അറബ് വസന്തത്തിന്റെ ശേഷിപ്പുകള്‍; നിലംപൊത്തിയത് സുന്നി ഭൂരിപക്ഷ രാജ്യത്തെ ഷിയാ സര്‍ക്കാര്‍; സിറിയയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കയില്‍
സിറിയ കാലിടറിയത് ഷിയാ - സുന്നി വിഭാഗീയതയാല്‍
മനുജ മൈത്രി
2011-ല്‍ ആരംഭിച്ച സിറിയന്‍ ആഭ്യന്തരയുദ്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ സംഘട്ടനങ്ങളില്‍ ഒന്നാണ്. കേവലം 11 ദിവസങ്ങള്‍കൊണ്ടാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഭരണകൂടം സിറിയയില്‍ നിലംപതിച്ചത്. രാഷ്ട്രീയവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ടെങ്കിലും സിറിയന്‍ യുദ്ധത്തില്‍ ഏറ്റവും പ്രധാനവും, എന്നാല്‍ അധികമാരും ചര്‍ച്ച ചെയ്യാത്ത വിഷയമാണ് പ്രശ്‌നങ്ങളിലെ ഷിയാ സുന്നി വിഭാഗീയത. സിറിയ കൂടുതല്‍ മതമൗലികവാദകളുടെ കൈയിലേക്ക് പോവുകയും, സുന്നി തീവ്രവാദ ഇസ്ലാമിക രാഷ്ട്രമാവുകയുമാണ് ചെയ്യുന്നത്. ആ രാജ്യത്തെ പത്തുശതമാനം വരുന്ന ക്രിസ്ത്യാനികളുടെയും, 13 ശതമാനം വരുന്ന ഷിയാ മുസ്ലീങ്ങളുടെയും അവസ്ഥ ഇനി കണ്ടറിയേണ്ടതുണ്ട്.
സിറിയന്‍ കലാപം തുടക്കത്തില്‍ അറബ് വസന്തത്തിന്റെ ഭാഗമായി തന്നെയുണ്ടായതാണ്. ജനാധിപത്യ പരിഷ്‌കാരങ്ങള്‍, പട്ടാള ഭരണം, പ്രസിഡന്റ് ബഷാര്‍ അല്‍-അസാദിന്റെ കീഴിലെ അഴിമതി, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം എന്നിവയ്‌ക്കെതിരെയാണ് സിറിയയില്‍ പ്രതിസന്ധികളുണ്ടാകുന്നത്. രാജ്യത്തെ സുന്നി ഭൂരിപക്ഷവും ഭരണകക്ഷിയായ അലവൈറ്റ് (ഷിയ ഇസ്ലാമിന്റെ മറ്റൊരു രൂപം) പക്ഷവും തമ്മിലുള്ള ഭിന്നത ആയിരുന്നു ഏറ്റവും തീവ്രമായ വിഷയം. രാജ്യത്തെ ഭരണവും, ആധിപത്യവും പുലര്‍ത്തുന്ന അസദിന്റെ സര്‍ക്കാരിനെതിരെ, സിറിയയിലെ ജനസംഖ്യയുടെ ഭൂരിഭാഗമായ സുന്നികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു.
