സഫീര്‍ അഹമ്മദ്

'മേം ഗൂര്‍ഖാ ഹും ഹെ ഹൊ ഹൈ' എന്നും പറഞ്ഞ്' 'ഭീം സിങിന്റെ മകന്‍ രാം സിങ്' എന്ന സേതു വന്ന് പേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ട് ഇന്നേയ്ക്ക് 38 വര്‍ഷങ്ങള്‍..അതെ, സത്യന്‍അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ 'ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്' എന്ന മനോഹര സിനിമ റിലീസ് ആയിട്ട് ജൂലൈ നാലിന്, ഇന്നേയ്ക്ക് മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ ആയി.

സേതുമാധവന്‍ എന്ന ചെറുപ്പക്കാരന്റെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും സ്വപ്നങ്ങളും പ്രണയവും ഒക്കെ പ്രേക്ഷകരുടേത് കൂടി ആകുന്ന തരത്തിലുള്ള നര്‍മത്തില്‍ പൊതിഞ്ഞ് ശ്രീനിവാസന്‍ എഴുതിയ കഥാസന്ദര്‍ഭങ്ങള്‍,ആ നര്‍മ രംഗങ്ങളുടെ മികവുറ്റതും എന്നാല്‍ വളരെ ലളിതവുമായ സത്യന്‍ അന്തിക്കാടിന്റെ ആഖ്യാന ശൈലി, അതിലൂടെ തിയേറ്ററില്‍ പൊട്ടിച്ചിരിയുടെ തിരമാലകള്‍ തീര്‍ത്ത സിനിമ, അതാണ് 'ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്'..തൊഴില്‍ ഇല്ലായ്മയും പട്ടിണിയും ദാരിദ്ര്യവും ഒക്കെ മുമ്പ് പല സിനിമകളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ നര്‍മത്തില്‍ പൊതിഞ്ഞ് ലളിതമായി അവതരിപ്പിക്കപ്പെട്ടത് ഗാന്ധിനഗറില്‍ ആണ്, അത് കൊണ്ടായിരിക്കും ഗാന്ധിനഗര്‍ വന്‍ ജനപ്രീതി നേടിയതും..

ഗാന്ധിനഗര്‍ 2nd സ്ട്രീറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം മോഹന്‍ലാലാണ്..ഹാസ്യ രംഗങ്ങള്‍ അങ്ങേയറ്റം അനായാസതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനുള്ള മോഹന്‍ലാല്‍ എന്ന നടന്റെ അസാമാന്യ നടനവൈഭവം, അത് പൂര്‍ണ്ണമായ തോതില്‍ ഉപയോഗപ്പെടുത്തി അവതരിപ്പിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്..മലയാള സിനിമയില്‍ ആദ്യമായി ഒരു നടന്‍ സിനിമയിലുടനീളം ഹാസ്യം തുളുമ്പുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്, അത്തരം കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിക്കപ്പെട്ടത് മോഹന്‍ലാലിലൂടെ ആണെന്ന് പറയാം..മോഹന്‍ലാല്‍ കാലഘട്ടം ആരംഭിക്കുന്നത് വരെ മലയാള സിനിമയില്‍ ഹാസ്യം എന്നാല്‍ പേരെടുത്ത ഹാസ്യ നടന്മാരാല്‍ മാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു,പലതും കഥയോട് യാതൊരു ബന്ധവും ഇല്ലാതെ സമാന്തരമായിട്ടാണ് അവതരിക്കപ്പെട്ടിരുന്നത്.

