1000 കോടി ക്ലബ്ബ് തുറക്കാന്‍ സൂര്യ; താരം രണ്ട് ഗെറ്റപ്പുകളില്‍ എത്തുന്ന ബിഗ് ബജറ്റ് ചിത്രം കങ്കുവയുടെ റിലീസ് ട്രെയിലര്‍ പുറത്ത്
സൂര്യ നായകനാകുന്ന ചിത്രം കങ്കുവയുടെ പുതിയ ട്രെയിലര്‍ റിലീസ് ചെയ്തു. സരിഗമ തമിഴിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ഒരു ദൃശ്യവിരുന്നായിരിക്കും സിനിമ എന്ന് പുതിയ ട്രെയിലര്‍ ഊട്ടിയുറപ്പിക്കുന്നുണ്ട്. ഇതുവരെ വന്ന ടീസര്‍, ട്രെയിലര്‍, പ്രൊമോകളില്‍ നിന്ന് വ്യത്യസ്തമായി പഴയ കാലഘട്ടത്തിനൊപ്പം പുതിയ കാലഘട്ടത്തിലെ രംഗങ്ങള്‍ക്കും ഈ ട്രെയിലറില്‍ പ്രധാന്യം നല്‍കുന്നുണ്ട്.
ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം വൈറലായി കഴിഞ്ഞു. ചിത്രം സൂര്യയുടെ കരിയര്‍ ബെസ്റ്റ് കളക്ഷന്‍ നേടുമെന്നാണ് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ പറയുന്നത്. '1000 കോടി ക്ലബ് തുറക്കാന്‍ സമയമായി' എന്നാണ് ഒരു ആരാധകന് ട്രെയിലറിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സിരുത്തൈ ശിവ വിസ്മയം തീര്‍ക്കുമെന്നും അഭിപ്രായങ്ങളുണ്ട്.
നവംബര്‍ 14 ന് ലോകമെമ്പാടും റിലീസിന് തയ്യാറെടുക്കുന്ന സിനിമക്ക് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 34 മിനിറ്റാണ് സിനിമയുടെ റണ്‍ ടൈം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. വലിയ പ്രതീക്ഷകളോടെയെത്തുന്ന സൂര്യ ചിത്രത്തിന് ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ആകാംക്ഷയുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ചിത്രം ത്രീഡിയിലും പുറത്തിറങ്ങും.
സിനിമ ആഗോളതലത്തില്‍ പതിനായിരത്തില്‍ അധികം സ്ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാവ് ജി ധനഞ്ജയന് പറയുന്നത്. ചിത്രം 2000 കോടി വരെ നേടുമെന്നും ധനഞ്ജയന് പറഞ്ഞിരുന്നു. തമിഴ്നാട്ടില്‍ മാത്രം 700 ഓളം സ്ക്രീനുകളില്‍ ചിത്രമെത്തും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ, ജി ധനഞ്ജയന് , യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളില്‍ സൂര്യ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടന് ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന് തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.