സുന്നി രാജ്യത്തെ ഷിയാ സര്‍ക്കാര്‍
സുന്നി ഭൂരിപക്ഷ സിറിയയില്‍ എങ്ങനെ ഷിയാ ഭരണകൂടം എത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സിറിയ പോലുള്ള സുന്നി ഭൂരിപക്ഷ രാജ്യത്ത്, ഷിയാ-അനുയോജ്യമായ അലവിറ്റ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയത് പ്രധാനമായും ചരിത്രപരവും രാഷ്ട്രീയപരവും, ഇതിനൊക്കെ ഇന്ധനം പകര്‍ന്ന കൊളോണിയല്‍ കാലത്തെ ചരിത്രപരമായ കാര്യങ്ങളുമുണ്ട്. ഷിയാ ഇസ്ലാമിനുള്ളിലെ ന്യൂനപക്ഷ വിഭാഗമാണ് അലവൈറ്റുകള്‍, സിറിയന്‍ രാഷ്ട്രീയത്തില്‍ അവരുടെ കടന്നുവരവ് ആരംഭിച്ചത് ഫ്രഞ്ച് കോളനിവത്കരണത്തിന്റെ (19201946) കാലത്താണ്. അതായത് ആധുനിക സിറിയയുടെ രൂപീകരണത്തോടെയാണ്. ഫ്രഞ്ച് മാന്‍ഡേറ്റ് സമയത്ത്, സുന്നി ഭൂരിപക്ഷത്തേക്കാള്‍ കൊളോണിയല്‍ ഭരണാധികാരികളോട് കൂടുതല്‍ വിശ്വസ്തരായതിനാല്‍ ഫ്രഞ്ച് അധികാരികള്‍ അവരുടെ കൊളോണിയല്‍ സൈനിക സേനയെ നിയമിക്കാന്‍ അലവികള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ആശ്രയിച്ചിരുന്നു. നിരവധി അലവൈറ്റുകള്‍ സൈന്യത്തില്‍ പ്രവേശിച്ചു, അത് രാഷ്ട്രീയ സ്വാധീനത്തിനുള്ള വഴിയായി. കാലക്രമേണ, സായുധ സേനയുടെ മേല്‍ അവര്‍ക്ക് കാര്യമായ നിയന്ത്രണം ലഭിച്ചു, അത് പിന്നീട് രാഷ്ട്രീയ നേതൃത്വത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഇതിനൊക്കെപ്പുറമെ, 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ സ്ഥാപിതമായ ബാത്ത് പാര്‍ട്ടിയുടെ മതേതര, സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രം, അറബ് ദേശീയതയ്ക്കും സോഷ്യലിസത്തിനും അനുകൂലമായി രൂപീകരിക്കപ്പെട്ടു. മതേതരമുഖം, പുരോ?ഗമനം എന്നൊക്കെയുള്ള തോന്നിപ്പിക്കലുകള്‍ തന്നെയാണ് ജനകീയ മുഖമാകാന്‍ ബാത്ത് പാര്‍ട്ടിക്ക് സാധിച്ചത്. 1963-ലാണ് സിറിയയില്‍ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാര്‍ട്ടി അധികാരത്തില്‍ വന്നത്. അന്നത്തെ അട്ടിമറിയില്‍ നിര്‍ണായക പങ്കുണ്ടായിരുന്ന വ്യക്തിയാണ് ബാഷര്‍ അല്‍ അസദിന്റെ പിതാവായ ഹാഫീസ്. സൈനിക ഉദ്യോഗസ്ഥനായിരുന്ന ഹാഫിസ് സിറിയന്‍ വ്യോമസേനയുടെ മേധാവിയായി. 1966-ല്‍ ഹാഫിസ് ഭരണകൂടത്തെ അട്ടിമറിച്ചു. പിന്നെ അട്ടിമറികളുടെ ഘോഷയാത്രയാണ്. ഒടുക്കെ ഏകാധിപതിയാകും വരെ ഇത് തുടര്‍ന്നു. ചരിത്രപരമായി, ഓട്ടോമന്‍ സാമ്രാജ്യത്തിലെ സുന്നി ആധിപത്യത്തിന്റെ കീഴില്‍ അലവികള്‍ പാര്‍ശ്വവല്‍ക്കരണവും വിവേചനവും നേരിട്ടു. തങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ നില മെച്ചപ്പെടുത്തുന്നതിനായി അലവൈറ്റുകള്‍ സൈന്യത്തിലും ബ്യൂറോക്രസിയിലും പുതുതായി കണ്ടെത്തിയ റോളുകള്‍ പ്രയോജനപ്പെടുത്തിയതിനാല്‍, ഫ്രഞ്ച് മാന്‍ഡേറ്റ് ഈ ഷിയാ വിഭാ?ഗത്തിന് നല്‍കിയ മേല്‍ക്കൈയാണ് പിന്നീട് സിറിയയുടെ ചരിത്രം മാറ്റുന്നത്. പിന്നീട് ഒരു സുന്നി ഭൂരിപക്ഷ രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായി സര്‍ക്കാര്‍ സ്വയം നിലയുറപ്പിച്ചു. അതിനൊപ്പം, റഷ്യ, ഇറാനുമടക്കമുള്ള രാഷ്ട്രങ്ങളുടെ സൈനിക പിന്‍ബലം കൂടിയായപ്പോള്‍ അസദ് പ്രസിഡന്റ് കസേരയില്‍ അരക്കെട്ടുറപ്പിച്ചിരുന്നു.
