ആദ്യമായി നേരില്‍ കാണണമെന്ന് ആഗ്രഹിച്ച നടന്‍; മലയാള സിനിമയുടെ കണ്ണിലുണ്ണിയാണ്; എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്; ബേസില്‍ ജോസഫിനെ കുറിച്ച് നടി ഷീല

ആദ്യമായി നേരില്‍ കാണണമെന്ന് ആഗ്രഹിച്ച നടന്‍

Update: 2025-05-04 15:42 GMT

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബേസില്‍ ജോസഫ്. അടുത്തിടെയായി നിരവധി സിനിമകളാണ് ബേസിലിന്റേതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ബേസിലിനെക്കുറിച്ച് നടി ഷീല ജെഎഫ്ഡബ്ല്യു അവാര്‍ഡ് വേദിയില്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ആദ്യമായി നേരിട്ട് കാണണമെന്ന് ആഗ്രഹിച്ച ഒരേയൊരു നടന്‍ ബേസില്‍ ആണെന്നും ഷീല പറഞ്ഞു.

'ഞങ്ങളുടെ മലയാള സിനിമയുടെ കണ്ണിലുണ്ണിയാണ് ബേസില്‍ ജോസഫ്. എല്ലാ വീടുകളിലും ഒരു ഓമനക്കുട്ടനാണ്. ബേസില്‍ എന്ന് പറഞ്ഞാല്‍ സ്വന്തം വീട്ടിലെ ഒരാള്‍ ആണെന്നാണ് എല്ലാവരും വിചാരിക്കുന്നത്. ഇദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ മുതല്‍ പൊന്മാന്‍ വരെ ഒന്നല്ല, രണ്ട് പ്രാവശ്യം ഞാന്‍ കണ്ടിട്ടുണ്ട്. ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയില്‍ പൃഥ്വിരാജും ബേസിലും കൂടി കുടിച്ചിട്ടിരിക്കുന്ന ഒരു സീനുണ്ട്.

എന്റെ ദൈവമേ എന്തൊരു അഭിനയമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന, ഉണ്ണികൃഷ്ണന്‍ എന്നൊക്കെ പറയില്ലേ, അതുപോലെ ഒരു സന്തോഷമാണ് ഇദ്ദേഹത്തെ കാണുമ്പോള്‍. ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിക്കണം. കുറേ പ്രായമാകുമ്പോള്‍ സംവിധാനത്തിലേക്ക് കടന്നാല്‍ മതി. ഞാനിതുവരെ ഒരു നടനെയും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടില്ല. ആദ്യമായി ഞാന്‍ ആഗ്രഹിച്ച ഒരാള്‍ ഇങ്ങേരെ ഉള്ളൂ'.- ഷീല പറഞ്ഞു.

ഷീലയുടെ വാക്കുകള്‍ക്ക് ബേസില്‍ നന്ദി അറിയിച്ചു. 'അവാര്‍ഡ് സ്വീകരിച്ച ശേഷം താന്‍ മറ്റെന്തൊക്കെയോ പറയണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നുവെന്നും ഷീലയുടെ നല്ല വാക്കുകള്‍ കേട്ടതോടെ എല്ലാം മറന്നുപോയെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ വീണ്ടും ഇടപെട്ട ഷീല മാമിനെ പോലെ ഒരാള്‍ എന്നെക്കുറിച്ച് ഇങ്ങനെയൊന്നും പറയേണ്ടകാര്യമില്ലെന്നും താന്‍ ഭയങ്കര ഹാപ്പി'യാണെന്നുമായിരുന്നു ബേസിലിന്റെ മറുപടി.

Tags:    

Similar News