'സത്യം, നീതി, നന്മ, എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു'; ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്?; ദിലീപിന് അനുകൂലമായ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ശ്രീകുമാരൻ തമ്പി

Update: 2025-12-08 14:47 GMT

തിരുവനന്തപുരം: നടി ആക്രമിച്ച കേസിലെ കോടതി വിധിക്ക് പിന്നാലെ രോക്ഷ വിമർശനവുമായി ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. 'ഈ ഭൂമിയിൽ എന്തിനെയും വിലയ്ക്കു വാങ്ങാം' എന്നും 'സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്‌വചനങ്ങളിൽ ഉറങ്ങുകയാണെന്നും' അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേസിൽ നടൻ ദിലീപിനെ ഉൾപ്പെടെ നാല് പ്രതികളെ വെറുതെവിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, ബംഗാളി നോവലിസ്റ്റ് ബിമൽ മിത്രയുടെ 'കറി ദിയേ കിൻലാം' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ 'വിലയ്ക്കു വാങ്ങാം' താൻ മൂന്നാം തവണ വായിക്കുകയാണെന്ന് ശ്രീകുമാരൻ തമ്പി പറയുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്ന് വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 'സത്യമല്ലേ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്?' എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

‘വിലയ്ക്കു വാങ്ങാം’. ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘কড়ি দিয়ে কিনলাম’ ന്റെ മലയാള പരിഭാഷ ‘വിലയ്ക്കു വാങ്ങാം’. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല. സത്യമല്ലേ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം, നീതി, നന്മ - എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിയിക്കപ്പെട്ടു. എന്നാൽ, എട്ടാം പ്രതിയായ നടൻ ദിലീപിനെ ഉൾപ്പെടെ നാല് പ്രതികളെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. കോടതി വിധിക്ക് പിന്നാലെ നിയമമന്ത്രി പി. രാജീവ് പ്രതികരിച്ചിരുന്നു. വിധിയിൽ അപ്പീലുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. 

Full View

Tags:    

Similar News