തകർന്നുകിടക്കുന്ന ജീപ്പിൽ നിന്ന് ഇറങ്ങി വരുമ്പോൾ ചുറ്റും നിന്നവരുടെ ആലിംഗനവും അഭിനന്ദനവും; കഷ്ടപ്പെട്ട് നടന്ന് കയറുന്നത് ആംബുലൻസിലേക്ക്; സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ മരണപ്പെട്ട മോഹൻരാജിന്റെ പഴയ വീഡിയോ പുറത്ത്
ചെന്നൈ: വലിയ ഞെട്ടലോടെയാണ് സ്റ്റണ്ട്മാൻ മോഹൻരാജിന്റെ അപകട മരണ വാർത്ത ചലച്ചിത്രലോകം കേട്ടത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇപ്പോഴിതാ മോഹൻരാജിന്റെ ഒരു സ്റ്റണ്ട് രംഗങ്ങളുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രശസ്ത നടനും നർത്തകനും സംവിധായകനുമായ രാഘവാ ലോറൻസിന്റെ സഹോദരൻ നായകനായ ബുള്ളറ്റ് എന്ന ചിത്രത്തിന്റെ സെറ്റിൽനിന്നുള്ള ദൃശ്യങ്ങളാണിത്.
മറിഞ്ഞ്, തകർന്നുകിടക്കുന്ന കറുത്ത ജീപ്പിനുള്ളിൽനിന്ന് ഇറങ്ങി വരുന്ന മോഹൻരാജാണ് വീഡിയോയിലുള്ളത്. കാറിൽനിന്നിറങ്ങുന്ന അദ്ദേഹത്തെ സംവിധായകനുൾപ്പെടെയുള്ള അണിയറപ്രവർത്തകർ ആലിംഗനം ചെയ്തും അഭിനന്ദിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. നടക്കാൻ തന്നെ മോഹൻരാജ് കഷ്ടപ്പെടുന്നുണ്ട്. മറിഞ്ഞ ജീപ്പിൽ നിന്നിറങ്ങി കയറുന്നത് ആംബുലൻസിലേക്കാണ്. സമാനരീതിയിലുള്ള രംഗം ചിത്രീകരിക്കുന്നതിനിടെയാണ് തിങ്കളാഴ്ച മോഹൻരാജ് അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.
പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്തു. തുടർന്ന് നാഗപട്ടിണത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.