'ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല, ആ കുട്ടിത്തം എല്ലാ പാട്ടുകളിലുമുണ്ടായിരുന്നു'; വെങ്കിടേഷിന്റെ സംഗീതം കേട്ട് റഹ്മാന്‍ വിളിച്ചു; പ്രിയദർശന്റെ വാക്കുകൾ

Update: 2026-02-03 09:03 GMT

കൊച്ചി: മലയാള സിനിമാ സംഗീതലോകത്തിന് മറക്കാനാവാത്ത ഗാനങ്ങളും പശ്ചാത്തല സംഗീതവും സമ്മാനിച്ച സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷ് അന്തരിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. വിഖ്യാത സംഗീതജ്ഞൻ എ.ആർ. റഹ്മാൻ പോലും വെങ്കിടേഷിന്റെ സംഗീതമികവിനെ അത്ഭുതത്തോടെ നോക്കിയിട്ടുണ്ടെന്ന് സംവിധായകൻ പ്രിയദർശൻ മുമ്പൊരിക്കല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

"വെങ്കിടേഷ് ഒരു പ്രതിഭാധനനായ ഗിറ്റാറിസ്റ്റായിരുന്നു. അന്നത്തെ കാലത്ത് മിക്ക സംഗീത സംവിധായകരും ഹാർമോണിയവും തബലയും ഉപയോഗിച്ചിരുന്നപ്പോൾ, അദ്ദേഹം എല്ലാ പാട്ടുകളും ഗിറ്റാറിൽ കംപോസ് ചെയ്തത് കൗതുകമായിരുന്നു. വളരെ നിഷ്കളങ്കനായ മനുഷ്യനായിരുന്നു അദ്ദേഹം. എപ്പോഴും ഒരു ചിരി മുഖത്തുണ്ടാകും. ഇന്നേവരെ ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ആ കുട്ടിത്തം അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളിലുമുണ്ടായിരുന്നു."

സിനിമകൾക്ക് റീ-റെക്കോർഡിംഗ് നടത്തുന്നത് വലിയൊരു കലയാണെന്ന് പ്രിയദർശൻ ചൂണ്ടിക്കാട്ടി. "കണ്ടക്ട് ചെയ്യാനും നോട്ട്‌സ് എഴുതാനും ഒരുപോലെ പ്രാഗത്ഭ്യമുള്ള ഒരാൾ അന്ന് അപൂർവ്വമായിരുന്നു. ഇന്നും ഈ രണ്ട് കഴിവുകളും ഒത്തിണങ്ങിയൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.പി. വെങ്കിടേഷിന്റെ സംഗീതത്തെ എ.ആർ. റഹ്മാൻ പ്രശംസിച്ചതിനെക്കുറിച്ചും പ്രിയദർശൻ ഓർമ്മ പങ്കുവെച്ചിരുന്നു.

"ഞാൻ സംവിധാനം ചെയ്ത 'ഗർദിഷ്' എന്ന ഹിന്ദി ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് അദ്ദേഹമായിരുന്നു. ആ സിനിമയുടെ പ്രിവ്യൂ കാണാൻ എ.ആർ. റഹ്മാൻ വന്നിരുന്നു. പ്രിവ്യൂ കഴിഞ്ഞ് പിറ്റേദിവസം റഹ്മാൻ എന്നെ വിളിച്ച് ആരാണ് പശ്ചാത്തല സംഗീതം ചെയ്തതെന്ന് ചോദിച്ചു. ഓർക്കസ്ട്രേഷൻ അറേഞ്ച് ചെയ്ത രീതി അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു," പ്രിയദർശൻ വെളിപ്പെടുത്തി.

കന്നഡ സിനിമയിലൂടെ സംഗീത ജീവിതം ആരംഭിച്ച്, തെലുങ്കിലും തമിഴിലും സാന്നിധ്യം അറിയിച്ച ശേഷമാണ് എസ്.പി. വെങ്കിടേഷ് മലയാളത്തിലെത്തിയത്. പ്രിയദർശന്റെ നിരവധി സിനിമകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഹിന്ദിയിലും പ്രിയദർശൻ ചിത്രങ്ങൾക്ക് വേണ്ടി വെങ്കിടേഷ് സംഗീതമൊരുക്കിയിട്ടുണ്ട്.

Tags:    

Similar News