പുതിയ ജിഎസ്‍ടി കാറുകളെ മാത്രമല്ല രക്ഷിച്ചത്..; ടയർ വിലകളും കുറയുന്നു; വമ്പൻ പ്രഖ്യാപനവുമായി സിയറ്റ് ടയർ; അറിയാം...
കൊച്ചി: കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്കുകളിൽ വരുത്തിയ കുറവിനെ തുടർന്ന് ടയർ നിർമ്മാതാക്കളായ സിയറ്റ് ലിമിറ്റഡ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കുറച്ചു. പുതിയ ജിഎസ്ടി 2.0 പരിഷ്കാരത്തിന്റെ ഭാഗമായി ന്യൂമാറ്റിക് ടയറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനെ തുടർന്നാണ് ഈ നടപടി. ഈ നികുതിയിളവിന്റെ 100 ശതമാനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ജിഎസ്ടി നിരക്കുകളിലെ കുറവ് ട്രാക്ടർ ടയറുകൾക്കും ട്യൂബുകൾക്കും അഞ്ച് ശതമാനം ആശ്വാസം നൽകും. ജിഎസ്ടി സ്ലാബുകൾ കുറച്ചത് ടയർ വ്യവസായത്തിനും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് സിയറ്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അർണാബ് ബാനർജി പറഞ്ഞു. വാഹനങ്ങൾ സ്വന്തമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ചെലവ് കുറയ്ക്കുക മാത്രമല്ല, ടയറുകൾ മാറ്റിസ്ഥാപിക്കുന്നത് കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിലൂടെ റോഡുകൾ സുരക്ഷിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ജിഎസ്ടി കൗൺസിൽ അംഗീകരിച്ച ജിഎസ്ടി 2.0, യാത്രാ വാഹനങ്ങൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങളുടെ നികുതി നിരക്കുകളിൽ കുറവ് വരുത്തിയിരുന്നു. 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു, എന്നാൽ ഉയർന്ന എൻജിൻ ശേഷിയുള്ള വാഹനങ്ങൾക്ക് 40 ശതമാനം നികുതി തുടരും.