സത്യന്‍ അന്തിക്കാടിന്റെ തന്നെ ആദ്യകാല സിനിമകളില്‍ സുകുമാരനും നെടുമുടി വേണുവും ഒക്കെ ഹാസ്യ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും മോഹന്‍ലാലിന്റെ ഹാസ്യ ഭാവങ്ങളുടെ താളത്തോളം, സ്വാഭാവികതയോളം,അനായാസതയോളം എത്തിയിരുന്നില്ല..മാത്രവുമല്ല,മേല്‍പ്പറഞ്ഞ ഈ നടന്മാരും മറ്റു നടന്മാരൊന്നും തുടര്‍ച്ചയായി ഹാസ്യ നായക കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുമില്ല..മോഹന്‍ലാല്‍, ഹാസ്യം അങ്ങേയറ്റം അനായാസതയോടെ അവതരിപ്പിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നായകന്‍, മലയാള സിനിമ പ്രേക്ഷകര്‍ അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒന്ന്, വല്ലാത്ത ഒരു പുതുമ ആയിരുന്നു അന്നത്..അമ്പത് വര്‍ഷങ്ങളുടെ ചരിത്രം ഉള്ള മലയാള സിനിമയ്ക്കും അന്ന് അതൊരു പുതുമ തന്നെ ആയിരുന്നു..മോഹന്‍ലാല്‍, അത്രയൊന്നും ആകര്‍ഷകമല്ലാത്ത രൂപവുമായി വില്ലനായി അരങ്ങേറ്റം കുറിച്ച നടന്‍, ആ നടനാണ് മലയാള സിനിമയില്‍ ഹാസ്യ നായക വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച്, അന്ന് വരെ തുടര്‍ന്ന് പോന്നിരുന്ന പരമ്പരാഗത സിനിമ സമ്പ്രദായങ്ങളെ എല്ലാം തച്ചുടച്ച് മറ്റ് നടന്മാര്‍ക്ക് ഒന്നും കിട്ടാത്ത പ്രേക്ഷകപ്രീതി നേടിയെടുത്തത്..

മോഹന്‍ലാലിലെ ഹാസ്യ ഭാവങ്ങള്‍ ആദ്യമായി തിരശ്ശീലയില്‍ അവതരിപ്പിച്ചത് ബാലു കിരിയത്ത് എന്ന സംവിധായകനാണ്, വിസ എന്ന സിനിമയിലൂടെ. ചെറിയ കഥാപാത്രം ആയിരുന്നിട്ട് കൂടി വിസയിലെ സണ്ണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു, കൂടെ 'ഫിങ് ഫിങ്' എന്ന ഡയലോഗും. ഒരുപക്ഷെ മോഹന്‍ലാലിന്റെ ആദ്യത്തെ പഞ്ച് ഡയലോഗ് വിസയിലെ 'ഫിങ് ഫിങ്' ആയിരിക്കാം..പിന്നീട് എങ്ങനെ നീ മറക്കും, നാണയം, ഒന്നാണ് നമ്മള്‍, പാവം പൂര്‍ണിമ, നോക്കത്താ ദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാല്‍ കോമഡി കൈകാര്യം ചെയ്തുവെങ്കിലും നായക തുല്യമായ പ്രധാന കഥാപാത്രങ്ങളിലൂടെ കോമഡി അവതരിപ്പിച്ച് തുടങ്ങിയത് പ്രിയദര്‍ശന്‍ സിനിമകളിലൂടെയാണ്..മലയാള സിനിമയില്‍ പുതിയ ഒരു കൂട്ടുക്കെട്ടും ഗാന്ധിനഗറിലൂടെ പിറവി എടുത്തു, മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുക്കെട്ട്..പില്‍ക്കാലത്ത് മലയാള സിനിമ പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച കൂട്ടുക്കെട്ടായി മാറി ലാല്‍-ശ്രീനി ടീം..

