അമേരിക്ക-ഇറാന്‍ യുദ്ധത്തിന് പിന്നിലെ പ്രധാന കാരണം മതം; ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് വാദിക്കുന്നവര്‍ അല്പന്മാര്‍; ഇന്ത്യ, ഇന്ത്യന്‍ ജനത, രാജ്യത്തിന്റെ പുരോഗതി അതുമാത്രമാകണം മോദി സര്‍ക്കാരിന്റെ ഫോക്കസ്: ഹരിദാസന്‍.പി.ബി.യുടെ ലേഖനം

ഹരിദാസന്‍.പി.ബി.യുടെ ലേഖനം

Update: 2026-03-09 12:33 GMT

ഹരിദാസന്‍.പി.ബി.

അമേരിക്ക -ഇറാന്‍ യുദ്ധം ചില ചിന്തകള്‍

ലേഖനത്തിന്റെ തലവാചകം യു എസ് - ഇറാന്‍ യുദ്ധം എന്നതാക്കണോ, ഇസ്രായേല്‍ - ഇറാന്‍ യുദ്ധം എന്നായിരിക്കണമോ എന്നതായിരുന്നു ഈ വിഷയം തുടങ്ങിയപ്പോള്‍ തന്നെ ഉണ്ടായ ആശയ കുഴപ്പം. നിങ്ങള്‍ ഇതെങ്ങനെ കാണുന്നു? അമേരിക്കന്‍ സാമ്രാജ്യത്വ യുദ്ധം മുതലാളിത്ത യുദ്ധം എന്നിങ്ങനെയുള്ള തലവാചകങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് വെറും വോക്ക് ബയസ് നിലപാടുകള്‍ മാത്രമാണ്. ഈ യുദ്ധം ആയിരകണക്കിന് വര്‍ഷങ്ങളായി അബ്രഹാമിക് മതങ്ങള്‍ പരസ്പരം വെട്ടികൊന്നുകൊണ്ടിരുന്നതിന്റ ഒരു തുടര്‍ച്ചമാത്രമല്ലേ. വായിക്കുക.

ഈ യുദ്ധത്തിന് പുറകില്‍ നിലനില്‍ക്കുന്ന, അന്തര്‍ഭവിച്ചിരിക്കുന്ന പല കാരണങ്ങളില്‍ ചിലത് അക്കമിട്ട് പറയുന്നതാണ് കുഴമറിച്ചിലില്ലാതെ വിശദമാക്കാന്‍ എളുപ്പം. മാനവരാശി എത്തപ്പെട്ടിരിക്കുന്ന ഒരു ട്രാജഡി എന്ന നിലയില്‍ മാത്രമാണ് പ്രാഥമികമായും ഞാനിതിനെ കാണുന്നത്. മനുഷ്യ ജീവിതം കൂടുതല്‍ കൂടുതല്‍ സൗകര്യപ്രദമാക്കി മുന്നോട്ടു പോകാന്‍ കഴിവുള്ള മനുഷ്യന്‍, ഭൂഖണ്ഡാന്തര യാത്രകള്‍ തുടങ്ങേണ്ട സാപിയന്‍സ്, എന്തുകൊണ്ടോ ഇത്തരം ഒഴിവാക്കാവുന്ന ദുരന്തങ്ങളെ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നു. നമുക്ക് ചൊവ്വയിലേക്ക്, ഗോളാന്തര യാത്രകള്‍, നടത്താന്‍ കഴിയും. പക്ഷെ ഇത്തരം ദുരന്തങ്ങളെ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയുന്നില്ല. പോരാ പലരും പക്ഷം ചേര്‍ന്ന് മരണസംഖ്യയുടെ കണക്കെടുപ്പ് നടത്തി, പക കണക്കെടുപ്പ് നടത്തുന്നു. കവി പറഞ്ഞത് പോലെ ഹാ കഷ്ടം!

യുദ്ധത്തിന്റെ കാരണങ്ങള്‍

ഈ യുദ്ധത്തിന് കാരണമായി പല വിദഗ്ധ അഭിപ്രായങ്ങള്‍ നിങ്ങള്‍ വായിച്ചുകാണും. സാമ്പത്തികം, സാമ്രാജ്യത്വം, ഹെഗമണി, എണ്ണ, ആയുധ നിര്‍മ്മാണ ലോബി എന്നിങ്ങനെ. ഇവയോടൊപ്പം പ്രധാനമായി ഒരു അന്തര്‍ലീനമായി പ്രവര്‍ത്തിക്കുന്ന കാരണമുണ്ട്. വോക്കുകള്‍ പറയാന്‍ മടിക്കുന്ന കാരണം. അത് 'മത'മാണ്. മതമാണ് മതമാണ് മതമാണ് ഈ യുദ്ധത്തിന്റെ പ്രഥമ കാരണം. പക്ഷെ ഈ പ്രധാന അന്തര്‍ലീനമായ കാരണം കേരളത്തില്‍ പലരും പറയാന്‍ മടിക്കുന്നു. ഈ യുദ്ധത്തിലെ അന്തര്‍ധാരയായി നിലനില്‍ക്കുന്ന പ്രഥമ കാരണം മതമാണ് മതമാണ് മതമാണ് എന്ന് പറയുമ്പോള്‍ പക്ഷെ അത് ഇറാന്‍ ഇസ്ലാമിക് ഖൊമേനി മതം, മാത്രമാണെന്ന് ഉദ്ദേശിക്കുന്നതേയില്ല. ഈ യുദ്ധത്തിനു പുറകില്‍ ഇവാന്‍ജെലിക്കല്‍ ക്രിസ്ത്യാനിറ്റിയുടെ പ്രച്ഛന്ന മത ബോധങ്ങള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കീ യുദ്ധം 'Gods plan' ആണ്.

