'ചർച്ചകൾ നടക്കുകയാണ്, കൂടുതൽ വിവരങ്ങൾ അവർ പറയുന്നതാണ് ശരി'; കമൽ അങ്കിൾ നിർമിക്കുന്ന ചിത്രത്തിൽ അപ്പ നായകനാകും; സൂപ്പർ താരങ്ങൾ വീണ്ടും ഒരുമിക്കുമെന്ന് സൗന്ദര്യ രജനീകാന്ത്
ചെന്നൈ: സൂപ്പർതാരങ്ങളായ കമൽഹാസനും രജനീകാന്തും വീണ്ടും ഒന്നിക്കുന്ന ചിത്രം വരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് സംവിധായകയും നിർമ്മാതാവുമായ സൗന്ദര്യ രജനീകാന്ത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജനീകാന്ത് നായകനാകുമെന്ന് സൗന്ദര്യ പറഞ്ഞു. ഗലാട്ട സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ നടി ശ്രുതിഹാസനൊപ്പം സംസാരിക്കുകയായിരുന്നു സൗന്ദര്യ.
കുറച്ചുകാലമായി സിനിമാലോകത്തും ആരാധകർക്കിടയിലും ചർച്ചയായിരുന്നു കമൽ രജനി കൂട്ടുകെട്ടിലെ ചിത്രം. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റിനെക്കുറിച്ച് ആദ്യ സൂചന നൽകിയത് കമൽഹാസൻ തന്നെയായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ നടന്ന സൈമ അവാർഡ് ദാന ചടങ്ങിൽ, താൻ രജനികാന്തുമായി ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. "ഇതൊരു ഗംഭീര സംഭവമാകുമോ എന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടാൽ നല്ലതാണ്. അവർ സന്തോഷിച്ചാൽ ഞങ്ങൾക്കും സന്തോഷമാകും," കമൽ അന്ന് പ്രതികരിച്ചു.
ഇപ്പോഴിതാ, ഗലാട്ട അവാർഡ് വേദിയിൽ അവതാരകർ ഇക്കാര്യം വീണ്ടും തിരക്കിയപ്പോഴാണ് സൗന്ദര്യ കമൽ രജനി കൂട്ടുകെട്ടിലെ ചിത്രത്തിന്റെ സാധ്യതകൾ പറഞ്ഞത്. "വിശദാംശങ്ങൾ ഞങ്ങളുടെ അച്ഛന്മാർ തന്നെ പറയുന്നതാകും ഉചിതം. പക്ഷേ, തീർച്ചയായും അപ്പ (കമൽഹാസൻ) കമൽ അങ്കിളിന്റെ ബാനറിൽ (രാജ് കമൽ ഫിലിംസ്) സിനിമ ചെയ്യും. ഏത് തരത്തിലുള്ള സിനിമയായിരിക്കും എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയിലാണ്. തലൈവർ തന്നെ ഇക്കാര്യം ഉടൻ വെളിപ്പെടുത്തും," സൗന്ദര്യ പറഞ്ഞു.