ഇടത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാരുടെ ആശയും നിരാശയും തൊഴില്ലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും ഒക്കെ പല ആവര്‍ത്തി സിനിമകള്‍ക്ക് കഥകള്‍ ആയിട്ടുണ്ടെങ്കിലും അവയെല്ലാം തിരശ്ശീലയില്‍ അവതരിപ്പിക്കപ്പെട്ടത് ഗൗരവതരമായിട്ടാണ്..ദയനീയത കാണിച്ച് പ്രേക്ഷകരുടെ സഹതാപം നേടി വിജയിപ്പിക്കുന്ന ഒരു രീതിയായിരുന്നു അത്. ഇവിടെയാണ് ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് പുതുമ കൊണ്ട് വന്നത്. തൊഴില്ലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും ഒക്കെ ശ്രീനിവാസന്‍ എഴുതിയത് ഹാസ്യത്തിന്റെ അകമ്പടിയോടെയാണ്. ആ രചനയുടെ ഭംഗി ഒട്ടും തന്നെ ചോര്‍ന്ന് പോകാതെ സത്യന്‍ അന്തിക്കാട് ദൃശ്യവല്‍ക്കരിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു പിടി ജനപ്രിയ സിനിമകളാണ്. ഒരേ റൂട്ടില്‍ ഓടുന്ന ബസ് എന്നൊക്കെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ പലരും വിമര്‍ശിക്കുമ്പോഴും സത്യന്‍ അന്തിക്കാടിന്റെ ആ ബസില്‍ കയറി ഇരിക്കാന്‍, ആ കാഴ്ചകള്‍ കാണാന്‍ ഇന്നും പ്രേക്ഷകര്‍ തയ്യാറാണ് എന്നത് ആ സംവിധായകനില്‍ ഉള്ള പ്രേക്ഷകരുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്. 1982ല്‍ അരങ്ങേറ്റം കുറിച്ച സത്യന്‍ അന്തിക്കാട് നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങക്കിപ്പുറം ഈ 2024 ലും വിപണന മൂല്യം ഉള്ള പ്രേക്ഷകരുടെ ഇഷ്ട സംവിധായകരില്‍ ഒരാളായി നില്ക്കുക എന്നത് നിസാര കാര്യമല്ല, വളരെ അപൂര്‍വ്വം സംവിധായകര്‍ക്ക് മാത്രം സാധ്യമാകുന്ന ഒന്ന്.

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളെ കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന പേരുകള്‍ ജോണ്‍പോള്‍, എം.ടി.വാസുദേവന്‍നായര്‍, പത്മരാജന്‍, ലോഹിതദാസ് എന്നിവരുടെതാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ തിരക്കഥാകൃത്തുക്കളുടെ പേരുകള്‍ക്കൊപ്പം ചേര്‍ത്ത് വെയ്ക്കാവുന്ന പേരാണ് ശ്രീനിവാസന്റേത്, അവരുടെ രചനകള്‍ക്കൊപ്പം വെയ്ക്കാവുന്ന രചനകളാണ് ശ്രീനിവാസന്റേത്. പേര് കേട്ട ആ തിരക്കഥാകൃത്തുക്കളുടെ രചനകളില്‍ വരച്ച് കാട്ടിയതിന് ഒപ്പമൊ അതിനെക്കാള്‍ ഏറയൊ സാധാരണക്കാരന്റെ ജീവിതം ശ്രീനിവാസന്റെ രചനകളില്‍ ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. ഒരു പക്ഷേ ഹാസ്യത്തിന്റെ പുറംചട്ടയില്‍ പൊതിഞ്ഞ് കാണിച്ചത് കൊണ്ടായിരിക്കാം ശ്രീനിവാസന്റെ രചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതിരുന്നത്. സിനിമയിലെ ഹാസ്യ നടനത്തിനും ഹാസ്യ രചനയ്ക്കും ഒക്കെ എന്നും രണ്ടാം സ്ഥാനം ആണ് കല്‍പ്പിച്ച് നല്കിയിരിക്കുന്നത്..

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ സിനിമകള്‍ പോലെ തന്നെ വളരെ ലളിതവും മനോഹരവുമാണ് അവരുടെ സിനിമകളിലെ പ്രണയവും പ്രണയരംഗങ്ങളും. നിറങ്ങള്‍ വാരി വിതറാതെ,ഒച്ചയും ബഹളവും ഒന്നുമില്ലാതെ ജീവിതത്തോട് ചേര്‍ന്ന് നില്ക്കുന്ന ശാന്തമായ പ്രണയം,പ്രേക്ഷകന്റെ മനസില്‍ സ്പര്‍ശിക്കുന്ന പ്രണയം. ടി പി ബാലഗോപാലനിലും സന്മനസുള്ളവര്‍ക്ക് സമാധാനത്തിലും നാടോടിക്കാറ്റിലും വരവേല്‍പ്പിലും ഒക്കെ നമ്മള്‍ അനുഭവിച്ച ആ 'ശ്രീനിവാസന്‍ പ്രണയം', ആ 'അന്തിക്കാട്' പ്രണയം അതേ തീവ്രതയോടെ, അതേ ഭംഗിയോടെ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റിലും ഉണ്ട്.

