'രണ്ട് യുവതാരങ്ങൾക്കൊപ്പം.., വളരെ മനോഹരമായ കൂട്ടായിരുന്നു അവരെനിക്ക്, ബൈസണ് വിജയാശംസകൾ'; അനുപമ പരമേശ്വരനും രജീഷ വിജയനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂർ
തിരുവനന്തപുരം: യുവ താരങ്ങളായ അനുപമ പരമേശ്വരനും രജിഷ വിജയനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് ഇരുവരെയും കണ്ടുമുട്ടിയതെന്നും അവരോടൊപ്പം ചെലവഴിച്ച സമയം വളരെ മനോഹരമായിരുന്നെന്നും തരൂർ എക്‌സിൽ കുറിച്ചു. ഇരുവരുടെയും പുതിയ ചിത്രമായ 'ബൈസൺ' ന് അദ്ദേഹം വിജയാശംസകളും നേർന്നു.
'മലയാള സിനിമയിലെ രണ്ട് യുവതാരങ്ങൾക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തിൽ ഞാൻ എന്നെ കണ്ടെത്തി. വളരെ മനോഹരമായ കൂട്ടായിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന 'ബൈസൺ' എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു,' തരൂർ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ഞായറാഴ്ച രാവിലെ ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് ഇവർ കണ്ടുമുട്ടിയത്.
Found myself on a flight to Chennai with two young stars of the Malayalam film industry, @anupamahere and @rajisha_vijayan. They were delightful company and I wish them all success in their upcoming release “Bison”! pic.twitter.com/JvggTAIAMH
— Shashi Tharoor (@ShashiTharoor) October 5, 2025
തമിഴ് സ്പോർട്സ് ഡ്രാമയായ 'ബൈസൺ' ഒക്ടോബർ 17 ന് തിയേറ്ററുകളിലെത്തും. അനുപമയും രജിഷയും തന്നെയാണ് ചിത്രത്തിലെ പ്രധാന നായികമാർ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമാണ് നായകൻ. കബഡിയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ ലാൽ, അമീർ, പശുപതി തുടങ്ങിയവരും അണിനിരക്കുന്നു. ശശി തരൂർ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.