച്ചാൽ ദീപിക പദുകോണിനെ എന്റെ നായികയാക്കി ഒരു പാട്ട് രംഗമൊക്കെ ഉൾപ്പെടുത്തി ചെയ്യാൻ ഞാൻ തയ്യാറാണ്,' അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻപ് ഐശ്വര്യ റായിയുടെ ഭർത്താവായി വരെ അഭിനയിച്ചിട്ടുണ്ടെന്നും, ഇങ്ങനെയൊരു അവസരത്തിൽ ചോദിക്കണമെന്നും ശരത് കുമാർ വ്യക്തമാക്കി. 'നിങ്ങള്‍ ആലോചിച്ചോളൂ. അവരേക്കാളും സുന്ദരിമാരില്ലേ എന്നാണെങ്കില്‍ അതൊക്കെ നിങ്ങള്‍ ആലോചിച്ച് തീരുമാനിച്ചോളൂ. എന്റെ നായികയായി ആര് വേണമെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ. പാട്ട് സായിയെക്കൊണ്ട് ചെയ്യിക്കാം. പ്രദീപിന്റെ ഉപദേശങ്ങളും തേടാം' എന്നും അദ്ദേഹം പറഞ്ഞു പ്രദീപ് രംഗനാഥൻ്റെ തുടർച്ചയായ മൂന്നാമത്തെ നൂറ് കോടി ചിത്രം എന്ന നേട്ടത്തിലേക്ക് 'ഡ്യൂഡ്' അടുക്കുകയാണ്. കീർത്തിശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. ഹൃദു ഹരൂൺ, സത്യ, രോഹിണി, ഐശ്വര്യ ശർമ്മ എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.