അഞ്ചാറ് മോശം സിനിമകളുടെ പേരില്‍ മോഹന്‍ലാലിനെ എഴുതി തള്ളി നിര്‍വൃതി അടയുന്നവരുടെ ശ്രദ്ധയ്ക്ക്; ബോക്‌സ് ഓഫീസ് 'ദൃശ്യ' വിസ്മയത്തിന് 11 വയസ്; പുതിയ റെക്കോഡിടാന്‍ ഒരുലാല്‍ സിനിമ തന്നെ വേണ്ടി വരും: സഫീര്‍ അഹമ്മദ് എഴുതുന്നു
ബോക്‌സ് ഓഫീസ് 'ദൃശ്യ' വിസ്മയത്തിന് 11 വയസ്
സഫീര്‍ അഹമ്മദ്
'യുഎഇ തലസ്ഥാനമായ അബുദാബിയിലെ എല്‍ഡ്‌റാഡൊ തിയേറ്ററില്‍ ഒരു ഇന്ത്യന്‍ സിനിമ ആദ്യമായി 100 ദിവസങ്ങള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു! ടൈറ്റാനിക്ക് എന്ന ഇംഗ്ലീഷ് സിനിമ മാത്രമാണ് ഈ ഇന്ത്യന്‍ സിനിമയ്ക്ക് മുമ്പ് നൂറ് ദിവസങ്ങള്‍ യുഎഇയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്'- 2014 ഏപ്രിലില്‍ പുറത്ത് വന്ന ഈ വാര്‍ത്ത വലിയ പ്രാധാന്യം നേടിയിരുന്നു. കാരണം അന്ന് വരെ കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു കാര്യമായിരുന്നു അബുദാബിയിലെ തിയേറ്ററില്‍ ഒരു ഇന്ത്യന്‍ സിനിമ 100 ദിവസങ്ങള്‍ ഓടി എന്നത്.
100 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ആ സിനിമ ഷാരൂഖ് ഖാന്റെയോ സല്‍മാന്‍ ഖാന്റെയോ ഒരു ഹിന്ദി സിനിമ ആയിരുന്നില്ല, രജനികാന്തിന്റെയോ വിജയ്യുടെയോ ഒരു തമിഴ് സിനിമ ആയിരുന്നില്ല, രാജമൗലിയുടെ ബ്രഹ്‌മാണ്ഡ തെലുങ്ക് സിനിമയും ആയിരുന്നില്ല. മറിച്ച് അതൊരു മലയാള സിനിമയായിരുന്നു, തിരശ്ശീലയില്‍ ദൃശ്യവിസ്മയം തീര്‍ക്കുന്ന മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ സിനിമയായ ദൃശ്യം!
ദൃശ്യം, ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തരിപ്പണമാക്കി മലയാള സിനിമയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട മികച്ച ഒരു സിനിമ, ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ആ സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്, ഡിസംബര്‍ പത്തൊമ്പതിന് 11 വര്‍ഷങ്ങളായി.
ദൃശ്യത്തിന് മുമ്പ് കേരളത്തില്‍ 40+ റിലീസ് തിയേറ്റുകളില്‍ 100 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരു സിനിമയെ പറ്റി കേട്ടിട്ടുണ്ടോ? 50+ തിയേറ്ററുകളില്‍ 75 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച, 70+ തിയേറ്റുകളില്‍ 50 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ഒരു സിനിമ കാണിച്ച് തരാമോ? ഇല്ല,അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതെ,ദൃശ്യത്തിന് മുമ്പ് ഇത്രയധികം തിയേറ്ററുകളില്‍ മറ്റൊരു സിനിമയും അമ്പതും നൂറും ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.
