ആരാണ് ഈ കൂട്ടത്തിലെ കൊമ്പൻ?; 'റെനോ'യുടെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് കമ്പനി; കാത്തിരുന്നതെന്ന് വാഹനപ്രേമികൾ
2025 ഓഗസ്റ്റ് മാസത്തെ വിൽപ്പന കണക്കുകളിൽ റെനോ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം ട്രൈബർ എംപിവി. 1,870 യൂണിറ്റുകൾ വിറ്റഴിച്ചതിലൂടെ വാർഷികാടിസ്ഥാനത്തിൽ 23.51 ശതമാനത്തിന്റെ വളർച്ചയാണ് ട്രൈബർ നേടിയത്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ കാർ എന്ന വിശേഷണത്തോടെയാണ് ട്രൈബർ വിപണിയിൽ ഇടം നേടിയിരിക്കുന്നത്.
റെനോയുടെ ജനപ്രിയ എസ്‌യുവി ആയ കിഗർ വിൽപ്പന പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. 910 യൂണിറ്റുകളാണ് ഓഗസ്റ്റിൽ വിറ്റഴിച്ചത്. വാർഷികാടിസ്ഥാനത്തിൽ 4.60 ശതമാനത്തിന്റെ വർധനവ് കിഗറിനുണ്ടായി. എന്നാൽ, റെനോ ക്വിഡിന്റെ വിൽപ്പനയിൽ കാര്യമായ ഇടിവ് സംഭവിച്ചു. 235 യൂണിറ്റുകൾ മാത്രം വിറ്റഴിച്ച ക്വിഡിന് 62.93 ശതമാനം വിൽപ്പന കുറഞ്ഞു.
ഓഗസ്റ്റ് മാസത്തിൽ റെനോയുടെ ആകെ വിൽപ്പന 3,015 യൂണിറ്റുകളാണ്. ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള ട്രൈബർ, അതിന്റെ ഫ്ലെക്സിബിൾ 7 സീറ്റർ ലേഔട്ട്, സ്റ്റൈലിഷ് ഡിസൈൻ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം കൊണ്ട് ശ്രദ്ധേയമാണ്. 72 bhp കരുത്ത് നൽകുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ട്രൈബർ ലഭ്യമാകുന്നത്. ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനും ഇതിലുണ്ട്. ബഡ്ജറ്റ് സൗഹൃദ വിലയും പ്രായോഗികതയും കൊണ്ട് ചെറുകിട, ഇടത്തരം കുടുംബങ്ങൾക്കിടയിൽ ട്രൈബർ ഒരു മികച്ച തിരഞ്ഞെടുപ്പായി തുടരുന്നു.