സേതു കടമായി ചോദിച്ച പണം മായ വീട്ടില്‍ കൊണ്ട് കൊടുത്ത ശേഷമുള്ള രംഗത്തില്‍ മായയോട് നന്ദി പറഞ്ഞ ശേഷം ഉള്ള സേതുവിന്റെ ഡയലോഗ് 'അവന്മാരുടെ മോന്തക്കിട്ട് ഒന്ന് കൊടുക്കാന്‍ തോന്നി. അവര്‍ പറയാ കുട്ടിക്ക് എന്നോട് ലൗ ആണെന്ന്. അവരുടെ മോന്തയ്ക്കിട്ട് രണ്ട് പൊട്ടിക്കണമായിരുന്നു, അല്ലാ, സത്യത്തില്‍ എന്നോട് അങ്ങനെ വല്ലതും ഉണ്ടോ?'

തന്നോട് പ്രണയം ഉണ്ടോ എന്ന സേതുവിന്റെ ഈ ചോദ്യത്തിന് ഉത്തരം 'ഉണ്ടെന്ന്' സൂചിപ്പിക്കുന്ന മായയുടെ ഒരു ചിരി മാത്രം ആയിരുന്നു..
അപ്പോള്‍ സേതുവിന്റെ മുഖത്ത് വിരിയുന്ന സന്തോഷവും ചിരിയും..കഥാപാത്രത്തിന്റെ ആ ചിരിയും സന്തോഷവും പ്രേക്ഷകന്റെത് കൂടിയാകുന്ന പകര്‍ന്നാട്ടം.

എത്ര മനോഹരമായിട്ടാണ്, എത്ര സ്വഭാവികമായിട്ടാണ് മോഹന്‍ലാലും കാര്‍ത്തികയും ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. തിയേറ്ററില്‍ ഈ രംഗം ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. മോഹന്‍ലാലും കാര്‍ത്തികയും, വെറും പത്ത് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ സ്‌ക്രീനിലെ എക്കാലത്തെയും മികച്ച താരജോഡികള്‍. ഗാന്ധിനഗറിന് മുമ്പ് മൂന്ന് സിനിമകളില്‍ മോഹന്‍ലാലും കാര്‍ത്തികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയത് ഗാന്ധിനഗറിലെ സേതുവിലൂടെയും മായയിലൂടെയുമാണ്. ഇരുവരുടെയും സ്‌ക്രീന്‍ പ്രസന്‍സും കെമിസ്ട്രിയും വളരെ ആകര്‍ഷകമാണ്…