ദൃശ്യത്തിന് ശേഷമുള്ള ഈ പത്ത് വര്‍ഷ കാലയളവില്‍ വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമേ ഇത്തരത്തില്‍ വലിയ പ്രദര്‍ശന വിജയം നേടാനും സാധിച്ചിട്ടുള്ളു. മലയാള സിനിമയുടെ ഒരു നാഴികക്കല്ലാണ് ജീത്തു ജോസഫിന്റെ ദൃശ്യം എന്ന സിനിമ. ദൃശ്യം മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മികച്ച ഒരു സിനിമയും ഒപ്പം കളക്ഷന്‍ റെക്കോര്‍ഡുകളും മാത്രമല്ല, അത് വരെ അപ്രാപ്യമായ ഒരു വലിയ വിപണി കൂടിയായിരുന്നു.
കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും പിന്നെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ കുറച്ച് സിറ്റികളിലും മാത്രം മാര്‍ക്കറ്റ് ഉണ്ടായിരുന്ന,റിലീസ് ചെയ്തിരുന്ന മലയാള സിനിമയ്ക്ക് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രധാന പട്ടണങ്ങളിലും ഗള്‍ഫ് കൂടാതെ മലയാളികള്‍ ഉള്ള മറ്റു വിദേശ രാജ്യങ്ങളിലും മാര്‍ക്കറ്റ് തുറന്ന് കൊടുത്തത് ദൃശ്യത്തോട് കൂടി ആയിരുന്നു. ഹിന്ദി-തമിഴ് സിനിമകള്‍ക്ക് മാത്രം കേട്ട് ശീലിച്ച 50 കോടി ക്ലബ് എന്നത് ഒക്കെ മലയാളികള്‍ കണ്ടത്, പറഞ്ഞ് തുടങ്ങിയത് ദൃശ്യത്തിലൂടെ ആയിരുന്നു.
ദൃശ്യം,എന്താണ് ഈ സിനിമ ഇത്രമാത്രം ശ്രദ്ധിക്കപ്പെടാന്‍, വിജയം നേടാനുള്ള കാരണം? സാധാരണക്കാരന്‍ ആയ ഒരു വ്യക്തിയുടെ കഥ, ആ കഥയിലെ പുതുമയും തിരക്കഥയിലേയും സംവിധാനത്തിലേയും കെട്ടുറപ്പും പ്രധാന അഭിനേതാക്കളിലെ മിതത്വം നിറഞ്ഞ മികച്ച പ്രകടനങ്ങളും ഒപ്പം അന്നേ വരെ മറ്റൊരു സിനിമയിലും അവതരിപ്പിക്കപ്പെട്ടിട്ടില്ലാത്ത ത്രില്ലിങ്ങായ മികച്ച ക്ലൈമാക്‌സും, ഇതൊക്കെ തന്നെയാണ് ദൃശ്യം ഇത്രയേറെ വിജയം നേടാനുള്ള കാരണം.
ലോകത്ത് ഏത് സാധാരണക്കാരന്റെയും ജീവിതത്തില്‍ കൊണ്ട് പോയി പ്ലേസ് ചെയ്യാവുന്ന കഥയും, ആ കഥ പറഞ്ഞ രീതിയും കൊണ്ടാകാം ദൃശ്യം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷ സിനിമകളിലേക്കും അത് കഴിഞ്ഞ് സിംഹള, ചൈനീസ് തുടങ്ങിയ വിദേശ ഭാഷ സിനിമകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടത്. മണിച്ചിത്രത്താഴ് ഉള്‍പ്പെടെ ഒത്തിരി മലയാള സിനിമകള്‍ മുമ്പ് ഇതര ഭാഷ സിനിമകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അതാത് ഭാഷകളിലെ സിനിമ രീതികള്‍ക്ക് അനുസരിച്ച് കഥയിലോ ക്ലൈമാക്‌സിലോ വലിയ കൂട്ടിച്ചേര്‍ക്കലുകള്‍ ഒന്നും നടത്താതെയാണ് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടത്, ആ റീമേക്കുകള്‍ എല്ലാം തന്നെ പ്രേക്ഷക/നിരൂപക പ്രശംസയോടൊപ്പം പ്രദര്‍ശന വിജയം നേടുകയും ചെയ്തത് കൗതുകകരമായ കാര്യമാണ്.
