പുതിയ 'ബൊലേറോ'യെ കാണാൻ ലൂക്കില്ലേ?; പഴയ ആ മോഡലിൽ നിന്ന് എത്രത്തോളം വ്യത്യാസപ്പെട്ടു?; മഹീന്ദ്ര കമ്പനി പറയുന്നത് ഇങ്ങനെ
ഇന്ത്യൻ വിപണിയിൽ വർഷങ്ങളായി സ്വന്തം സ്ഥാനം ഉറപ്പിച്ച മഹീന്ദ്ര ബൊലേറോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങി. 7.99 ലക്ഷം രൂപ മുതലാണ് പുതിയ മോഡലിന്റെ വില ആരംഭിക്കുന്നത്. നിലവിലെ മോഡലിൽ നിന്ന് നിരവധി മാറ്റങ്ങളോടെയാണ് 2025 ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിയിരിക്കുന്നത്.
പുറംഭാഗത്തെ ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും, സിഗ്നേച്ചർ ബോക്സി സ്റ്റാൻഡും നിവർന്നുനിൽക്കുന്ന രൂപവും പുതിയ മോഡലിലും നിലനിർത്തുന്നു. പുതിയ 5-സ്ലാറ്റ് ക്രോം-ആക്സന്റഡ് ഗ്രിൽ, ടോപ്പ്-സ്പെക്ക് B8 ട്രിമ്മിൽ പുതിയ 16-ഇഞ്ച് അലോയ് വീലുകൾ, B6 വേരിയന്റിൽ നിന്നുള്ള ഫോഗ് ലാമ്പുകൾ എന്നിവയാണ് പ്രധാന ബാഹ്യ മാറ്റങ്ങൾ. സ്റ്റെൽത്ത് ബ്ലാക്ക് പെയിന്റ് ഓപ്ഷനും ലഭ്യമാണ്.
ഇന്റീരിയറിലാണ് മഹീന്ദ്ര കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി ഇതിലില്ല. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ട്, ഡോറുകളിൽ ബോട്ടിൽ ഹോൾഡറുകൾ, ടോപ്പ് ട്രിമ്മുകളിലെ ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ പുതിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാര്യത്തിൽ ഡ്യുവൽ എയർബാഗുകൾ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്.
എഞ്ചിനിൽ മാറ്റമില്ലാതെയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നത്. മഹീന്ദ്രയുടെ വിശ്വസനീയമായ 1.5 ലിറ്റർ, 3-സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയാണ് പുതിയ ബൊലേറോയിലും കരുത്തുപകരുന്നത്.