ഒരു നല്ല ജീവിതം സ്വപ്നം കണ്ടിറങ്ങി; ബാങ്ക് ലോൺ എടുത്ത്..തിരിഞ്ഞു പിരിഞ്ഞും നോക്കാതെ റിക്ഷയും സ്വന്തമാക്കി; എല്ലാം കഴിഞ്ഞപ്പോൾ അടുത്ത പുലിവാല്; ഒടുവിൽ സഹിക്കെട്ട് യുവതിയുടെ തീക്കളി

Update: 2026-02-07 01:17 GMT

ശിവപുരി: മധ്യപ്രദേശിലെ ശിവപുരിയിൽ, തകരാറിലായ ഇ-റിക്ഷ നന്നാക്കി നൽകാൻ ഷോറൂം അധികൃതർ വിസമ്മതിച്ചതിനെ തുടർന്ന് ലോണെടുത്ത് വാങ്ങിയ വാഹനത്തിന് നടുറോഡിൽ തീയിട്ട് യുവതി. ശിവപുരി സ്വദേശിനി ഗുഡിയ മൗർ ആണ് തന്റെ ഉപജീവനമാർഗമായിരുന്ന രണ്ടര ലക്ഷം രൂപയുടെ ഇ-റിക്ഷയ്ക്ക് പെട്രോൾ ഒഴിച്ച് തീയിട്ടത്. തിരക്കേറിയ മാർക്കറ്റിൽ നടന്ന ഈ സംഭവം നഗരത്തിൽ വലിയ പരിഭ്രാന്തിക്ക് ഇടയാക്കി.

ഗുഡിയയും ഭർത്താവ് നാരായണനും ചേർന്ന് ഏകദേശം ആറ് മാസം മുമ്പാണ് 2.5 ലക്ഷം രൂപ ലോണെടുത്ത് ഇ-റിക്ഷ വാങ്ങിയത്. മൂന്ന് കുട്ടികളടങ്ങുന്ന കുടുംബം പോറ്റാൻ കൂലിപ്പണിയിൽ നിന്നുള്ള തുച്ഛമായ വരുമാനം മതിയാകാതെ വന്നതോടെയാണ് മെച്ചപ്പെട്ട ജീവിതം തേടി ഇവർ ഈ വാഹനം വാങ്ങാൻ തീരുമാനിച്ചത്. എന്നാൽ, വാങ്ങി രണ്ട് മാസം തികയും മുമ്പേ ഇ-റിക്ഷ പണിമുടക്കി.

കഴിഞ്ഞ നാല് മാസമായി താൻ ഷോറൂമിൽ കയറിയിറങ്ങുകയാണെന്നും, വാഹനം നന്നാക്കി നൽകാൻ അപേക്ഷിച്ചിട്ടും അവർ തന്നെ ആട്ടിപ്പായിക്കുകയായിരുന്നുവെന്നും ഗുഡിയ ആരോപിച്ചു. വാഹനം പ്രവർത്തനരഹിതമായതോടെ വീണ്ടും കൂലിപ്പണിക്ക് പോകേണ്ടി വന്ന ഗുഡിയയ്ക്ക് ലോൺ തിരിച്ചടവ് വലിയ ബാധ്യതയായി മാറി. ഒടുവിൽ വണ്ടി നന്നാക്കാൻ കഴിയില്ലെന്ന് ഏജൻസി തീർത്തു പറഞ്ഞതോടെയാണ് ഈ കടുംകൈ ചെയ്തതെന്നും യുവതി പറഞ്ഞു. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച്, ഗുഡിയ ഇ-റിക്ഷയ്ക്ക് മുകളിൽ പെട്രോൾ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

അതേസമയം, ഗുഡിയയുടെ ആരോപണങ്ങൾ ഷോറൂം അധികൃതർ നിഷേധിച്ചു. ഇ-റിക്ഷയ്ക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലെന്നും, ബാറ്ററി പൊട്ടിത്തെറിച്ചതാണ് തകരാറിന് കാരണമെന്നും ഷോറൂം ഇൻചാർജ് ശുഭം ശർമ്മ അറിയിച്ചു. പൊട്ടിത്തെറിച്ച ബാറ്ററികൾ മാറ്റിനൽകുന്നതിന് കമ്പനിക്ക് വ്യവസ്ഥയില്ലെന്നും, പുതിയ ബാറ്ററി സ്വന്തം ചെലവിൽ വാങ്ങാൻ യുവതിയോട് നിർദ്ദേശിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവരമറിഞ്ഞെത്തിയ പൊലീസ് തീ അണയ്ക്കുകയും ഗുഡിയയുടെയും ഷോറൂം അധികൃതരുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ താൻ ഇതുവരെ അടച്ച തുക പൂർണ്ണമായും തിരികെ നൽകുകയോ ചെയ്യണമെന്നാണ് ഗുഡിയയുടെ ആവശ്യം. ഈ സംഭവം വാഹന കമ്പനികളുടെ സേവന നിലവാരത്തെയും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    

Similar News