ജോര്‍ജ്ജൂട്ടിടേയും കുടുംബത്തിന്റെയും കഥ തുടക്കം മുതല്‍ ഇന്റര്‍വെല്‍ വരെ ഒരു മണിക്കൂറോളം വളരെ പതിഞ്ഞ താളത്തില്‍ പറഞ്ഞ് പോകുന്ന ദൃശ്യത്തില്‍ പിരിമുറുക്കം ഉണ്ടാകുന്നതും ഗതിവേഗം മാറുന്നതും ഇന്റര്‍വെല്ലോട് കൂടിയാണ്. പിന്നീട് ക്ലൈമാക്‌സ് വരെയുള്ള ഒന്നേമുക്കാല്‍ മണിക്കൂര്‍ സിനിമയെ തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തു ജോസഫ് മുന്നോട്ട് കൊണ്ട് പോകുന്നത് പ്രേക്ഷകര്‍ക്ക് ഒട്ടും തന്നെ ഊഹിക്കാന്‍ പറ്റാത്ത തലങ്ങളിലൂടെയാണ്, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, സീറ്റില്‍ ഒന്ന് അമര്‍ന്നിരിക്കാന്‍ സമ്മതിക്കാതെയാണ്. ശരിക്കുമൊരു 'എഡ്ജ് ഓഫ് സീറ്റ് ത്രില്ലര്‍', അതാണ് ജീത്തു ജോസഫിന്റെ ദൃശ്യം.
തൊടുപുഴയില്‍ ധ്യാനത്തിന് പോയ ആഗസ്റ്റ് മാസം രണ്ടാം തിയ്യതിയും മൂന്നാം തിയ്യതിയും ഒക്കെ ജോര്‍ജ്ജൂട്ടി മറ്റ് കഥാപാത്രങ്ങളോട് പറഞ്ഞ് പറഞ്ഞ് അവരുടെ മനസില്‍ പതിപ്പിക്കുന്നതൊക്കെ എത്ര മനോഹരമായിട്ടാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിലെ ഏറ്റവും മികച്ച രംഗമായി വാഴ്ത്തപ്പെടുന്നത് അതിന്റെ ക്ലൈമാക്‌സ് രംഗമാണ്. തീര്‍ച്ചയായും അതൊരു പുതുമയുള്ള മികച്ച ക്ലൈമാക്‌സ് രംഗം തന്നെയാണ്. എന്നാല്‍ ആ ക്ലൈമാക്‌സിനോട് കിട പിടിക്കുന്ന മറ്റു ചില രംഗങ്ങള്‍ കൂടി ദൃശ്യത്തില്‍ ഉണ്ട്. അതിലൊന്നാണ് ആഗസ്റ്റ് രണ്ട് -മൂന്ന് തിയ്യതികള്‍ ജോര്‍ജൂട്ടി പുനരാവിഷ്‌കരിച്ചതാണെന്ന് ആശ ശരത്തിന്റെ ഐ.ജി കഥാപാത്രം പറയുന്ന രംഗം..എന്തൊരു മികവാണ് ആ രംഗത്തിന്, സിനിമ കാണുന്ന പ്രേക്ഷകന് വളരെയേറെ ത്രില്‍ സമ്മാനിക്കാനും ആ രംഗത്തിന് കഴിഞ്ഞു.
