അതോടെ..ഞാൻ മെന്റലി ഭയങ്കര സ്ട്രെസായി; ഒന്ന് രാത്രിയാകാൻ കാത്തിരുന്ന നിമിഷങ്ങൾ; സഹിക്കാൻ കഴിയാതെ..ഓരോ മരുന്നുകൾ കഴിച്ച് തുടങ്ങി; പൊട്ടിക്കരഞ്ഞ് കൊണ്ട് വർഷ

Update: 2026-01-01 11:38 GMT

പ്രമുഖ റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലെ അവതാരക വർഷ രമേശ്, 2025 തനിക്ക് നേട്ടങ്ങളും അതേസമയം കനത്ത നഷ്ടങ്ങളുമുണ്ടായ വർഷമായിരുന്നെന്ന് വികാരനിർഭരമായി വെളിപ്പെടുത്തി. വ്യക്തിബന്ധത്തിലെ തകർച്ച, മാനസികാരോഗ്യ പ്രശ്നങ്ങൾ, വലിയ സാമ്പത്തിക നഷ്ടം എന്നിവ ഈ വർഷം നേരിട്ട പ്രധാന തിരിച്ചടികളാണെന്നും വർഷ പറഞ്ഞു.

മാനസികമായി ഏറെ ബുദ്ധിമുട്ടിയ വർഷമാണ് കടന്നുപോയതെന്ന് തുറന്നുപറഞ്ഞ വർഷ, ഉത്കണ്ഠ, ഉയർന്ന നെഞ്ചിടിപ്പ്, പാനിക് അറ്റാക്ക് തുടങ്ങിയ മാനസിക അസുഖങ്ങൾക്കായി മരുന്നുകൾ കഴിച്ചിരുന്നതായും കൂട്ടിച്ചേർത്തു. "2025 എന്നെ സംബന്ധിച്ച് വേറേതന്നെ വർഷമായിരുന്നു. എന്റെ റിലേഷൻഷിപ്പ് പൊട്ടി പാളീസായി വീണ്ടും സീറോയായ വർഷം. എന്റേതല്ലാത്ത കാരണത്താൽ, എന്റെ തെറ്റ് കൊണ്ടല്ലാതെ ഏറ്റവും കൂടുതൽ പൈസ നഷ്ടപ്പെട്ട, ചതിക്കപ്പെട്ട വർഷം," വർഷ വ്യക്തമാക്കി.


നേട്ടങ്ങളുടെയും തിരിച്ചടികളുടെയും സമ്മിശ്രതയായിരുന്നു ഈ വർഷം. ഒരുവശത്ത് സ്വന്തമായി ബിഎംഡബ്ല്യൂ വാങ്ങി, മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ ഷോയിൽ വീണ്ടും അവതാരകയായി, അത്യാവശ്യം നന്നായി സമ്പാദിച്ചു, നാലോ അഞ്ചോ രാജ്യങ്ങളിൽ യാത്ര ചെയ്തു, ആഗ്രഹിച്ച സാധനങ്ങൾ പലതും സ്വന്തമാക്കി. എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും താൻ ഒറ്റപ്പെട്ടുപോയെന്നും, വീട്ടിൽ ആരുമില്ലാതായെന്നും വർഷ പറഞ്ഞു. മറ്റുള്ളവരുമായി തന്നെ താരതമ്യം ചെയ്യാൻ തുടങ്ങിയതായും, നെഗറ്റീവ് ചിന്തകളിൽ നിന്ന് രക്ഷപ്പെടാൻ ഉറങ്ങാൻ കൊതിച്ചിരുന്ന രാത്രികളെക്കുറിച്ചും വർഷ വെളിപ്പെടുത്തി.

ഐഡിയ സ്റ്റാർ സിംഗറിന്റെ ഒൻപതാം സീസണിൽ ആദ്യമായി അവതാരകയായി എത്തിയ വർഷ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മികച്ചൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമായ വർഷയുടെ തുറന്നുപറച്ചിൽ ആരാധകരെ സങ്കടത്തിലാഴ്ത്തിയിട്ടുണ്ടെങ്കിലും, ഇത് പലർക്കും പ്രചോദനം നൽകുന്ന ഒന്നായി മാറിയിട്ടുണ്ട്.

"മുന്നോട്ട് ഓടുന്നവർക്കേ മാറ്റം ഉണ്ടാവുകയുള്ളൂ. ചായാൻ ഒരു തണലുണ്ടെങ്കിലേ ക്ഷീണമുണ്ടാകൂ, പക്ഷേ എനിക്ക് തണലില്ല," എന്ന് പറഞ്ഞുകൊണ്ട്, തനിക്ക് മുന്നോട്ട് പോകണമെന്നും 2025 തന്റെ കണ്ണുതുറപ്പിച്ച വർഷമാണെന്നും വർഷ രമേശ് കൂട്ടിച്ചേർത്തു.

Tags:    

Similar News