ഗാന്ധിനഗര്‍ 2nd സ്ട്രീറ്റില്‍ ഒട്ടനവധി രസകരമായ കഥാപാത്രങ്ങള്‍ ഉണ്ട്,രംഗങ്ങള്‍ ഉണ്ട്,തിയേറ്ററുകളില്‍ പൊട്ടിച്ചിരികളുടെ തിരമാലകള്‍ ഉയര്‍ത്തിയ കഥാപാത്രങ്ങളും രംഗങ്ങളും..സേതു ആദ്യമായി മാധവന്റെ വീട്ടിലേയ്ക്ക് വരുന്നത്, അപ്പോള്‍ സേതുവിനെ കാണുമ്പോള്‍ ഉള്ള മാധവന്റെ പ്രതികരണം, മാല പൊട്ടിച്ച കേസ് അന്വേഷിക്കാന്‍ വരുന്ന ഇന്നസെന്റിന്റെ പോലീസ് വേഷം,ഇവിടെ ആണുങ്ങള്‍ ആരും ഇല്ലെ എന്ന് ചോദിക്കുമ്പോള്‍ 'ഇല്ല, ഇവിടെ കുട്ടികളുടെ അച്ഛന്‍ മാത്രമെ ഉള്ളു' എന്ന KPAC ലളിതയുടെ കഥാപാത്രത്തിന്റെ മറുപടി, 'അങ്ങോര് ആണല്ലെ, ഈ സ്ത്രീകള്‍ എന്താ ഇങ്ങനെ പെരുമാറുന്നത്' എന്ന ഇന്നസെന്റിന്റെ തിരിച്ചുള്ള ഡയലോഗ്, ശങ്കരാടിയുടെ നോവലിസ്റ്റ് കഥാപാത്രത്തിന്റെ 'കടക്കൂ പുറത്ത്, അധികാരത്തിന്റെ ലാത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കണ്ട' എന്ന ഡയലോഗ്, സേതുവിനെ ഊണ് കഴിക്കാന്‍ മാധവന്‍ വിളിക്കുന്ന രംഗം, സേതുവിനെ ഒഴിവാക്കാന്‍ വേണ്ടി മാധവന്‍ ബാംഗ്ലൂര്‍ക്ക് എന്നും പറഞ്ഞ് പോകുന്ന രംഗം, രാത്രി വീട്ടില്‍ തിരിച്ച് വന്ന് സേതുവിനെ അവിടെ കാണുമ്പോള്‍ 'എന്റെ ഭാഗ്യം, മാധവനെയും അമ്മയെയും ലതികയെയും ഒക്കെ എനിക്ക് വീണ്ടും കാണാന്‍ പറ്റിയല്ലൊ' എന്ന് സേതു പറയുന്ന രംഗം..തുടര്‍ന്ന് വീടിന്റെ മുറ്റത്ത് കട്ടിലില്‍ ഇരുന്ന് സേതുവും മാധവനും കൂടി സംസാരിക്കുന്നതും ഒരു ജോലി ആകുന്നത് വരെ എവിടെ താമസിക്കുമെന്ന് മാധവന്‍ ചോദിക്കുമ്പോള്‍ ഇവിടെ തന്നെ താമസിക്കാം എന്ന ഭാവത്തോടെ സേതു വീട് നോക്കുന്നതും, പ്രായമായ പെങ്ങള്‍ വീട്ടില്‍ ഉള്ള കാര്യം മാധവന്‍ പറയുമ്പോള്‍ 'അയ്യേ, ഛെ, ഞാനാ ടൈപ്പ് ഒന്നുമല്ല' എന്ന് സേതു പറയുന്നതും ഒക്കെ എത്ര ഭംഗിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്.