അത് വരെ ജോര്‍ജൂട്ടി എന്ന കഥാപാത്രത്തില്‍ ഒട്ടും തന്നെ ഹീറോയിസം തോന്നാത്ത പ്രേക്ഷകരില്‍ 'അമ്പടാ,ഇയാള് ആള് കൊള്ളാല്ലൊ' എന്ന രീതിയില്‍ ഉള്ള ഹീറോ ഇമേജ് ബില്‍ട്ട് അപ്പ് ചെയ്യാന്‍ മേല്‍പ്പറഞ്ഞ രംഗത്തിന് സാധിച്ചു. അത് പോലെ വളരെ ത്രില്‍ നല്കിയൊരു മറ്റൊരു രംഗമായിരുന്നു വരുണ്ണിന്റെ ശവശരീരം കുഴിച്ചെടുക്കുമ്പോള്‍ പശുവിന്റേത് കിട്ടുന്നത്. പശുവിന്റെ മൃതശരീരം കാണുമ്പോള്‍ എല്ലാവരും കൂടി പിന്നിലേക്ക് തിരിഞ്ഞ് ജോര്‍ജൂട്ടിയേ നോക്കുന്ന ക്യാമറ ആംഗിളും ഫ്രെയിമും, ജീത്തു ജോസഫിലെ മികച്ച സംവിധായകനെ അടയാളപ്പെടുത്തിയ ഒന്നായിരുന്നു. അത് പോലെ തന്നെ ജോര്‍ജ്ജൂട്ടി സൈക്കിളില്‍ വീട്ടിലേക്ക് വരുന്ന രംഗത്തിന്റെയും മൊബൈല്‍ ഫോണ്‍ ലോറിയുടെ മുകളിലേക്ക് എറിയുന്ന രംഗത്തിന്റെയും ഫ്രെയിമുകളും കൂടെയുള്ള പശ്ചാത്തല സംഗീതവും മനോഹരമായിരുന്നു.
വെറും നാലാം ക്ലാസ് വിദ്യാഭ്യാസം ഉള്ള, സിനിമാ ഭ്രാന്തനായ, തന്റെ കുടുംബത്തെ മറ്റെന്തിനേക്കാളും ഉപരിയായി സ്‌നേഹിക്കുന്ന, തന്റെ മകള്‍ അറിയാതെ ചെയ്ത ഒരു ക്രൈമിന്റെ പേരില്‍ അവളെ ജയിലിലേക്ക് അയക്കില്ല എന്ന് ശപഥം ചെയ്ത, ചെയ്ത ക്രൈം മറച്ച് വെയ്ക്കാന്‍ തന്റെ ബുദ്ധി ഉപയോഗിച്ച് തെളിവുകള്‍ സ്വരുക്കൂട്ടുന്ന, അത് സമര്‍ത്ഥമായി നടപ്പിലാക്കുന്ന, തന്റെ കുടുംബത്തിന് ആത്മവിശ്വാസവും ധൈര്യവും പകരുന്ന ജോര്‍ജ്ജൂട്ടി എന്ന ദൃശ്യത്തിലെ നായക കഥാപാത്രം, അത് മോഹന്‍ലാല്‍ തന്റെ മുപ്പത്തിമൂന്ന് വര്‍ഷത്തെ സിനിമ കരിയറില്‍ ചെയ്യാത്ത വ്യത്യസ്തമായ ഒരു കഥാപാത്രം തന്നെ ആയിരുന്നു.
മോഹന്‍ലാല്‍ എന്ന നടന് ഉള്ള പൊട്ടന്‍ഷ്യലിന്റെ നാലിലൊന്ന് പോലും വേണ്ട ജോര്‍ജ്ജൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്ന തോന്നിപ്പിക്കുന്ന രീതിയില്‍ വളരെ സിംപിളായിട്ടാണ്, എന്നാല്‍ മനോഹരമായിട്ടാണ് ലാല്‍ ജോര്‍ജ്ജൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ മറ്റു ഭാഷ റീമേക്കുകളിലെ നായക നടന്മാരുടെ പ്രകടനങ്ങള്‍ കാണുമ്പോഴാണ് മലയാളികളായ നമുക്ക് മനസ്സിലാകുന്നത് ജോര്‍ജ്ജൂട്ടിയെ അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന്. ഇവിടെ മോഹന്‍ലാല്‍ ചെയ്യുന്നത് കൊണ്ട് മാത്രമാണ് ജോര്‍ജ്ജൂട്ടി പോലെയുള്ള ഇത്തരം കഥാപാത്രങ്ങള്‍ അണ്ടര്‍റേറ്റഡ് ആകുന്നത്.