ഷിയാ - സുന്നി വിഭാഗീയത പ്രധാന കാരണമാകുന്നു
കാലക്രമേണ, സിറിയന്‍ ആഭ്യന്തരയുദ്ധം ഒരു വിഭാഗീയ മാനം കൈവരിച്ചു. ഈ മാറ്റം ജൈവികമായിരുന്നില്ല, മറിച്ച് ആഭ്യന്തരവും ബാഹ്യവുമായ കാരണങ്ങളുണ്ടായിരുന്നു. സമാധാനപരമായ പ്രകടനങ്ങള്‍ക്കെതിരെ ഗവണ്‍മെന്റിന്റെ അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും പ്രതിഷേധങ്ങളെ സായുധ കലാപമാക്കി മാറ്റുകയും ചെയ്തു. എതിരാളികളെയും എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെയും അടിച്ചമര്‍ത്തിയും മനുഷ്യാവകാശങ്ങള്‍ ചവിട്ടിയരച്ചുമാണ് ബാഷര്‍ സിറിയതെ അടക്കി ഭരിച്ചത്. 'ചുവപ്പ് തടവറകള്‍' എന്ന് വിളിക്കുന്ന സിറിയയിലെ ജയിലുകളില്‍ നിന്നും വിമതര്‍ മോചിപ്പിച്ചത് മരണം കാത്തുകിടക്കുന്ന അനേകം സ്ത്രീകളെയും കുട്ടികളേയുമാണ്. കാലക്രമേണ, സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ വിഭാ?ഗീയത പ്രകടമായി. അലവികള്‍, ക്രിസ്ത്യാനികള്‍, ഡ്രൂസ് തുടങ്ങിയ സിറിയയിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായി അസദ് തന്റെ സര്‍ക്കാരിനെ രൂപപ്പെടുത്തി. സുന്നി ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി ഊന്നിപ്പറഞ്ഞുകൊണ്ട് ഭരണകൂടം ന്യൂനപക്ഷ സമുദായങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് അണിനിരത്തി. സുന്നി ഭൂരിപക്ഷ പ്രദേശങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു.
സുന്നി - ഷിയാ തീവ്രവാദം ഏറ്റുമുട്ടുന്നു, ആഗോള ജിഹാദിലേക്ക്
അലവൈറ്റുകളുടെ ആധിപത്യമുള്ള സൈന്യവും സുരക്ഷാ സേനയും തകര്‍ത്താടുകയായിരുന്നു. സംഘര്‍ഷം നീണ്ടതോടെ പ്രതിപക്ഷം ഛിന്നഭിന്നമായി. മതേതര, മിതവാദി ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം നഷ്ടപ്പെട്ടു, അതേസമയം ഇസ്ലാമിസ്റ്റ് വിഭാഗങ്ങള്‍ ശക്തി പ്രാപിച്ചു. ജബാത് അല്‍-നുസ്ര (അല്‍-ഖ്വയ്ദ അഫിലിയേറ്റ്), ഐഎസ്‌ഐഎസ് തുടങ്ങിയ ഗ്രൂപ്പുകള്‍ സുന്നി പിന്തുണ ശേഖരിക്കാനും അസദിന്റെ സര്‍ക്കാരിനെ സ്ഥാനഭ്രഷ്ടരാക്കാനും പഠിച്ച പണി പതിനെട്ടും തുടങ്ങി. യുദ്ധം പ്രാദേശിക ശക്തികളുടെ ഒരു പ്രോക്‌സി യുദ്ധക്കളമായി മാറി. ഷിയാ സംഘടനകളായ ഇറാനും ഹിസ്ബുള്ളയും അസദിനെ സൈനികമായും സാമ്പത്തികമായും പിന്തുണച്ചു, ഷിയാ ഇസ്ലാമിന്റെ പ്രതിരോധമായി അവരുടെ പങ്കാളിത്തം രൂപപ്പെടുത്തി. സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ സുന്നി ഭൂരിപക്ഷ രാജ്യങ്ങള്‍ മേഖലയില്‍ ഇറാനിയന്‍ സ്വാധീനത്തെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ട് വിവിധ വിമത ഗ്രൂപ്പുകളെ പിന്തുണച്ചു. പിന്നീട് വിമത ?ഗ്രൂപ്പുകളെ സുന്നി തീവ്രവാദം ഹൈജാക്ക് ചെയ്തു. ആയിരക്കണക്കിന് സുന്നി തീവ്രവാദികള്‍ സിറിയയിലെത്തി. സിറിയയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമാക്കി. പിന്നീട് നടന്നതിന്റെ ബാക്കിപത്രമാണ് ഇപ്പോള്‍ നടക്കുന്നത്.
