എന്തെങ്കിലും..കാര്യമായിട്ട് എഴുതുമ്പോൾ 'പേന' വരെ തെന്നി പോകും; നല്ല കോൺഫിഡൻസോടെ 'ഹാൻഡ്ഷേക്ക്' പോലും നൽകാൻ പറ്റാത്ത അവസ്ഥ; നിങ്ങളുടെ കൈപ്പത്തികൾ എപ്പോഴും വിയര്‍ക്കാറുണ്ടോ..?; ഇത് ശരീരം നൽകുന്ന വലിയൊരു മുന്നറിയിപ്പ്; എന്തൊക്കെ ശ്രദ്ധിക്കണം
ദിവസേനയുള്ള ജീവിതത്തിൽ നിരവധി ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് കൈപ്പത്തികളിലെ അമിതമായ വിയർപ്പ്. സാധാരണയായി ശരീര താപനില നിയന്ത്രിക്കാനുള്ള സ്വാഭാവിക മാർഗമാണെങ്കിലും, കൈകളിലെ അമിത വിയർപ്പ് പലപ്പോഴും വ്യക്തികൾക്ക് വലിയ അസ്വസ്ഥതകളുണ്ടാക്കാറുണ്ട്. ഒരു ഹാൻഡ്ഷേക്ക് നൽകാൻ പോലും ആത്മവിശ്വാസം ലഭിക്കാതിരിക്കുക, എഴുതുമ്പോൾ പേപ്പർ നനഞ്ഞുപോകുക, കമ്പ്യൂട്ടർ കീബോർഡിൽ വിരലുകൾ തെന്നിമാറുക തുടങ്ങിയ സാഹചര്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിൽ ശരീരം ചില സൂചനകൾ നൽകുന്നുണ്ടെന്ന് മനസ്സിലാക്കണം. ഈ അവസ്ഥയെ വൈദ്യശാസ്ത്രപരമായി 'പാൽമർ ഹൈപ്പർഹൈഡ്രോസിസ്' (Palmar Hyperhidrosis) എന്നാണ് വിശേഷിപ്പിക്കുന്നത്.
ചൂടോ വ്യായാമമോ മാനസിക സമ്മർദ്ദമോ ഇല്ലാതെ തന്നെ കൈകൾ അമിതമായി വിയർക്കുന്ന അവസ്ഥയാണ് പാൽമർ ഹൈപ്പർഹൈഡ്രോസിസ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഈ പ്രശ്നം, ശാരീരിക ആരോഗ്യത്തെക്കാൾ ഉപരിയായി വ്യക്തികളുടെ മാനസികാരോഗ്യത്തെയും ആത്മവിശ്വാസത്തെയുമാണ് കാര്യമായി ബാധിക്കുന്നത്. ഇത് സാമൂഹിക ഇടപെഴകലുകളിലും വ്യക്തിജീവിതത്തിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
കൈപ്പത്തികൾ അമിതമായി വിയർക്കുന്നതിന്റെ ഏറ്റവും സാധാരണമായ കാരണം 'പ്രൈമറി ഹൈപ്പർഹൈഡ്രോസിസ്' എന്ന അവസ്ഥയാണ്. വിയർപ്പ് ഗ്രന്ഥികൾ കാരണമില്ലാതെ അമിതമായി സജീവമാകുന്നതാണ് ഇതിന് കാരണം. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി അസോസിയേഷൻ (എഎഡി) നൽകുന്ന വിവരമനുസരിച്ച്, പ്രൈമറി ഹൈപ്പർഹൈഡ്രോസിസ് ഉള്ളവരിൽ രാത്രികാലങ്ങളിൽ വിയർപ്പ് സാധാരണയായി കുറവായിരിക്കും. ഈ അവസ്ഥ പലപ്പോഴും ചെറുപ്പകാലത്താണ് ആരംഭിക്കുന്നത്, ഇത് പാരമ്പര്യമായും കണ്ടുവരാറുണ്ട്. ആരോഗ്യത്തിന് ഇത് അപകടകരമല്ലെങ്കിലും, വ്യക്തികളുടെ ആത്മവിശ്വാസത്തെയും ദൈനംദിന ഇടപെടലുകളെയും കാര്യമായി ബാധിക്കാൻ സാധ്യതയുണ്ട്.
എന്നാൽ, 'സെക്കൻഡറി ഹൈപ്പർഹൈഡ്രോസിസ്' കേസുകളിൽ രാത്രികളിലും കൈകളിൽ വിയർപ്പ് ഉണ്ടാകാം. ഇത് മറ്റ് ചില അടിസ്ഥാനപരമായ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായി കണക്കാക്കാം. അതിനാൽ, രാത്രികാലങ്ങളിൽ പോലും അമിത വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടുന്നത് ഉചിതമാണ്.
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കൈപ്പത്തികളിൽ അമിത വിയർപ്പിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്. ഒരു പൊതുവേദിയിൽ സംസാരിക്കുക, പരീക്ഷയെഴുതുക, അല്ലെങ്കിൽ മാനസിക പിരിമുറുക്കമുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ പലർക്കും കൈകൾ അസാധാരണമായി വിയർക്കാറുണ്ട്. സ്ട്രെസ് ഹോർമോണുകൾ വിയർപ്പ് ഗ്രന്ഥികളെ സജീവമാക്കുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. കൈപ്പത്തികൾക്ക് പുറമെ കാൽപാദങ്ങളിലും കക്ഷങ്ങളിലും ഈ അമിത വിയർപ്പ് അനുഭവപ്പെടാം. ഈ സാഹചര്യങ്ങളിൽ മാനസികാരോഗ്യപരമായ പിന്തുണയും സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും സഹായകമാകും.
കൂടാതെ, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളിലെ അപാകതകളും കൈപ്പത്തികളിലെ അമിത വിയർപ്പിന് കാരണമാകാവുന്ന ഒരു പ്രധാന ഘടകമാണ്. കൈപ്പത്തികളിലെ അമിത വിയർപ്പ് ഒരു സാധാരണ കാര്യമായി തോന്നാമെങ്കിലും, അത് ശരീരത്തിന്റെ ചില ആന്തരിക സൂചനകളായിരിക്കും. അതിനാൽ, ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുന്നത് ഭാവിയിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ശരിയായ രോഗനിർണ്ണയവും ചികിത്സയും ഈ അവസ്ഥയിൽ നിന്ന് ആശ്വാസം നൽകാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.