ജോര്‍ജ്ജൂട്ടിയെ മോഹന്‍ലാലിലാലിന്റെ സമകാലീനരായ മറ്റ് ഏതെങ്കിലും നടന്മാര്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ അതവരുടെ ഏറ്റവും മികച്ച പത്ത് കഥാപാത്രങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെട്ടേനെ. കാരണം വേണമെങ്കില്‍ കുറച്ച് ലൗഡായി സെന്റിമെന്റ്‌സ് ഭാവങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒന്നിലധികം സന്ദര്‍ഭങ്ങള്‍ ജോര്‍ജ്ജൂട്ടിക്ക് സിനിമയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ വളരെ കണ്‍ട്രോള്‍ഡ് ആയിട്ടാണ്, സറ്റില്‍ ആയിട്ടാണ് അത്തരം രംഗങ്ങളില്‍ മനോഹരമായി അഭിനയിച്ചിരിക്കുന്നത്.
വരുണ്ണിന്റെ ബോഡി എന്ത് ചെയ്തു എന്ന് റാണി ചോദിക്കുമ്പോള്‍ ഒരു നിമിഷത്തെ മൗനവും അതിന് ശേഷം 'ആ രഹസ്യം ഈ ഭൂമിയില്‍ രണ്ടാമതൊരാള്‍ അറിയില്ല, അത് എന്നോടൊപ്പം മണ്ണിലലിഞ്ഞ് ഇല്ലാതാകും' എന്ന് പറയുന്ന രംഗം, പിന്നെ സിദ്ദീക്കിന്റെ പ്രഭാകര്‍ എന്ന കഥാപാത്രത്തോട് ക്ഷണിക്കപ്പെടാത്ത അതിഥിയായി വരുണ്‍ വന്നതും ഇനി ഒരിക്കലും തിരിച്ച് വരില്ല എന്ന് ഉറപ്പോടെ ആ അതിഥിയെ ഞങ്ങള്‍ മടക്കി അയച്ചു, ഞങ്ങളോട് പൊറുക്കണം എന്ന് പറഞ്ഞ് കൈ കൂപ്പി നില്ക്കുന്ന രംഗം, ഇവയൊക്കെ മോഹന്‍ലാലിന് നല്ല പോലെ സാധ്യമാകുന്ന സൂക്ഷ്മാഭിനയത്തിന്റെ മികവും ഭംഗിയും ഒരിക്കല്‍ കൂടി സമ്മാനിച്ചവയാണ്.
ഒരു സിനിമ പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാകുന്നതില്‍, ഇഷ്ടമാകാതിരിക്കുന്നതില്‍ ആ സിനിമയുടെ ക്ലൈമാക്‌സിന് വലിയ പങ്കാണ് ഉള്ളത്..വളരെ മികച്ച രീതിയില്‍ പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറിയ സിനിമകളില്‍ ക്ലൈമാക്‌സ് മോശമായത് കൊണ്ട് അല്ലെങ്കില്‍ അത് പ്രേക്ഷകര്‍ക്ക് ഇഷ്‌പ്പെടാത്തത് കൊണ്ട് മാത്രം ബ്ലോക്ബസ്റ്റര്‍ വിജയം നേടാന്‍ പറ്റാതെ പോയ ഒട്ടനവധി സിനിമകള്‍ നമ്മുടെ കണ്‍മുന്നിലുണ്ട്..വന്ദനം,അഭിമന്യു, മൂന്നാംമുറ,ജോണിവാക്കര്‍ തുടങ്ങിയ സിനിമകള്‍ ഉദാഹരണങ്ങളാണ്..ക്ലൈമാക്‌സിന് മുമ്പ് വരെ പ്രത്യേകിച്ച് ഒന്നുമില്ലാതെ മികച്ച ക്ലൈമാക്‌സ് രംഗത്തിന്റെ പിന്‍ബലത്തില്‍ ഹിറ്റായ സിനിമകളും ഉണ്ട്..ജോമോന്‍ സംവിധാനം മമ്മൂട്ടിയുടെ ജാക്ക്‌പോട്ട് എന്ന സിനിമ ഇത്തരത്തില്‍ ക്ലൈമാക്‌സ് കൊണ്ട് രക്ഷപ്പെട്ട ഒന്നാണ്..ഏതൊരു സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്നത് എങ്ങനെ സിനിമ അവസാനിപ്പിക്കണം എന്ന് ആലോചിച്ച് തന്നെയായിരിക്കും..ദൃശ്യം സിനിമയിലേക്ക് വരുമ്പോള്‍ ആ സിനിമയേ കാണികള്‍ അങ്ങേയറ്റം ഇഷ്ടപ്പെടാന്‍ കാരണം ഒന്നര മണിക്കൂറോളം ത്രില്ലില്‍ നിര്‍ത്തിയ ശേഷം ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത തലങ്ങളിലേക്ക് കൊണ്ട് പോയ ക്ലൈമാക്‌സ് രംഗം തന്നെയാണ്.