അവര്‍ വൈറ്റ് ഹൗസിനുള്ളില്‍ ഹാലേലുയ്യാ പാടികൊണ്ടാണ്, വിശ്വാസ പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ടാണ് ശക്തി തേടുന്നത് എന്ന് കാണുക. ആയിരക്കണക്കിന് വര്‍ഷങ്ങളായി പരസ്പരം ഒളിഞ്ഞും തെളിഞ്ഞും അബ്രഹാമിക് മതങ്ങള്‍ തമ്മില്‍ നടന്നിരുന്ന സ്പര്‍ദ്ധയുടെ തുടര്‍ച്ചയും കൂടിയാണ് ഈ യുദ്ധം. മാനവരാശി ഇത്രയേറെ പുരോഗമിച്ചിട്ടും ഈ അഴുക്ക് ഭാണ്ഡം, മത ബോധത്തില്‍ നിലനില്‍ക്കുന്ന ഈ സ്പര്‍ദ്ധ അവര്‍ക്ക് ഇല്ലാതാക്കാന്‍ കഴിയുന്നില്ല.




വിരോധാഭാസമെന്നു പറയട്ടെ ആയിരകണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ചില പ്രവാചകന്മാര്‍ എന്ന് വിളിക്കപ്പെടുന്ന ചില ട്രൈബല്‍ നേതാക്കള്‍, ഗോത്ര തലവന്മാര്‍, ഷമാന്‍ വെളിച്ചപ്പാടുകള്‍ ഉറഞ്ഞു പറഞ്ഞ വെറും ചപല വിശ്വാസ പ്രമാണങ്ങള്‍, അപ്രമാദിത്ത സത്യങ്ങളാണെന്ന് പറഞ്ഞു പഠിപ്പിച്ചു, വിശ്വസിപ്പിച്ച് വിശ്വസിച്ച് മനുഷ്യര്‍ പരസ്പരം വേര്‍ തിരിഞ്ഞു ഈ റോക്കറ്റ് യുഗത്തിലും ആധുനിക സയന്‍സ് ഉണ്ടാക്കിയെടുത്ത ആയുധങ്ങളുപയോഗിച്ചു് യുദ്ധം ചെയ്യുന്നു. മര്‍ത്ത്യജന്മം വെറും മന്ദ ബുദ്ധി ജന്മം തന്നെ.

മതങ്ങള്‍ തമ്മിലെ യുദ്ധം

ഇത് പുണ്യ ഭൂമിയാണ് അത് ഞങ്ങളുടേതാണ് എന്ന അവകാശവാദം അബ്രഹാമിക് മതങ്ങള്‍ ഓരോരുത്തരും പുലര്‍ത്തുന്നു. ഈ മനോഹര തീരത്തിലെ, ഭൂമിയിലെ, മറ്റുഭാഗങ്ങള്‍ക്കില്ലാത്ത പുണ്യത ജെറുസലേം അടങ്ങുന്ന ലെവാന്ത് (Levant) ഭൂമിക്ക് മാത്രം അവകാശപെട്ടതാണോ? ആഫ്രിക്കന്‍ ഭൂമിക്കില്ലാത്ത, മലബാറിനില്ലാത്ത, ഇന്‍ഡോനേഷ്യന്‍ ദ്വീപസമൂഹങ്ങള്‍ക്കില്ലാത്ത എന്ത് പ്രത്യേക 'തേങ്ങാ' യാണ് ലെവാന്ത് നുള്ളത്. ഈ ഭൂമികയില്‍ നിന്ന് ജൂതനെയും ക്രിസ്ത്യാനിയേയും ഉന്മൂലനം ചെയ്യുമെന്ന് ഒരു വിഭാഗം ഇസ്ലാമിസ്റ്റുകള്‍. അതിനായി ദശാബ്ദങ്ങളായി അവര്‍ പ്രവര്‍ത്തിക്കുന്നു. അവരുടെ പുസ്തകത്തില്‍ വിശ്വസിക്കുന്ന ഓരോരുത്തരും ആ പക്ഷം ചേരുന്നു. മനുഷ്യജീവനാണ് ഇവിടെയൊക്ക ഇതിനായി ബലികൊടുക്കപെടുന്നത് എന്നതിലെ un-holiness ഇവര്‍ക്ക് കാണാന്‍ കഴിയുന്നില്ല.

മനുഷ്യജീവ നാശത്തില്‍ അവര്‍ക്ക് ഒരു അങ്കലാപ്പും കാണുന്നില്ല. വളര്‍ന്നു വരുന്ന ഓരോ അഞ്ചു വയസ്സുകാരനേയും തലമുറ തലമുറകളായി ഈ ബോധം കുത്തിവെച്ചുകൊണ്ടാണ് ആ ജനത വളര്‍ന്നുവരുന്നത്. ആ പ്രദേശങ്ങളിലെ അഞ്ചു വയസ്സുകാരന്റെ ജീവിതാഭിലാഷം എന്‍ജിനീയറാകലോ, ഡോക്ടര്‍ ആകലോ പാട്ടുകാരനാകലോ അല്ല. മറിച്ച് രക്തസാക്ഷി ആകലാണ്. അങ്ങനെയാണ് അവര്‍ വളര്‍ത്തിയെടുക്കപെടുന്നത്. അവിടങ്ങളിലെ അമ്മമാരില്‍ ചിലരുടെ ആഗ്രഹം സ്വന്തം മകന്‍ ഒരു ഷഹീദ് ആകണമെന്നാണ്. ഈ വിശ്വാസങ്ങളെയും, അതിനായി നടത്തുന്ന കൊലപാതക മരണങ്ങളെയും അവര്‍ സ്വാഭിമാന എതിര്‍പ്പുകളായി പഠിക്കുന്നു. പോരാട്ടങ്ങളായി കണക്കില്‍ പെടുത്തുന്നു.

