ഒരു ഇതിഹാസ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുമോ ?; ചർച്ചയായി പൃഥ്വിരാജിന്റെ മറുപടി; രണ്ടാമൂഴമായിരിക്കും എന്ന് ആരാധകർ
കൊച്ചി: വലിയ പ്രതീക്ഷയോടെയാണ് മോഹൻലാൽ പൃഥ്വിരാജ് കോമ്പോയുടെ ചിത്രമായ എമ്പുരാൻ റിലീസിനൊരുങ്ങുന്നത്. 27നാണ് ചിത്രം ആഗോളതലത്തിൽ റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റ പ്രമോഷൻ തിരക്കിലാണ് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. ഒരു ഇതിഹാസ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതെ എന്നായിരുന്നു പൃഥ്വിരാജിന്റ മറുപടി. അത് രണ്ടാമൂഴമായിരിക്കും എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
നേരത്തെ യോഗ്യനായ സംവിധായകനെ ലഭിച്ചാല്‍ എന്തായാലും രണ്ടാമൂഴം സിനിമയാകും എന്ന് എം ടി വാസുദേവൻ നായരുടെ മകള്‍ അശ്വതി അഭിപ്രായപ്പെട്ടിരുന്നു. ഇതുംചേര്‍ത്തുവെച്ചാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലുള്ള ഇതിഹാസ ചിത്രം രണ്ടാമൂഴം ആയിരിക്കുമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. മോഹൻലാലിനെ ഒന്നു നോക്കിയ ശേഷമാണ് ചോദ്യത്തിന് നടൻ പൃഥ്വിരാജ് മറുപടി നല്‍കുന്നതും. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. എന്തായാലും എം ടിയുടെ രണ്ടാമൂഴം മോഹൻലാലിന്റെ സിനിമയായി കാണാൻ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടന്ന് ഉറപ്പ്.
അതേസമയം, ൺലൈൻ ടിക്കറ്റ് ബുക്കിംഗില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം ബുക്കിംഗില്‍ 9.05 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ 3.1 കോടി രൂപയും നേടി. ഇന്ത്യയില്‍ മാത്രമായി അങ്ങനെ 12.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 20.25 കോടിയും നേടി. അങ്ങനെ ആഗോളതലത്തില്‍ എമ്പുരാൻ 32.4 കോടി ആകെ നേടിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഓപ്പണിംഗില്‍ 50 കോടിക്ക് മുകളിലുള്ള സംഖ്യ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമയാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.
2023 ഒക്ടോബർ 5 ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.