പോലീസ്സ് സ്റ്റേഷനില്‍ ഒപ്പിട്ട ശേഷം 'സാറും ഈ പോലീസ് സ്റ്റേഷനും എന്നെ സംരക്ഷിക്കും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു' എന്നും പറഞ്ഞ് ജോര്‍ജ്ജൂട്ടി പതിയെ സ്റ്റേഷന്റെ പുറത്തേക്ക് നടക്കുന്നതും അതേ ആംഗളില്‍ തന്നെ മുമ്പ് വരുണ്ണിന്റെ ശവശരീരം പോലീസ് സ്റ്റേഷന്റെ തറയില്‍ കുഴിച്ചിട്ട ശേഷം നടക്കുന്നതും ഇടകലര്‍ത്തി കാണിച്ചത് വല്ലാത്തൊരു ഫീലാണ് സമ്മാനിച്ചത്, ശരിക്കുമൊരു ഗൂസ്ബംബ്‌സ് മൊമന്റ്..ഈ രംഗം കാതടിപ്പിക്കുന്ന മാസ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടി ഇല്ലാതെ ജീത്തു ജോസഫ് വളരെ ലളിതമായി അവതരിപ്പിച്ചത് കൊണ്ടാണ് വളരെ മനോഹരമായത്,പ്രേക്ഷകരുടെ മനസില്‍ ഇത്രയേറെ സ്പര്‍ശിച്ചത്..അതെ, മലയാള സിനിമയില്‍ ഏറ്റവും മികച്ച ക്ലൈമാക്‌സ് രംഗമുള്ള സിനിമകളില്‍ ഒന്ന് ദൃശ്യം തന്നെയാണ്, ഒരുപക്ഷേ ഏറ്റവും മികച്ചത് തന്നെയും.
കഴിഞ്ഞ 44 വര്‍ഷങ്ങളിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ഇന്‍ഡസ്ട്രി ഹിറ്റ് സിനിമകള്‍ പരിശോധിച്ചാല്‍ അവയില്‍ ഭൂരിഭാഗവും നല്ല പാട്ടുകള്‍ ഉള്ള കോമഡി/റൊമാന്‍സ് ജോണറില്‍ ഉള്ള സിനിമകള്‍ ആയിരിക്കും, അല്ലെങ്കില്‍ ആക്ഷന്‍ ജോണറിലുള്ള സിനിമകളായിരിക്കും. മണിച്ചിത്രത്താഴ് മാത്രമാണ് ഇതില്‍ നിന്നും വ്യത്യസ്തമായിട്ടുള്ളതെങ്കിലും കോമഡിയുടെ ഒരു ഫ്‌ളേവര്‍ തുടക്കം മുതല്‍ നാഗവല്ലി സസ്പന്‍സ് അറിയുന്നത് വരെ ആ സിനിമയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യം എന്ന ഇന്‍ഡസ്ട്രി ഹിറ്റ് സിനിമയിലേക്ക് വരുമ്പോള്‍ ആ സിനിമയില്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ഇല്ല, കോമഡി ഇല്ല, സ്റ്റണ്ട് ഇല്ല, നായകന് ഹീറോയിസം കാണിക്കാനുള്ള ഡയലോഗുകള്‍ ഇല്ല,അങ്ങനെ ആളുകളെ ആകര്‍ഷിച്ച്, അവരെ വീണ്ടും വീണ്ടും തിയേറ്ററുകളില്‍ എത്താന്‍ പ്രേരിപ്പിക്കുന്ന, ഒരു ഇന്‍ഡസ്ട്രി ഹിറ്റ് സിനിമയ്ക്ക് വേണ്ട കച്ചവട ചേരുവകള്‍ ഒന്നും തന്നെയില്ല..പകരം ഉണ്ടായിരുന്നത് കെട്ടുറപ്പുള്ള തിരക്കഥയില്‍ അവതരിപ്പിച്ച നല്ലൊരു സിനിമ മാത്രം. ഇത് തന്നെ ദൃശ്യത്തിനെ മറ്റ് ഇന്‍ഡസ്ട്രി ഹിറ്റ് സിനിമകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും.