ആ വളര്‍ത്തിയെടുക്കപെട്ട ശക്തിയാണ് ഇറാന്റെ മത പോലീസ്. ഇതംഗീകരിക്കാത്തവരെ, സ്വന്തം പൗരന്മാരെ, സാധാരണക്കാരെ, അതി ക്രരൂരമായി മര്‍ദ്ദിക്കാനും ലക്ഷകണക്കിന് മനുഷ്യരെ തൂക്കുവിധിക്കാനും, ജീവനോടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാനും ഈ 'ദിവ്യവചന' ങ്ങളില്‍ വളര്‍ത്തപ്പെടുന്നവര്‍ക്ക് കഴിയുന്നു. ഇതൊക്കെ കൂസലില്ലാതെ നടപ്പാക്കാന്‍, എതിര്‍പ്പില്ലാതെ അനുസരിക്കാന്‍ കഴിയുന്നൊരു ലോയല്‍ ഫോഴ്സ്ആയി പ്രവര്‍ത്തിക്കാന്‍, അവരുടെ മത പൊലീസിന് ഇപ്പോഴും ആളെ കിട്ടുന്നു.

ഞങ്ങള്‍ക്ക് വേറെ ഭൂമിയില്ല. ഈ ഭൂമിയില്‍ എല്ലായിടത്തും ഞങ്ങള്‍ വേട്ടയാടപ്പെടുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരിടം വേണമെന്ന് ജൂതന്മാര്‍. ഞങ്ങളുടെ ഭൂമിയിലേക്ക് ഞങ്ങള്‍ തിരിച്ചു വരുന്നു എന്ന് ജൂത ജനത. എന്തുവിലകൊടുത്തും ഞങ്ങളിനിയിത് സംരക്ഷിക്കും എന്ന് അവര്‍. പണ്ടിവരെ നമ്മള്‍ ക്രിസ്ത്യാനികള്‍ വളരെ കൊന്നൊടുക്കി. പ്രായശ്ചിത്തമായി നമുക്കിവരെ കാത്തു രക്ഷിക്കേണ്ടതുണ്ട് എന്ന് ക്രിസ്ത്യാനികള്‍. അതാണിവിടെ അന്തര്‍ലീനമായ പ്രവര്‍ത്തിക്കുന്ന മറുപക്ഷത്തിന്റെ കാരണം.




ഒരേ തൊലി നിറമുള്ള, ആഹാരരീതികള്‍ പങ്കുവെക്കുന്ന, പരസ്പരം കെട്ടിപ്പിടിച്ചും പുണര്‍ന്നും പെറ്റുകൂട്ടിയും എന്നോ ഒന്നായി മാറേണ്ടിയിരുന്ന ജനവിഭാഗങ്ങള്‍. അവര്‍ ഏതോ ചില പല ഗോത്ര തലവന്മാര്‍, ഷമാന്‍ വെളിച്ചപ്പാടുകള്‍, പ്രവാചകന്മാര്‍ എന്ന ഓമന പേരിട്ടു വിളിക്കുന്ന വെളിച്ചപ്പാടുകള്‍, പണ്ടെങ്ങോ പറഞ്ഞുവെച്ച കാര്യങ്ങള്‍ സനാതന സത്യമെന്ന് നണ്ണി പരസ്പരം വെട്ടിമരിക്കുന്നു. അതാണ് ഈ യുദ്ധം.

ഖൊമേനിമാരുടെ മിഥ്യാധാരണകള്‍

വോക്കുകള്‍ ഇത് ഇത് സാമ്രാജ്യത്വ അധിനിവേശ ശ്രമമാണെന്ന് പറയുന്നു, മുദ്രാവാക്യം വിളിക്കുന്നു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ഇറാനിയന്‍ സംസ്‌കാരത്തെ തകര്‍ക്കാനുള്ള സാമ്രാജ്യത്വ ശ്രമം എന്നൊക്കെ പറയുന്നു. ഇറാന്‍ ഒരു പുരാതന സംസ്‌കാരമാണ്. വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ്. എന്നാല്‍ ഈ സംഘര്‍ഷത്തിന് പുറകില്‍ ആ മനോഹര സംസ്‌കാരം ഒരു കാരണമായി പ്രവര്‍ത്തിക്കുന്നില്ല. അതിലിപ്പോള്‍ പ്രധാനമായി പ്രവര്‍ത്തിക്കുന്ന, അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാരണം ഞങ്ങളുടെ ദൈവമാണ് സത്യം, സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഞങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്, ഇത് ഞങ്ങളുടെ ദൈവത്തിന്റെ ഭൂമിയാണ് മറ്റുള്ളവരെ ഈ ഭൂമിയില്‍ നിന്ന് നിഷ്‌കാസനം ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ് എന്ന് വിശ്വസിക്കുന്ന ഖൊമേനിമാരുടെ മിഥ്യാ ധാരണകളാണ് ഈ യുദ്ധത്തിന്റെ ഇപ്പോഴത്തെ അന്തര്‍ധാര.




