'ആട്ടിൻ പാൽ ബെസ്റ്റാ..'; 'ചീസ്' എല്ലാ ദിവസവും കഴിക്കാമോ?; അകത്താക്കും മുമ്പ് ഇക്കാര്യങ്ങളറിയാം; പഠനങ്ങൾ പറയുന്നത്
ലോകമെമ്പാടുമുള്ള നിരവധി വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണ് ചീസ്. പിസ്സ, പാസ്ത, സാൻഡ്‌വിച്ചുകൾ മുതൽ സാലഡുകൾ വരെ ചീസിന്റെ സാന്നിധ്യം ഭക്ഷണങ്ങൾക്ക് സ്വാദ് കൂട്ടുന്നു. എന്നാൽ, ദിവസവും ചീസ് കഴിക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
ചീസ് എല്ലുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്കും ബലത്തിനും അത്യാവശ്യമാണ്. ന്യൂട്രീഷൻ റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, പാൽ ഉത്പന്നങ്ങളിൽ നിന്നുള്ള കാൽസ്യം ലഭ്യത ഓസ്റ്റിയോപൊറോസിസ്, എല്ലൊടിവ് തുടങ്ങിയ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.
കൂടാതെ, ചീസ് പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും വ്യായാമത്തിന് ശേഷം കഴിക്കാനും ഇത് ഉപകരിക്കും. പേശികളുടെ ബലത്തിനും കേടുപാടുകൾ പരിഹരിക്കുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ഊർജം നൽകാനും ചീസിൽ അടങ്ങിയ പ്രോട്ടീന് കഴിയും.
ചിലതരം ചീസുകളിൽ, പ്രത്യേകിച്ച് ആട്ടിൻ പാലിൽ നിന്ന് തയ്യാറാക്കുന്നവയിൽ, പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.
എന്നാൽ, ചീസ് നിത്യേന കഴിക്കുന്നതിലെ പരിമിതികളും ശ്രദ്ധിക്കേണ്ടതുണ്ട്. ചീസിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ ഇടയാക്കും. അതിനാൽ, മിതത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കലോറി കുറഞ്ഞ പഴങ്ങൾ, പച്ചക്കറികൾ എന്നിവയോടൊപ്പം ചീസ് കഴിക്കാൻ ശ്രമിക്കുന്നത് ഒരു പരിധി വരെ ഗുണം ചെയ്യും.
ചില ചീസുകളിൽ പൂരിത കൊഴുപ്പ് (Saturated fat) കൂടുതലായി കാണാം. ഇത് രക്തത്തിലെ കൊളസ്‌ട്രോൾ വർദ്ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കൂട്ടാനും സാധ്യതയുണ്ട്. അതിനാൽ, മൊസറെല്ല, ഫെറ്റ പോലുള്ള കൊഴുപ്പ് കുറഞ്ഞവ തിരഞ്ഞെടുക്കുന്നത് ഇത്തരം അപകടസാധ്യതകൾ ലഘൂകരിക്കാൻ സഹായിക്കും.