ഈ ലേഖനത്തിന്റെ ആദ്യം പറഞ്ഞ പോലെ മലയാള സിനിമയുടെ വിപണി കൂടുതല്‍ തുറന്ന് കിട്ടിയതാണ് ദൃശ്യം സിനിമ കൊണ്ട് ഉണ്ടായ ഏറ്റവും വലിയ നേട്ടം. കേരളത്തിലും യു.എ.ഇ ലും കൂടാതെ ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ സിറ്റികളിലും ഒമാന്‍,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വലിയ സ്വീകരണവും വിജയവും ആണ് ദൃശ്യത്തിന് കിട്ടിയത്.
2002 ല്‍ പ്രവാസിയായ ശേഷം കുറച്ച് സിനിമകള്‍ മാത്രമേ എനിക്ക് നാട്ടിലെ തിയേറ്ററുകളില്‍ നിന്നും റിലീസ് ദിവസം കാണാന്‍ സാധിച്ചിട്ടുള്ളു. എന്നാല്‍ 2013 ഡിസംബര്‍ പത്തൊമ്പതിന് ദൃശ്യം ആദ്യം ദിവസം തന്നെ എന്റെ നാടായ കൊടുങ്ങല്ലൂരിലെ ശ്രീകാളീശ്വരി തിയേറ്ററില്‍ നിന്നും കാണാനുള്ള അവസരമുണ്ടായി. കുറച്ച് മോശം ലാല്‍ സിനിമകള്‍ക്ക് ശേഷം വന്ന ദൃശ്യം കണ്ട് നിറഞ്ഞ മനസോടെ കൈയ്യടിച്ച് കൊണ്ടാണ് ഞാന്‍ ഉള്‍പ്പെടെയുള്ള കാണികള്‍ അന്ന് തിയേറ്ററില്‍ നിന്നും ഇറങ്ങിയത്.
ദൃശ്യം റിലീസാകുന്ന സമയത്ത് സത്യം പറഞ്ഞാല്‍ ഫാന്‍സിന് ഉള്‍പ്പെടെ യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത് കൊണ്ട് റിലീസ് ദിവസം സാധാരണ ലാല്‍ സിനിമകള്‍ക്ക് ഉണ്ടാകാറുള്ള തിരക്ക് ഉണ്ടായിരുന്നുമില്ല. എന്നാല്‍ സിനിമയ്ക്ക് വന്‍ അഭിപ്രായം വന്നതോട് കൂടി അടുത്ത ദിവസം മുതല്‍ തിയേറ്ററുകളില്‍ ജനസാഗരമായി, ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ക്ക് വിശ്രമം ഇല്ലാതെയായി, മാസങ്ങളോളം ഈ തിരക്ക് തുടര്‍ന്നു, സ്ത്രീകള്‍ വരെ മണിക്കൂറുകള്‍ക്ക് മുമ്പേ വന്ന് ടിക്കറ്റിനായി ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടായി.
പിന്നെ നടന്നത് മലയാള സിനിമ ബോക്‌സ് ഓഫിസിലെ മുന്‍ക്കാല റെക്കോര്‍ഡുകള്‍ കടപ്പുഴകി വീഴുന്നതാണ്, 50 കോടി എന്ന സ്വപ്നതുല്യമായ കളക്ഷന്‍ ദൃശ്യം നേടിയെടുക്കുന്നതാണ്. ദൃശ്യം മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് നല്കിയ ഉണര്‍വ് വളരെ വലുതായിരുന്നു..