ഈ യുദ്ധത്തിനുപുറകില്‍, മതം ഒരു കാരണമാണ് എന്ന് പറയാന്‍ മടിക്കുന്നവര്‍, രണ്ട് കക്ഷികളും എടുക്കുന്ന ശപഥം ചെയ്യലുകളും ആണയിടലുകളും അവരവരുടെ ജനതയെ പ്രേരിപ്പിക്കാന്‍ ഉത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആശയങ്ങള്‍, മുദ്രാവാക്യങ്ങള്‍ വായിക്കുക. ദൈവ നാമത്തില്‍ നടത്തുന്ന അപ്പീലുകളും പ്രാര്‍ത്ഥനകളും ഒന്ന് വായിക്കുക. അത് ഇറാനിയന്‍ ഇസ്ലാമിക് പുരോഹിതന്മാര്‍ മാത്രമാണ് നടത്തുന്നതെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ തെറ്റി. ജീസസിന്റെ നാമത്തിലും സാധൂകരണങ്ങളും പ്രാര്‍ത്ഥനകളും അമേരിക്കയില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. അമേരിക്കന്‍ വൈറ്റ് ഹൗസിനുള്ളില്‍ വരെ ദൈവനാമം ആവാഹിച്ച് അനുഗ്രഹം തേടുന്നു. സെക്കുലറിസം ആണ് കേട്ടോ. ഇതൊക്കെ കാണാതെ സാമ്രാജ്യത്വം ആയുധ ലോബി മുതലായ കാരണങ്ങള്‍ മാത്രം ആരെങ്കിലും പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കില്‍ അവരെ നിങ്ങള്‍ക്ക് വിളിക്കാം വോക്ക്.

സാമ്രാജ്യത്വം

മതമാണ് ഈ യുദ്ധത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് എന്ന് പറയാന്‍ മടിക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികളുടെ ഒരു രക്ഷാകവച ഭാഷണം ആണ് സാമ്രാജ്യത്വമാണ് എന്ന പറച്ചില്‍. പ്രതികരിച്ചു എന്നുറപ്പ് വരുത്താം. ശക്തമായി പ്രതികരിച്ച ലേബല്‍ നേടാം. സുഹൃത്തേ, വോക്കുകളെ, നിങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്ന ഇറാനും ഒരു സാമ്രാജ്യത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശക്തിതന്നെയാണെന്ന് കാണാതെപോകരുത്. ബയസ് നിങ്ങളെ അന്തരാക്കുന്നു. ഇറാന്റെ പ്രവര്‍ത്തനങ്ങളില്‍ ഈ കഴിഞ്ഞ ദശകങ്ങളിലെല്ലാം ഉണ്ടായിരുന്നത് സാമ്രാജ്യത്വീ തന്നെയാണ്. സാമ്രാജ്യത്വീ 'മുതലാളിത്ത' അമേരിക്കയുടെ മാത്രം മോണോപോളി അല്ല. കേരളത്തിലെ ഇടതു പക്ഷ ബുദ്ധിജീവികള്‍ ആകെ അമേരിക്കന്‍ സാമ്രാജ്യത്വം മാത്രമേ പഠിച്ചിട്ടുള്ളു. പണ്ടെങ്ങോ സ്റ്റാലിന്‍ പഠിപ്പിച്ചതാണെന്ന് തൊന്നുന്നു. ചൈനയുടേത് സാമാജ്യത്വ പെരുമാറ്റങ്ങളല്ലേ? റഷ്യയുടേത് സാമ്രാജ്യത്ത്വ പെരുമാറ്റങ്ങളല്ലേ.

സാമ്രാജ്യത്വം എന്ന വാക്കില്‍ ദ്യോദിപ്പിക്കുന്ന ടെറിറ്റോറിയല്‍ എക്‌സ്പാന്‍ഷനിസം, അധിനിവേശ ഉദ്ദേശങ്ങള്‍ ഈ യുദ്ധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? സാമ്രാജ്യത്വം എന്ന വാക്കു ഉപയോഗിക്കുന്നവര്‍ ഒന്ന് തപ്പിപ്പോകും. ഈ യുദ്ധത്തില്‍ അധിനിവേശ ഉദ്ദേശങ്ങളുണ്ടെങ്കില്‍ അത് ഇറാന് മാത്രമാണ്. അമേരിക്കക്ക് സാമ്പത്തിക ലക്ഷ്യങ്ങളുണ്ട്. പക്ഷെ അധിനിവേശ ഉദ്ദേശം ഇതിലില്ല, ഇപ്പോഴില്ല. എന്നാലും ഒരു മുറപോലെ അമേരിക്കന്‍ സാമ്രാജ്യത്വം എന്നിങ്ങനെ വിളിച്ചു പഠിച്ചു പോയി. അത് പ്രയോഗിക്കുന്നു. ഈ യുദ്ധത്തിലെ അധിനിവേശ ലക്ഷ്യം ഒരു ഷിയാ ഇസ്ലാമിക് ലോകo ഉണ്ടാക്കിയെടുക്കാനുള്ള ലക്ഷ്യം, അത് ഇറാനാണ്. ദശാബ്ദങ്ങളായി ഇറാനിയന്‍ സാമ്രാജ്യത്വം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അതോര്‍ക്കാതെ ഒരു മുദ്രാവാക്യമായി അമേരിക്കന്‍ സാമ്രാജ്യത്വം എന്ന ഉപയോഗിച്ചു് പഠിച്ചുപോയി. അത് മുറപോലെ വിലയിരുത്താതെ പ്രയോഗിക്കുന്നു.

