ലോകത്തിലെ ഏറ്റവുംവലിയ ആർച്ച് പാലത്തിലൂടെ ചൂളം വിളിച്ചെത്തിയ തീവണ്ടികൾ; 'മാരുതി' കാറുകളുമായി കശ്മീർ ലക്ഷ്യമാക്കി യാത്ര; റെയിൽവേ ടെർമിനലിൽ അഭിമാനക്കൊടി പാറിച്ച് കമ്പനി; റോഡ് ഗതാഗതം തെരഞ്ഞെടുക്കാത്തതിന്റെ പ്രധാന കരണമിത്
ഡൽഹി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി കഴിഞ്ഞ സാമ്പത്തിക വർഷം 5.85 ലക്ഷം വാഹനങ്ങൾ റെയിൽവേ വഴി വിതരണത്തിനെത്തിച്ചതായി അറിയിച്ചു. 2024-ലെ കണക്കുകളേക്കാൾ 18 ശതമാനം വർധനവാണ് ഇത് രേഖപ്പെടുത്തുന്നത്. ഓരോ വർഷവും റെയിൽവേ വഴിയുള്ള വാഹനനീക്കം വർധിപ്പിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണിത്.
പാരിസ്ഥിതിക സൗഹൃദമായ ഗതാഗത മാർഗങ്ങൾക്ക് മുൻഗണന നൽകുന്നതിന്റെ ഭാഗമായി, 2016-ൽ 5.1 ശതമാനം മാത്രമായിരുന്ന റെയിൽവേ വഴിയുള്ള വാഹനവിതരണം 2025-ൽ 26 ശതമാനമായും 2030-31 സാമ്പത്തിക വർഷത്തോടെ 35 ശതമാനമായും ഉയർത്താനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ എം.ഡി.യും സി.ഇ.ഒ.യുമായ ഹിസാഷി തകിയൂച്ചി വ്യക്തമാക്കി.
റെയിൽവേയുടെ സൗകര്യം പ്രയോജനപ്പെടുത്തുന്നതിലൂടെ കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. ഇത് റോഡിലെ തിരക്ക് കുറയ്ക്കാനും വലിയ അളവിൽ ഇന്ധനം ലാഭിക്കാനും സഹായിക്കുന്നു. റോഡ് ഗതാഗതത്തിന് പകരമായി റെയിൽ ഗതാഗതത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാരുതി സുസുക്കി അതിന്റെ ഹരിത ലോജിസ്റ്റിക്‌സ് ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2013-ൽ ഓട്ടോമൊബൈൽ ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹന നിർമാതാക്കളും മാരുതി സുസുക്കിയായിരുന്നു.
ചെനാബ് നദിക്ക് കുറുകേയുള്ള ലോകത്തിലെ ഏറ്റവും വലിയ ആർച്ച് പാലത്തിലൂടെ കശ്മീർ താഴ്വരയിലേക്കും റെയിൽമാർഗം കാറുകളെത്തിച്ചുകൊണ്ട് മാരുതി സുസുക്കി ഈ രംഗത്ത് ഒരു നാഴികക്കല്ല് പിന്നിട്ടിരുന്നു. കശ്മീർ താഴ്വരയിലേക്ക് റെയിൽ മാർഗം വാഹനങ്ങൾ എത്തിക്കുന്ന ആദ്യത്തെ കാർ നിർമാതാക്കളായിരുന്നു മാരുതി സുസുക്കി. ബ്രെസ്സ, ഡിസയർ, വാഗൺആർ, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെ 100-ൽ അധികം യൂണിറ്റുകളുമായാണ് ആദ്യ ബാച്ച് കാറുകൾ അനന്തനാഗ് റെയിൽവേ ടെർമിനലിൽ എത്തിച്ചേർന്നത്.