മോഹന്‍ലാലിനൊപ്പം ദൃശ്യത്തില്‍ അഭിനയിച്ച മറ്റ് പ്രധാന നടീനടന്മാരും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇതില്‍ സിദ്ദീഖ്,ഷാജോണ്‍,ആശ ശരത്ത് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്..സുജിത്ത് വാസുദേവിന്റെ ഛായാഗ്രഹണവും അനില്‍ ജോണ്‍സന്റെ പശ്ചാത്തല സംഗീതവും ദൃശ്യത്തെ മനോഹരമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.
കര്‍മ്മയോദ്ധ, ലോക്പാല്‍, ലേഡീസ് & ജെന്റില്‍മാന്‍,ഗീതാഞ്ജലി തുടങ്ങിയ യാതൊരു മേന്മയും ഇല്ലാത്ത മോശം സിനിമകള്‍ തുടര്‍ച്ചയായി വന്ന് മോഹന്‍ലാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ സമയത്താണ് 2013 ഡിസംബറില്‍ ദൃശ്യം റിലീസാകുന്നതും അത് വരെയുള്ള വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി റെക്കോര്‍ഡ് വിജയം നേടിയെടുത്തതും. ദൃശ്യം റിലീസാകുമ്പോള്‍ ഉണ്ടായിരുന്ന അതേ അവസ്ഥയിലൂടെയാണ് ഇപ്പോള്‍ വീണ്ടും മോഹന്‍ലാല്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. ഒരു സംശയവും ഇല്ല, നേരും വാലിബനും ഒഴികെ കഴിഞ്ഞ കുറച്ച് സിനിമകള്‍ വളരെ മോശം സിനിമകള്‍ തന്നെയായിരുന്നു, ലാല്‍ എന്ന നടനെയോ താരത്തെയോ ഒരു രീതിയിലും ആവശ്യമില്ലാത്ത സിനിമകള്‍.
ഇതിനെയൊക്കെ മറി കടക്കാന്‍ ഒരു മോഹന്‍ലാല്‍ സിനിമക്ക് പോസിറ്റീവ് റിപ്പോര്‍ട്ട് വരേണ്ട ആവശ്യമേ ഉള്ളു. പിന്നെ കഴിഞ്ഞ അഞ്ചാറ് മോശം സിനിമകളുടെ ബോക്‌സ് ഓഫീസ് പരാജയത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച്, എഴുതിതള്ളി നിര്‍വൃതിയടയുന്നവരുടെ ശ്രദ്ധയിലേയ്ക്ക്, ദൃശ്യം പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നേടിയ കളക്ഷനാണ് ഈ 2023 ല്‍ വന്‍ പോസിറ്റീവ് അഭിപ്രായം കിട്ടിയ ചില സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ക്ക് നേടിയെടുക്കാനായത്, അതും ദൃശ്യത്തിന് ഉണ്ടായിരുന്ന ടിക്കറ്റ് റേറ്റിന്റെ ഇരട്ടിയിലധികം ടിക്കറ്റ് റേറ്റിന്റെ പിന്‍ബലത്തില്‍,അത് മറക്കേണ്ട.
നിലവില്‍ ഇന്‍ഡസ്ട്രി ഹിറ്റ് പദവി അലങ്കരിക്കുന്ന 2018 എന്ന സിനിമയുടെ കളക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് പുതിയതൊന്ന് എഴുതി ചേര്‍ക്കാന്‍ ഒരു മോഹന്‍ലാല്‍ സിനിമ തന്നെ വേണ്ടി വരും, തീര്‍ച്ച. മോഹന്‍ലാല്‍,അയാളെക്കാള്‍ വിപണനമൂല്യമുള്ള ജനപ്രിയനായ ഒരു താരം മലയാള സിനിമ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രത്യാശയോടെ കാത്തിരിക്കുന്നു നല്ല മോഹന്‍ലാല്‍ സിനിമകള്‍ക്കായി..