ഹെഗമണി

അതെ. ഈ യുദ്ധത്തിലെ അമേരിക്കന്‍ താല്പര്യങ്ങളിലൊന്ന് അമേരിക്കന്‍ ഹെഗമണി പ്രഖ്യാപിക്കലാണ്, ഉ റപ്പിച്ചെടുക്കലാണ്. ഈ യുദ്ധത്തിന് പുറകില്‍ അന്തര്‌ലീനമായി നിലനില്‍ക്കുന്ന ഇനിയൊരു പ്രധാന കാരണം 'വൈറ്റ് സുപ്രീമസിസ്റ്റ് ഹെഗമണി' ആണ്. എന്താണത്? നമ്മളത് വായിക്കുന്നത് 'അമേരിക്ക ഫസ്റ്റ്' എന്ന മാനസികാവസ്ഥ ആയിട്ടാണ്. വളരെ കോംപ്ലക്‌സ് ആയി അമേരിക്കന്‍ മനസ്സില്‍ കിടക്കുന്നൊരു മാനസികാവസ്ഥയാണത്. വിശദീകരിക്കാന്‍ എളുപ്പമല്ല. അമേരിക്കയെ പ്രതി അവര്‍ കൊണ്ടുനടക്കുന്ന ഒരു ഹയര്‍ എന്‍ഡ് പ്രൈഡ്. എന്താണത്? ഉദാഹരണമായി ഓരോ ചൈനക്കാരനും അവന്റെ സംസ്‌കാരത്തെ പ്രതി വളരെ അഭിമാനിയാണ്. ജപ്പാന്‍കാരനും അതുപോലെ തന്നെ. ഫ്രഞ്ച് കാരനും ജെര്‍മന്‍കാരനും ഒട്ടുമിക്ക രാജ്യങ്ങളിലെ ജനതക്കും ഏറിയും കുറഞ്ഞും ഇതുണ്ട്. പക്ഷെ അമേരിക്കകാരന്, അമേരിക്കന്‍ ഭരണവര്‍ഗ്ഗത്തിലുള്ളവര്‍ക്ക് പ്രത്യേകിച്ചും, ഒരു ഈഗോ കലര്‍ന്ന അഭിമാനം വലിയ തോതില്‍ നമ്മള്‍ വായിക്കുന്നു.



അമേരിക്ക ഈസ് ഗ്രേറ്റ്. ഞങ്ങള്‍ ആണ് ലോക സമാധാനത്തിന്റെ സൂക്ഷിപ്പുകാര്‍. അതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ചില അവകാശങ്ങളൊക്കെ വേണം. അത് ഞങ്ങള്‍ നടപ്പാക്കും. അന്താരാഷ്ട നിയമങ്ങള്‍ ഈ അവകാശങ്ങള്‍ അനുവദിക്കുന്നതായിരിക്കണം. ആ നിയമങ്ങള്‍ ഞങ്ങള്‍ പറയുന്നതായിരിക്കും, വ്യാഖ്യാനിക്കുന്നതായിരിക്കും. മറ്റുള്ളവര്‍ അനുസരിക്കുക. എന്നൊക്കെയുള്ളരു ധാര്‍ഷ്ട്യം. അതവര്‍ കൂസലില്ലാതെ നടപ്പാക്കുന്നു. ലോക ക്രമങ്ങള്‍ ഇപ്പോള്‍ ഈ അമേരിക്കന്‍ കേമത്തം അനുവദിച്ചുകൊണ്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. ട്രംപ് അത് ആസ്വദിക്കുന്നു, അഭിമാനിക്കുന്നു, തുടര്‍ന്നും നിലനിര്‍ത്തികൊണ്ടുപോകാന്‍ ശ്രമിക്കുന്നു. അതിന് അവര്‍ക്ക് കഴിയുന്നതിന് പല കാരണങ്ങളുണ്ട്.

അമേരിക്കയുടെ അപ്രമാദിത്വം

ഒന്ന് ശീത യുദ്ധം ഇപ്പോളില്ല. അമേരിക്കയുടെ അപ്രമാദിത്വം എതിര്‍ക്കാന്‍ ഇപ്പോള്‍ വേറെ ഒരു ലോക രാജ്യത്തിനും ശേഷിയില്ല. റഷ്യ വളരെ ദുര്‍ബ്ബലമാണ്. ഈ റഷ്യന്‍ ദൗര്‍ബല്യം പക്ഷെ കമ്മ്യൂണിസം അവസാനിച്ച കാലത്തെ സാമ്പത്തിക ദുര്‍ബ്ബലത അല്ല. ഇപ്പോഴത്തെ റഷ്യയുടെ ഒരു പ്രധാന ദൗര്‍ബല്യം അവര്‍ക്ക് ഇനിയൊരു യുദ്ധമുണ്ടായാല്‍ പടപ്പുറപ്പാടിന് പ്രവര്‍ത്തിക്കാന്‍ ആവശ്യത്തിന് യുവാക്കളില്ല. യുക്രൈന്‍ - റഷ്യ യുദ്ധത്തില്‍ അവര്‍ക്ക് യുവാക്കള്‍ ഒരു പാട് നഷ്ടപ്പെട്ടു. According to the General Staff of the Armed Forces of Ukraine, as of March 6, 2026, the total Russian perosnnel losses are estimated at approximately: 1,271,350 (includes killed and wounded). UK Ministry of Defence estimates total casualties surpassed 1.2 million by late 2025. അവര്‍ക്കിപ്പോള്‍ മനുഷ്യ ശേഷി ഇല്ല. കുറെ അണുവായുദ്ധങ്ങളുണ്ട്. അത് പക്ഷെ ഭൂഗര്‍ഭങ്ങളില്‍ ഇരിക്കുകയെ ഉള്ളു. അതുകൊണ്ട് റഷ്യയിപ്പോള്‍ ചില പ്രസ്താവനകള്‍ നടത്തി പ്രതീകാല്മക പിന്‍ബലം വാഗ്ദാനം നല്‍കി ഇരിക്കുകയെ ഉള്ളു. ചൈന ആണെങ്കില്‍ അവരുടെ സാമ്പത്തിക പ്രതിസന്ധികളില്‍ കിടന്നുഴലുകയാണ്. ഇപ്പോള്‍ ഒരു യുദ്ധത്തിനിറങ്ങിയാല്‍ ഇന്‍ഫ്ളേഷന്‍ തൊഴിലില്ലായ്മ ഇവ ഇറക്കുമതി ചെയ്യുക ആയിരിക്കും ഫലം. ഞങ്ങള്‍ ആയുധം തന്ന് സഹായിക്കാം നിങ്ങള്‍ നിങ്ങളുടെ യുദ്ധം നന്നായി ചെയ്യുക എന്നതാണ് ചൈനയുടെ നിലപാട്.

