ഇവൻ ഇന്ത്യൻ റോഡുകളിൽ പഴകുമോ?; കണ്ടറിയണം ഇനി എന്ത് സംഭവിക്കുമെന്ന്; ഫോക്‌സ്‌വാഗൺ 'ടൈഗൺ' ഫെയ്‌സ്‌ലിഫ്റ്റ് പരീക്ഷണത്തിൽ;ആകാംക്ഷയിൽ വാഹനപ്രേമികൾ
പ്രമുഖ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ, തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ ടൈഗണിന് പ്രധാനപ്പെട്ട ഫെയ്‌സ്‌ലിഫ്റ്റ് നൽകാനൊരുങ്ങുന്നു. 2026-ൽ ഇന്ത്യൻ വിപണിയിലെത്തുന്ന പുതിയ ടൈഗൺ, കൂടുതൽ ആകർഷകമായ ഡിസൈൻ ശൈലിയോടും ADAS (Advanced Driver-Assistance Systems) പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളോടും കൂടിയാവും അവതരിപ്പിക്കുക. നിലവിൽ ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടം നടത്തുന്ന പുതിയ മോഡലിന്റെ ചിത്രങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
2021 സെപ്റ്റംബറിൽ വിപണിയിലെത്തിയ ടൈഗണിന് ഇത് ആദ്യത്തെ പ്രധാന മോഡിഫിക്കേഷനായിരിക്കും. ടൈഗൺ R-Line മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ മാറ്റങ്ങൾ വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും പ്രകടമാകും. പുനർരൂപകൽപ്പന ചെയ്ത ഗ്രില്ലും പുതിയ LED ലൈറ്റിംഗ് സംവിധാനങ്ങളും ഫെയ്‌സ്‌ലിഫ്റ്റഡ് ടൈഗണിന്റെ പ്രധാന സവിശേഷതകളായിരിക്കും.
എഞ്ചിൻ കാര്യത്തിൽ നിലവിലെ മോഡലിന് സമാനമായ ഓപ്ഷനുകൾ തന്നെയായിരിക്കും പുതിയ പതിപ്പിലും പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റർ TSI എഞ്ചിനും 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളോടെ ലഭ്യമാകും.
ഇന്റീരിയറിൽ Tiguan R-Line മോഡലുമായി സാമ്യമുള്ള ഡാഷ്‌ബോർഡ് ഡിസൈനും പുതിയ സ്ക്രീനുകളും ഉൾപ്പെടുത്തിയേക്കാം. കൂടാതെ, നിലവിലെ മോഡലിൽ ലഭ്യമല്ലാത്ത ADAS സംവിധാനങ്ങൾ പുതിയ ടൈഗണിൽ ലഭ്യമാവുന്നത് സുരക്ഷാ കാര്യങ്ങളിൽ വലിയ മുന്നേറ്റം നൽകും. ഹ്യുണ്ടായ് ക്രെറ്റ, മാരുതി സുസുക്കി വിക്ടോറിസ്, കിയ സെൽറ്റോസ് തുടങ്ങിയ എതിരാളികൾക്കെതിരെയായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് ടൈഗണിന്റെ പ്രധാന മത്സരം.