നിങ്ങൾ പതിവായി മദ്യപിക്കുന്ന ഒരാളാണോ?; എങ്കിൽ 'വാ'യിക്കുള്ളിൽ കാത്തിരിക്കുന്നത് വലിയ അപകടം; മുളയിലേ നുള്ളി കളഞ്ഞാൽ നന്ന്; ഡോക്ടർമാർ പറയുന്നത്

Update: 2025-12-26 11:42 GMT

ദ്യപാനം വായയിലെ അർബുദ സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് മുംബൈയിലെ കാൻസർ ചികിത്സാ കേന്ദ്രമായ ACTREC (Advanced Centre for Treatment, Research and Education in Cancer) നടത്തിയ പഠനം വ്യക്തമാക്കുന്നു. മദ്യപിക്കുന്നവരിൽ വായയിലെ അർബുദത്തിനുള്ള സാധ്യത 68 ശതമാനം കൂടുതലാണെന്നും, ദിവസവും ഒമ്പത് ഗ്രാം മദ്യം കുടിക്കുന്നവരിൽ ഈ സാധ്യത 81 ശതമാനമായി വർദ്ധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പ്രാദേശികമായി നിർമ്മിക്കുന്ന മദ്യപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അർബുദ സാധ്യത വീണ്ടും വർദ്ധിക്കുമെന്നും പഠനത്തിൽ പറയുന്നു. മദ്യപാനത്തിനൊപ്പം പുകയില ഉപയോഗം കൂടിയുണ്ടെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നും ബിഎംജെ ഗ്ലോബൽ ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

3706 പുരുഷന്മാരുടെ ആരോഗ്യ വിവരങ്ങൾ ശേഖരിച്ചാണ് ACTREC ഈ പഠനം നടത്തിയത്. ഇതിൽ 1903 പേർക്ക് വായയിലെ അർബുദം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ സാധാരണയായി കണ്ടുവരുന്ന ബക്കൽ മ്യൂക്കോസ കാൻസറും (Buccal Mucosa Cancer) മദ്യപാനവും തമ്മിലുള്ള ബന്ധത്തിനാണ് ഗവേഷകർ ഊന്നൽ നൽകിയത്. അന്താരാഷ്ട്ര തലത്തിൽ അംഗീകൃതമായ 11 മദ്യങ്ങളുടെയും പ്രാദേശികമായി നിർമ്മിക്കുന്ന 30 മദ്യങ്ങളുടെയും ഉപയോഗ രീതിയും പഠനത്തിൽ വിശദമായി പരിശോധിച്ചു. എല്ലാത്തരം മദ്യങ്ങളും വായയിലെ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, അനിയന്ത്രിതമായി നിർമ്മിക്കുന്ന പ്രാദേശിക ആൽക്കഹോളുകൾ കൂടുതൽ ദോഷകരമാണെന്നും പഠനം കണ്ടെത്തി.

ലോകത്ത് വായയിലെ അർബുദം ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രതിവർഷം ഏകദേശം നാല് ലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് ഇവിടെ കണ്ടെത്തുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗനിരക്ക് കൂടുതലെന്നും പഠനം എടുത്തുപറയുന്നു. രോഗനിർണയം വൈകുന്നതും കൃത്യമായ ചികിത്സയുടെ അഭാവവും കാരണം വായയിലെ അർബുദം സ്ഥിരീകരിക്കുന്ന പത്തുരോഗികളിൽ നാലുപേർ മാത്രമാണ് അഞ്ചുവർഷത്തിനുശേഷം അതിജീവിച്ച് ജീവിച്ചിരിക്കുന്നത്.

മദ്യപാനം, ചെറിയ അളവിലുള്ളതുപോലും, വായയിലെ അർബുദത്തിന് കാര്യമായ അപകടസാധ്യത ഉയർത്തുന്നുവെന്നും, പുകയില ഉപയോഗവുമായി ചേരുമ്പോൾ ഇതിന്റെ തീവ്രത കൂടുന്നുവെന്നും ഈ പഠനം പൊതുജനാരോഗ്യ രംഗത്ത് അതീവ പ്രാധാന്യമുള്ള മുന്നറിയിപ്പാണ് നൽകുന്നത്.

Tags:    

Similar News