പോരാ. അമേരിക്കയെ പോലെ ഒരു ഹെഗമണി, ഒരു ലോക പോലീസ്, ഉള്ളതുകൊണ്ടാണ് ഈ ലോകം പുരോഗമിച്ചു് സമാധാനപൂര്‍വ്വം മുന്നോട്ടുപോകുന്നത് എന്നതാണിതിലെ വിരോധാഭാസം. കെറുവിച്ചിട്ട് കാര്യമില്ല. ലോക പോലീസ് ഒരു കൊള്ളിവാക്ക് ആണ്. പക്ഷെ ലോകത്തിന് ഒരു പോലീസ് അത്യന്താപേക്ഷിതമാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അമേരിക്ക എന്ന ലോക പോലീസും അവരുടെ ലോകാന്തര ബേസുകളും മിലിറ്ററി പവറും ഈ ലോകം ഇങ്ങനെപോകാന്‍ ഒരാവശ്യമാണ്. അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുന്ന ഖൊമേനി ഭരണകൂടങ്ങള്‍, ജനതയെ കന്നാലികളെ പോലെ കൈകാര്യം ചെയ്യുന്ന കിം ഇല് സുങ് മാരും ഇവിടെ പലരുണ്ടാകും. അവര്‍ അവരുടെ ഇസ്ലാമിക്, അല്ലെങ്കില്‍ 'കമ്മ്യൂണിസ്റ്റ്' ഭരണക്രമം ലോകത്ത് .വ്യാപിപ്പിക്കും. പരസ്പരം ആധിപത്യത്തിനായി പൊരുതും. ലോകം ഇന്നത്തേതിലധികം കലുഷമായിരിക്കും. മാനവരാശിയുടെ ഇന്നത്തെ പുരോഗതിക്ക് നമ്മള്‍ അമേരിക്ക കാരനോട് നന്ദി പറയേണ്ടിയിരിക്കുന്നു.

ലോകം എന്നും ബലവാന്മാരുടെ കീഴിലെ വാഴുന്നുള്ളു. ബലവാന്മാര്‍ പറയുന്നതുപോലെ നടക്കുന്നു. അതിരുകളില്ലാത്ത, 'Into that heaven of freedom, my Father, let my country awake' എന്നൊക്കെ കവിതകള്‍ എഴുതി നടക്കാം. പക്ഷെ ഹോമോ സാപിയന്‍സ് ന് രൂപപരിണാമം നടക്കാത്തിടത്തോളം ഇതിങ്ങനൊക്കെയെ നടക്കൂ. അത് മനസ്സിലാക്കി ഇന്ത്യക്കാരുടെ ഉന്നമനത്തിനായി നടന്നാല്‍ ഇന്ത്യക്ക് നല്ലത്.

 



സാമ്പത്തിക താല്പര്യങ്ങള്‍

അമേരിക്കയുടെ സാമ്പത്തിക താല്പര്യങ്ങള്‍ ഈ യുദ്ധത്തില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നൊന്നും മേല്പറഞ്ഞതില്‍ ഉദ്ദേശിക്കുന്നില്ല. ഒരു കാര്യത്തിനും ഒരേ ഒരു കാരണം എന്നൊന്നില്ല. പ്രത്യേകിച്ചും ജിയോ പൊളിറ്റിക്സില്‍. എന്തൊക്കെയാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ ഇക്കാര്യത്തിലെ സാമ്പത്തിക താല്പര്യങ്ങള്‍?. എണ്ണ? അമേരിക്കക്ക് ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഖനികളില്‍ വലിയ ടെറിറ്റോറിയല്‍ താല്പര്യങ്ങളൊന്നുമില്ല. ഇറാനിയന്‍ ഭൂപ്രദേശം അധിനിവേശിച്ചു് എണ്ണ കൈക്കലാക്കി അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമൊന്നും അവര്‍ക്കില്ല. യുസ് അവര്‍ക്കാവശ്യമായത്ര എണ്ണ സ്വയം ഉത്പാദിപ്പിക്കുന്നുണ്ട്. അവര്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം കൂടിയാണ്. ഇവിടെയാണ് അമേരിക്കയുടെ സാമ്പത്തിക താല്പര്യം ഉടലെടുക്കുന്നത്.. ലോക മാര്‍ക്കെറ്റില്‍ എണ്ണ വില താഴാതെ നോക്കുക എന്നത് അവരുടെ വലിയ താല്‍പര്യങ്ങളിലൊന്നാണ്. എണ്ണ വിറ്റിട്ട് വേണം അവര്‍ക്ക് അവരുടെ കട ബാധ്യതകള്‍ നിയന്ത്രിക്കാന്‍. ഇല്ലെങ്കില്‍ അവരുടെ ഇക്കണോമി ഇന്‍ഫ്‌ളേഷന്‍ കൊണ്ട് പൊറുതിമുട്ടുo. അവരുടെ ഷെയില്‍ ഗ്യാസ് ഉത്പാദനം ഒരു മിനിമം ഉല്പാദന ചിലവിന് മുകളില്‍ മാത്രമേ ബ്രേക്ക് ഈവന്‍ ആകുകയുള്ളു. എണ്ണ വില ബാരലിന് 60 ഡോളറിനു താഴെ പോയാല്‍ (ഗൂഗിള്‍ സെര്‍ച്ച്) അവരുടെ ഷെയില്‍ ഗ്യാസ് ഉത്പാദനം നഷ്ടത്തിലാകും. ഷെയില്‍ ഗ്യാസ് കമ്പനികള്‍ ഇറക്കിയ കടപ്പത്രങ്ങള്‍ 'Junk Bonds' ആയി മാറും. ('The sector has total outstanding bond and loan borrowing of $353 billion; osme 36% of this, or $128 billion is sub-investment grade or junk debt).