യുദ്ധം ബാക്കിവെയ്ക്കുന്നത്
ആഭ്യന്തരമായും അഭയാര്‍ത്ഥികളായും ദശലക്ഷക്കണക്കിന് സിറിയക്കാര്‍ പൊറുതി മുട്ടി. വിഭാഗീയ അക്രമങ്ങളും ഭയങ്ങളും സമുദായങ്ങളെ മതപരവും വംശീയവുമായ രീതിയില്‍ വേര്‍തിരിക്കുന്നതിന് കാരണമായി. തീവ്ര സുന്നി ഗ്രൂപ്പുകള്‍ അലാവിറ്റ്, ഷിയ സമുദായങ്ങളെ ലക്ഷ്യമാക്കി അവരെ അവിശ്വാസികളായി മുദ്രകുത്തി. ഇസ്ലാമിക വിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യാനികളും ഡ്രൂസും പീഡനം നേരിട്ടു. സര്‍ക്കാര്‍ ഇവരെ നേരിട്ടു. ന്യൂനപക്ഷ ഗ്രൂപ്പുകള്‍ മിലിഷ്യകള്‍ രൂപീകരിച്ചു അല്ലെങ്കില്‍ സംരക്ഷണത്തിനായി അസദ് ഭരണകൂടവുമായി യോജിച്ചു. യുദ്ധം സിറിയയുടെ സമ്പദ്വ്യവസ്ഥയെയും അടിസ്ഥാന സൗകര്യങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും തകര്‍ത്തു. വിഭാഗീയത ഈ നഷ്ടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് സാമൂഹിക ഘടനയെ ഇല്ലാതാക്കി, അനുരഞ്ജനം കൂടുതല്‍ ദുഷ്‌കരമാക്കി.
ഇറാനെന്ന ചെന്നായ്കൂട്ടം
സിറിയയില്‍ ഇറാന്റെ ഇടപെടല്‍ വിഭാഗീയ ഐക്യദാര്‍ഢ്യവും തന്ത്രപരമായ താല്‍പ്പര്യങ്ങളും ചേര്‍ന്നതാണ്. അസദിനെ പിന്തുണക്കുന്നതിലൂടെ, ലെവന്റില്‍ സ്വാധീനം ഉറപ്പിക്കാനും ടെഹ്റാന്‍ മുതല്‍ ബെയ്റൂട്ട് വരെ നീളുന്ന ഷിയ അച്ചുതണ്ട് നിലനിര്‍ത്താനും ഇറാന്‍ ലക്ഷ്യമിട്ടു. ലെബനന്‍ ഷിയ മിലിഷ്യയായ ഹിസ്ബുള്ള, സുന്നി തീവ്രവാദികള്‍ക്കെതിരായ പ്രതിരോധമെന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണച്ച് അസദിന്റെ സേനയ്ക്കൊപ്പം സജീവമായി പോരാടി. സൗദി അറേബ്യയും ഖത്തറും സുന്നി വിമത ഗ്രൂപ്പുകള്‍ക്ക് ധനസഹായവും ആയുധങ്ങളും നല്‍കി. ഇറാന്റെ പ്രാദേശിക സ്ഥാനം ദുര്‍ബലപ്പെടുത്താനുള്ള ആഗ്രഹമാണ് അവരുടെ ഇടപെടലിന് പ്രചോദനമായത്.
കേവലം 11 ദിവസങ്ങള്‍കൊണ്ടാണ് സിറിയ കീഴടങ്ങിയത്. പ്രതിരോധിക്കാന്‍ പോലും നില്‍ക്കാതെയാണ് സിറിയന്‍ സൈന്യം പിന്‍മാറിയത്. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അഞ്ചുലക്ഷത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടത്. പലായനം ചെയ്യപ്പെട്ടത് 50 ലക്ഷത്തോളം ആളുകളുമാണ്. തീവ്ര മതമൗലികവാദികളാണ് ഇപ്പോള്‍ അധികാരത്തിലുള്ളത്. സിറിയയുടെ ഭാവി അഫ്ഗാന്റെ വര്‍ത്തമാനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.