പോസ്റ്റര്‍ പോലും ഷെയര്‍ ചെയ്യാന്‍ തയ്യാറായില്ല; മോശം പെരുമാറ്റത്തെ കുറിച്ച് വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടില്ല; സെറ്റില്‍ ഉണ്ടായിരുന്നവരുമായി വിഷയം പങ്കുവെച്ചിരുന്നു; ഷൈനിനും വിന്‍സിക്കും എതിരെ സൂത്രവാക്യം നിര്‍മാതാവ്; വിവാദങ്ങള്‍ സിനിമയെ ബാധിച്ചു
കൊച്ചി: 'സൂത്രവാക്യം' സിനിമയുടെ നിര്‍മാതാവ് ശ്രീകാന്ത് കണ്ട്രഗോള, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രൊമോഷനില്‍ സഹകരിക്കാത്തതിനെതിരെ പരാതിയുമായി രംഗത്ത്. ഇരുതാരങ്ങളും ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ സിനിമയുടെ ഈസ്റ്റര്‍ പോസ്റ്റര്‍ പങ്കുവയ്ക്കാന്‍ പോലും തയ്യാറായില്ലെന്ന് നിര്‍മാതാവ് ആരോപിക്കുന്നു.
ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വിന്‍സി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടയിലാണ് നിര്‍മാതാവിന്റെ പ്രതികരണം. മോശം പെരുമാറ്റത്തെ കുറിച്ച് വിന്‍സി ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയില്‍ പരാതി നല്‍കിയിട്ടില്ലെന്ന് നിര്‍മാതാവ് വ്യക്തമാക്കി. എന്നാല്‍ സെറ്റിലുണ്ടായിരുന്നവരുമായി വിഷയം പങ്കുവച്ചതായി വിന്‍സി പറഞ്ഞതും അദ്ദേഹം അംഗീകരിച്ചു.
വിവാദവുമായി ബന്ധപ്പെട്ട് വിന്‍സിയുമായി സംസാരിച്ചിരുന്നു എന്ന് വ്യക്തമാക്കിയാണ് ഹൈദരാബാദ് സ്വദേശിയായ നിര്‍മാതാവിന്റെ പ്രതികരണം. മോശം അനുഭവം നേരിട്ടതിനെ കുറിച്ച് വിന്‍സി ആരോടും പങ്കുവച്ചിരുന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയ പ്രതികരണം.
മറ്റ് വിഷയങ്ങളെ കുറിച്ച് അറിയില്ല പക്ഷേ, എന്റെ സിനിമയെ വിവാദങ്ങള്‍ ബാധിച്ചു കഴിഞ്ഞു. ലഹരി മരുന്ന് ഉപയോഗം ഉള്‍പ്പെടെയുള്ള വിഷയത്തെ കുറിച്ച് അറിയില്ല. മലയാളത്തില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചാണ് സൂത്രവാക്യം എന്ന സിനിമയുടെ നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ വിവാദങ്ങള്‍ പ്രതിസന്ധിയുണ്ടാക്കിയെന്നും നിര്‍മാതാവ് ആരോപിച്ചു.