അവര്‍ വെനസ്വേലയെ അധിനിവേശിച്ചു് എണ്ണ നിയന്ത്രണത്തിലാക്കി. ഇന്ത്യയോട് റഷ്യന്‍ എണ്ണ വാങ്ങരുതെന്ന്, ഇന്ത്യയുടെ കൈപിടിച്ച് തിരിച്ചു്, ഉറപ്പിച്ചു. ഇറാന്‍-ഗള്‍ഫ് എണ്ണ വില കൂടി നിയന്ത്രിക്കുന്നതോടുകൂടി അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. ഇറാന്റെ ഇസ്ലാമിക് ക്രൂരതകള്‍ തടയിട്ടു എന്ന സല്‍പ്പേരും ലഭിക്കുന്നു. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം.

ഇവിടെ എണ്ണ വില ഒരു പരിധിയില്‍ കൂടാതെ നില്‍ക്കേണ്ടതും അവരുടെ ആവശ്യമാണ്. അവര്‍ക്ക് ഉപയോഗിക്കാനല്ല. എണ്ണ വില വല്ലാതെ കൂടി ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കുപോയാല്‍, അല്ലെങ്കില്‍ ലോകത്തിലെ പല രാജ്യങ്ങളും ഇന്‍ഫ്ളേഷനിലേക്ക് പോയാല്‍, ഒടുവില്‍ ആ ഇന്‍ഫ്ളേഷന്‍ അമേരിക്കന്‍ തീരത്ത് ചെന്നെത്തും. അല്ലാതെ തന്നെ ഈ കാണുന്ന പ്രകടന പരതക്കകത്തു അമേരിക്കന്‍ ഇക്കണോമി വളരെ ദുര്‍ബ്ബലമാണ്. കാഴ്ചക്ക് പൊടിപ്പും തൊങ്ങലുമുണ്ടെങ്കിലും അമേരിക്കന്‍ എക്കണോമി ഈസ് സ്ട്രക്ച്ചറലി വീക്ക്. ഈ ധാരണ മനസ്സില്‍ വെച്ചുകൊണ്ട് മാത്രമേ അവരുടെ എല്ലാ ജിയോ പൊളിറ്റിക്കല്‍ നീക്കങ്ങളും നടത്തുകയുള്ളു. ഇപ്പോള്‍ അമേരിക്ക ഈസ് ഗ്രേറ്റ് എഗൈന്‍ ആയിരിക്കുന്നത് അവരെ ചാലന്‍ജ് ചെയ്യാന്‍ വേറൊരു ശക്തിക്കും കഴിവില്ലാത്തതുകൊണ്ടാണ്.

ഈ യുദ്ധം ഇറാന്‍ കാരന് കുറച്ച് വര്ഷങ്ങളിലേക്കു, കുറച്ചു മാസങ്ങളിലേക്കെങ്കിലും, ദീര്‍ഘിപ്പിക്കാമെങ്കില്‍ അമേരിക്കയുടെ ബ്രവാടോ ചീട്ടുകൊട്ടാരം പോലെ വീഴും. അന്ന് പക്ഷെ ലോക രാജ്യങ്ങള്‍ പലതിനെ, ഇന്ത്യയടക്കം പല രാജ്യങ്ങളുടെയും ഇക്കണോമിയെ അത് കാര്യമായി ബാധിക്കും. എന്തൊക്കെ പറഞ്ഞാലും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയാണ് ലോക ഇക്കണോമിയുടെ എന്‍ജിന്‍.

ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയോ?

അമേരിക്കയെ യുദ്ധത്തിലൂടെ തറപറ്റിക്കുക എന്നൊരവസ്ഥ ഇല്ല. അമേരിക്കന്‍ ഇക്കണോമിയെ ഉലയ്ക്കാം എന്നത് സാധ്യമാണ്. അതില്‍ വിജയിച്ചാല്‍ അമേരിക്ക ഭയക്കുകയും ചെയ്യും. ഇതിനിടക്ക് ഇന്ത്യ ട്രംപിന് കീഴടങ്ങി, ഇന്ത്യ പ്രതികരിക്കാതിരിക്കുന്നത് കീഴടങ്ങലാണ്, ശരിയുടെ ഭാഗത്ത് പക്ഷം പിടിക്കണം മുതലായ വാചാടോപങ്ങളുമായി നിങ്ങള്‍ക്ക് പലരെയും കാണാം. അല്പന്മാര്‍ എന്നേ പറയേണ്ടു. ഈ അല്പന്മാര്‍ ലോക ജിയോ പൊളിറ്റിക്സ് വായിച്ചെടുക്കുന്നത് നാട്ടിലെ തല്ലുകൂടല്‍ നിലവാരത്തിലാണ്.

