ഇവിടെ വെച്ച കപ്പ് എവിടെ പോയി?; നിങ്ങളിലെ ഇത്തരം മറവി ശ്രദ്ധിച്ചിട്ടുണ്ടോ?; സ്ത്രീകളിൽ 'അൽഷിമേഴ്‌സ്' കൂടുന്നുവെന്ന് പഠനം; കാരണങ്ങൾ അറിയാം..
ലണ്ടൻ: ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന അൽഷിമേഴ്‌സ് രോഗം സ്ത്രീകളിൽ വർധിക്കുന്നതായി പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഓർമശക്തി, ചിന്താശേഷി, പെരുമാറ്റം എന്നിവയെ ഗുരുതരമായി ബാധിക്കുന്ന ഈ നാഡീവ്യവസ്ഥാ രോഗം, ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ്. അമേരിക്കയിൽ അൽഷിമേഴ്‌സ് ബാധിച്ചവരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലണ്ടൻ കിങ്സ് കോളേജിലെ ഡോ. ക്രിസ്റ്റീന ലെഗിഡോ-ക്വിഗ്ലിയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണം, സ്ത്രീകളിൽ ഈ രോഗം കൂടുതലായി കാണുന്നതിനുള്ള കാരണങ്ങൾ വിശദീകരിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് അൽഷിമേഴ്‌സ് സാധ്യത വർധിക്കാറുണ്ട്. സാധാരണയായി 60 വയസ്സിന് മുകളിലുള്ളവരിലാണ് ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതെങ്കിലും, അപൂർവ്വമായി ചെറുപ്പക്കാരെയും ഇത് ബാധിക്കാം. തലച്ചോറിനെ ചുരുങ്ങാനും കോശങ്ങൾ നശിക്കാനും കാരണമാകുന്ന ഈ രോഗം സ്ത്രീകളിലും പുരുഷന്മാരിലും കാണാമെങ്കിലും, സ്ത്രീകളിലെ വ്യത്യാസങ്ങൾ ശ്രദ്ധേയമാണ്.
പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഏകദേശം 82 ശതമാനത്തിനും അൽഷിമേഴ്‌സ് സാധ്യതകളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലെന്ന് കണ്ടെത്തി. കൂടാതെ, മുക്കാൽ ശതമാനം പേരും തലച്ചോറിന്റെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള മെഡിക്കൽ പരിശോധനകൾ നടത്തിയിട്ടില്ല. ശരാശരി 65 വയസ്സുള്ള സ്ത്രീകളിൽ അഞ്ചിലൊരാൾക്ക് അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
സ്ത്രീകളിൽ അൽഷിമേഴ്‌സിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. എന്നാൽ, പൊതുവായി ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇവയാണ്: ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഓർമക്കുറവ് (പേരുകൾ, അപ്പോയിന്റ്മെന്റുകൾ മറക്കുക), പരിചിതമായ ജോലികൾ ചെയ്യാനുള്ള ബുദ്ധിമുട്ട് (വാഹനമോടിക്കുക, ബജറ്റ് കൈകാര്യം ചെയ്യുക), സമയത്തെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ ഉള്ള ആശയക്കുഴപ്പം, അമിതമായ അസ്വസ്ഥത, ഭയം, വിഷാദരോഗം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ എത്രയും പെട്ടെന്ന് തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ജനിതക കാരണങ്ങൾക്കൊപ്പം സാമൂഹിക കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.