സേതു എന്ന കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും നിസ്സഹായവസ്ഥയും ഒക്കെ കാണിച്ച് തരുന്ന രംഗം. ഈ രംഗത്തിലെ മോഹന്‍ലാലിന്റെ ശരീരഭാഷ ശ്രദ്ധേയമാണ്, സേതു കാല്‍ വിരലുകള്‍ പതിയെ പിടിച്ച് തിരിച്ച് കൊണ്ടൊക്കെയാണ് തന്റെ നിസഹായവസ്ഥ ചമ്മലോടെ മാധവനെ അറിയിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ഇതൊക്കെയാണ് ശരിക്കും ആക്റ്റിങ് ബ്രില്യന്‍സ് എന്ന് പറയുന്നത്. ആ രംഗത്തിന് ഇത്തരത്തിലുള്ള ശരീരഭാഷ കൊടുക്കണമെന്ന് മോഹന്‍ലാലിനോട് സംവിധായകന്‍ പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഗൂര്‍ഖ ആകാന്‍ സേതുവിനെ മാധവന്‍ ഉപദേശിക്കുന്നതും ജീവന്‍ പോയാലും കത്തി ഉറയില്‍ നിന്നും ഊരരുത് പറയുന്ന രംഗം, സേതുവിന്റെ ഗൂര്‍ഖ ആയിട്ടുള്ള രംഗപ്രവേശം, നിര്‍മല ടീച്ചര്‍ പേരെടുത്ത ഒരു കാമുകിയാണെന്നും ചിലപ്പോള്‍ നിനക്ക് പ്രയോജനപ്പെടുമെന്നും മാധവന്‍ പറയുമ്പോള്‍ 'അയ്യേ ഞാനാ ടൈപ്പൊന്നും അല്ല' സേതു പറയുന്ന രംഗം, നിര്‍മല ടീച്ചറോട് 'ഹംക്കൊ കൊച്ച് കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ബഹുത്ത് ജീവന്‍ ഹെ മേം സാബ്' സേതു പറയുന്ന രംഗം, മാധവന്‍ കള്ളനായി അഭിനയിച്ച് പിടിക്കപ്പെടുന്ന രംഗം, കുന്നുംപുറത്ത് സേതുമാധവന്‍ എന്ന പേരില്‍ താന്‍ കവിത എഴുതുന്നതും ആത്മപ്രശംസ തനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ ശേഷം തന്റെ കവിതകള്‍ക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും പറഞ്ഞ് സേതു മായയോട് കാശ് കടം ചോദിക്കുന്ന രംഗം, മായ കാശ് കൊടുക്കാന്‍ വേണ്ടി സേതുവിന്റെ വീട്ടില്‍ വരുമ്പോള്‍ തേങ്ങ ചിരകി കൊണ്ടിരിക്കുന്ന സേതു വന്ന് താന്‍ കവിത എഴുതി കൊണ്ടിരിക്കുകയാണെന്ന് പറയുന്ന രംഗം, തുടര്‍ന്നുള്ള അവരുടെ പ്രൊപ്പോസല്‍ രംഗം,

തുടര്‍ക്കിനാക്കളില്‍ പാട്ട് രംഗത്ത് സേതുവും മായയും ഫലൂദ കഴിച്ച് ടിപ്പായി വെയ്ക്കുന്ന പൈസ സേതു എടുക്കുന്ന രംഗം, മായ അന്വേഷിച്ച പുസ്തകം സേതു ക്ലാസ് റൂമില്‍ കൊണ്ട് കൊടുക്കുന്ന രംഗം, അശോകന്റെ വായില്‍നോക്കി കഥാപാത്രത്തെ സേതു ഓടിച്ചിട്ട് ഇടിക്കുന്ന രംഗം, മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ എന്ന ഗസ്റ്റ് കഥാപാത്രത്തിന്റെ മികച്ച ഇന്‍ട്രൊ രംഗം, അങ്ങനെ ഒത്തിരി രംഗങ്ങളിലൂടെ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ് പ്രേക്ഷകരുടെ മനം കവര്‍ന്നു..

1986 ജൂലൈ 4 ന് കൊടുങ്ങല്ലൂര്‍ മുഗള്‍ തിയേറ്ററില്‍ നിന്നും കണ്ടതാണ് ഞാന്‍ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്, മാറ്റിനി ഷോ, എന്റെ ഇക്കയുടെ കൂടെ..അന്നത്തെ ആറാം ക്ലാസുകാരനായ ഞാന്‍ ഒരുപാട് ചിരിച്ച് നിറഞ്ഞ മനസ്സോടെയാണ് തിയേറ്ററില്‍ നിന്നും ഇറങ്ങിയത്, വീണ്ടും സിനിമ കാണണമെന്ന ആഗ്രഹത്തോടെ..വീണ്ടും വീണ്ടും ഈ സിനിമ കാണണമെന്ന ആഗ്രഹം വര്‍ഷങ്ങള്‍ക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നു. ഗാന്ധിനഗറിന് മുമ്പ് പല സൂപ്പര്‍ഹിറ്റ് സിനിമകളിലും, അത് പോലെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താ ദൂരത്ത് കണ്ണുംനട്ട്,പഞ്ചാഗ്‌നി തുടങ്ങിയ ബ്ലോക്ബസ്റ്റര്‍ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ നായകനായിട്ടുള്ള ആദ്യത്തെ ഏറ്റവും വലിയ വിജയ സിനിമ ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ് ആണ്..മോഹന്‍ലാലിന്റെത് മാത്രമല്ല, സത്യന്‍ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും കരിയറിലെ ആദ്യ ബ്ലോക്ബസ്റ്റര്‍ സിനിമ കൂടിയാണ് ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്..

മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടി, കാര്‍ത്തിക,ശ്രീനിവാസന്‍, തിലകന്‍, ശങ്കരാടി, ഇന്നസെന്റ്, അശോകന്‍, സി ഐ പോള്‍, മാമുക്കോയ, സീമ, സുകുമാരി, KPAC ലളിത, ശാന്തകുമാരി, പ്രിയ തുടങ്ങിയ നടീനടന്മാരും മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചു..മമ്മൂട്ടിയുടെ ഗസ്റ്റ് റോള്‍ ശരിക്കും ഒരു സര്‍പ്രൈസ് തന്നെയായിരുന്നു പ്രേക്ഷകര്‍ക്ക്..ബിച്ചുതിരുമല-ശ്യാം ടീമിന്റെ ഗാനങ്ങളും വിപിന്‍ മോഹന്റെ ഛായാഗ്രഹണവും ഗാന്ധിനഗര്‍ 2nd സ്ട്രീറ്റിന് കൂടുതല്‍ മികവ് നല്കി..

സത്യന്‍-ശ്രീനി-ലാല്‍ ടീമിന്റെ ആറ് സിനിമകളില്‍ രണ്ടാമത്തെ സിനിമയാണ് ഗാന്ധിനഗര്‍ 2nd സ്ട്രീറ്റ്..ഇതില്‍ ഗാന്ധിനഗറും നാടോടിക്കാറ്റും നിര്‍മ്മിച്ചിരിക്കുന്നത് ഐ വി ശശി, സീമ, മമ്മൂട്ടി, മോഹന്‍ലാല്‍, സെഞ്ച്വറി കൊച്ച് മോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കാസിനോ പ്രൊഡക്ഷന്‍സ് ആയിരുന്നു. 1986ല്‍ തന്നെ സത്യന്‍-ശ്രീനി-ലാല്‍ ടീമിന്റെ മൂന്ന് സിനിമകള്‍ റിലീസ് ചെയ്തിരുന്നു, അവ മൂന്നും മികച്ച അഭിപ്രായത്തോടെ ബോക്‌സ് ഓഫീസില്‍ നല്ല വിജയം നേടുകയും ചെയ്തു..

കേവലം ആറ് സിനിമകള്‍ കൊണ്ട് സത്യന്‍-ശ്രീനി-ലാല്‍ കൂട്ടുക്കെട്ട് മലയാള സിനിമയില്‍ നേടിയെടുത്ത ജനപ്രീതി വളരെ വലുതാണ്. അത് അടിവരയിടുന്നതാണ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പുതു തലമുറയും ആ സിനിമകള്‍ ആസ്വദിക്കുന്നതും, ട്രോളുകളില്‍ ആ സിനിമകളിലെ രംഗങ്ങള്‍ നിറയുന്നതും, നാടോടിക്കാറ്റിന്റെയും ഗാന്ധിനഗറിന്റെയും വരവേല്‍പ്പിന്റെയും ഒക്കെ ടെലിവിഷനിലെ റിപ്പീറ്റ് ടെലികാസ്റ്റും. വരവേല്‍പ്പിന് ശേഷം ഈ കൂട്ടുക്കെട്ട് വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നത് മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും വലിയൊരു നഷ്ടം തന്നെയാണ്..ഇനിയൊരു സത്യന്‍-ശ്രീനി-ലാല്‍ സിനിമ ഉണ്ടാകുമൊ? അതിനുള്ള സാധ്യത വളരെ കുറവാണ്..എങ്കിലും കാത്തിരിക്കുന്നു ആ ഒരു സിനിമയ്ക്കായി..