ഇറാന്‍ NPT യില്‍ ഒപ്പിട്ട രാജ്യമാണ് എന്നിട്ടും ന്യൂക്ലിയര്‍ സംപുഷടീകരണം നടത്തുന്നു അതുകൊണ്ടു അത് തടയാന്‍ ആണ് അമേരിക്ക ഇറനില്‍ ബോംബിടുന്നത് എന്നുള്ളതൊക്കെ വാചോടോപങ്ങള്‍ മാത്രമാണ്. NPT ഒപ്പിട്ടിട്ടില്ലെങ്കിലും ന്യൂക്ലിയര്‍ പദ്ധതികളുമായി ഇറാന്‍ മുന്നോട്ടുപോയാല്‍ പുതിയ കാരണങ്ങള്‍ കണ്ടുപിടിച്ചു് അമേരിക്ക ഇറാനെ ബോംബിടുകതന്നെ ചെയ്യും. ജൂതന്മാര്‍ ഇല്ലാതാകുന്നതുവരെ യുദ്ധം ചെയ്യുക എന്ന് വിശ്വസിക്കുന്ന മത നേതാക്കളും ഇനിയൊരു ഹോളോകാസ്റ്റ് വരുന്നതുവരെ ഇരുന്നു കൊടുത്തുകൂടാ, അത് മുന്‍കൂട്ടി തടഞ്ഞിരിക്കണം എന്ന് തീരുമാനിച്ച ഒരു ജൂതരാഷ്ട്രവും തമ്മിലുള്ള യുദ്ധമാണിത്. ജൂതന്മാരാണ് നമുക്ക് ബൈബിള്‍ തന്നത് ജൂതന്മാരാണ് നമുക്ക് നമ്മുടെ മിശിഹയെ തന്നത് അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന് കരുതുന്ന ഒരു ക്രിസ്ത്യന്‍ അമേരിക്കന്‍ രാജ്യവും തമ്മിലുള്ള യുദ്ധമാണിത്. തങ്ങളുടെ ഹെഗമണി, സാമ്പത്തിക താല്പര്യങ്ങള്‍, തങ്ങളുടെ ഹെഗമണിക്ക് തടസ്സം നില്‍ക്കുന്ന ചൈനയെയും റഷ്യയെയും ഒതുക്കാന്‍ ഒരവസരവും എന്ന താണിതിലെ അമേരിക്കന്‍ താല്പര്യം.ആയിരകണക്കിന് വര്ഷങ്ങളായി സെമറ്റിക് മതങ്ങള്‍ പരസ്പരം നടത്തിക്കൊണ്ടിരിക്കുന്ന സ്പര്‍ദ്ധയുടെ പുതിയ മുഖമാണിത്.

ഇറാനെ ഒതുക്കി കഴിഞ്ഞാല്‍ ഡോളറിനു പകരം കറന്‍സി ഇറക്കാന്‍ കൂട്ടുനില്‍ക്കുന്ന ഇന്ത്യക്കെതിരെ അമേരിക്ക തിരിയും. അവരുടെ ഫോക്കസ് ഇന്ത്യയെ ഒതുക്കല്‍ ആയി മാറും. ഡോളര്‍ എന്ന കറന്‍സിയെ, ലോക വ്യാവഹാരിക കറന്‍സിയായി നിലനിര്‍ത്താന്‍ അവര്‍ എന്ത് വിലകൊടുത്താണെങ്കിലും ശ്രമിക്കും. കാരണം ലോക ഡോളര്‍ വ്യാവഹാരിക കറന്‍സി അല്ലാതെ എന്നാകുന്നുവോ അന്ന് അമേരിക്ക സാമ്പത്തിക മായി പതിക്കും . ഇന്‍ഫ്ളേഷന്‍ കയത്തില്‍ മുങ്ങും. അത് കാലങ്ങള്‍കൊണ്ടേ സംഭവിക്കുകയുള്ളൂ. പക്ഷെ അമേരിക്ക അതിനെ പ്രതി അങ്കലാപ്പിലാണ്. എന്തുവിലകൊടുത്തും അതവര്‍ തടയാന്‍ നോക്കും.

പ്രിയ മോദിജി, വിശ്വഗുരു ലക്ഷ്യങ്ങളൊന്നും ഇവിടെ വേണ്ട. കുറഞ്ഞത് മൂന്നു നാല് നൂറ്റാണ്ടുകളായി പട്ടിണിയിലും പരിവട്ടത്തിലും അധീനപ്പെട്ടും ജീവിച്ചൊരു രാജ്യമാണ് നമ്മളുടേതു. ഈ രാജ്യം പതിയെ അതിന്റെ ചുവടുകള്‍ ഉറപ്പിച്ചു തുടങ്ങി വരുന്നതേയുള്ളു. ഇസ്രയേലിനൊപ്പം നില്‍ക്കുക, ഇറാനൊപ്പം നില്‍ക്കുക, ധര്‍മത്തോടൊപ്പം നിലക്കുക മുതലായ 'വിദഗ്‌ദോപദേശങ്ങള്‍' അവഗണിക്കുക. ഇന്ത്യക്കും ഇന്ത്യക്കാരനും ഗുണകരമായതെന്തോ അതാകട്ടെ നമ്മുടെ നയം. അപ്പുറത്തുള്ള പക്ഷങ്ങളില്‍ ഒന്ന് വൈറ്റ് സുപ്രീമസിസ്റ്റ് ഈസ്റ്റ് ഇന്ത്യ കമ്പനി മാനസികാവസ്ഥയുള്ള അമേരിക്കയാണ്. 'US will not make the same mistakes with India' എന്നതാണവരുടെ ഉള്ളിലിരിപ്പ്. മറ്റേത് ലോകം മുഴുവന്‍ ഏതു വിധേനയും ഒരു ഇസ്ലാമിക് കാലിഫേറ്റ്‌ന് കീഴില്‍ കൊണ്ടുവരണം എന്ന് വിശ്വസിക്കുന്ന പക്ഷവും. ഈ കലുഷിതമായ നിര്‍ണ്ണായകമായ കാലഘട്ടം തരണം ചെയ്യുക എന്നതാകട്ടെ നമ്മുടെ പക്ഷം. ഒരു യുദ്ധത്തില്‍ പിന്മാറ്റങ്ങളും പതിയിരിക്കലുകളും ആവശ്യമാണ്. ഇന്ത്യ ഇന്ത്യന്‍ ജനത രാജ്യത്തിന്റെ പുരോഗതി അതുമാത്രമാകട്ടെ നിങ്ങളുടെ ഫോക്കസ്.

Tags:    

Similar News