സാധാരണ ഒരു മുഖക്കുരുവുമായി ആശുപത്രി പടിക്കലെത്തിയ ആ 66-കാരി; അൾട്രാസൗണ്ട് പരിശോധനയിൽ ഡോക്ടർമാരുടെ നെഞ്ച് ഒന്ന് പതറി; അവരുടെ കണ്ണിന് താഴെയായി കണ്ടത്; ചേർത്തലയിലെ ശസ്ത്രക്രിയ വിചിത്രം

Update: 2026-03-07 15:06 GMT

ആലപ്പുഴ: ചേർത്തലയിൽ വയോധികയുടെ മുഖത്തുണ്ടായ കുരുവിൽ നിന്ന് ശസ്ത്രക്രിയയിലൂടെ അപൂർവ്വ ഇനത്തിൽപ്പെട്ട പുഴുക്കളെ പുറത്തെടുത്തു. ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ തൈക്കൽ സ്വദേശിനിയായ 66-കാരിയുടെ കണ്ണിനു താഴെയുള്ള കുരുവിൽ നിന്നാണ് 'ഡിറോഫിലേറിയ' (Dirofilaria) വർഗ്ഗത്തിൽപ്പെട്ട പുഴുക്കളെ കണ്ടെത്തിയത്. നായകളിൽ നിന്ന് കൊതുകു വഴി മനുഷ്യരിലേക്ക് പകരുന്ന ഈ അണുബാധ പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

രോഗിയുടെ കണ്ണിനു താഴെ അസ്വാഭാവികമായ രീതിയിൽ വീക്കവും കുരുവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് അവർ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയ ഡോക്ടർമാർ അൾട്രാസൗണ്ട് സ്കാനിംഗിന് നിർദ്ദേശിച്ചു. ഇതിലാണ് കുരുവിനുള്ളിൽ ജീവനുള്ള പരാദങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

തുടർന്ന് ആശുപത്രിയിലെ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ നേതൃത്വത്തിൽ അടിയന്തര ശസ്ത്രക്രിയ നടത്തി. ഏകദേശം 3.5 സെന്റീമീറ്റർ നീളവും അഞ്ച് മില്ലിമീറ്റർ വണ്ണവുമുള്ള രണ്ട് പുഴുക്കളെയാണ് പുറത്തെടുത്തത്. പുഴുക്കളോടൊപ്പം അവയ്ക്ക് ചുറ്റുമുള്ള കോശങ്ങളെയും പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഇവയെ കൂടുതൽ പഠനങ്ങൾക്കായി ഹിസ്റ്റോപാത്തോളജി പരിശോധനയ്ക്ക് അയച്ചു.

എന്താണ് ഡിറോഫിലേറിയ?

നായ്ക്കളിലും പൂച്ചകളിലുമാണ് ഈ പരാദങ്ങൾ സാധാരണയായി കണ്ടുവരുന്നത്. കൊതുകുകളാണ് ഇവയെ മനുഷ്യരിലേക്ക് എത്തിക്കുന്ന വാഹകർ. രോഗം ബാധിച്ച നായയെ കടിക്കുന്ന കൊതുകുകൾ പിന്നീട് മനുഷ്യനെ കടിക്കുമ്പോൾ പുഴുക്കളുടെ ലാർവകൾ മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നു.

മനുഷ്യരിൽ സാധാരണയായി കണ്ണിനു ചുറ്റും, മുഖം, കഴുത്ത്, കൈകൾ, വയർ തുടങ്ങിയ ഭാഗങ്ങളിൽ ചെറിയ കുരുക്കളായാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഇവ രക്തത്തിൽ കലരുകയോ ആന്തരാവയവങ്ങളെ ബാധിക്കുകയോ ചെയ്താൽ നില ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

വർദ്ധിച്ചുവരുന്ന ഭീഷണി

കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സമാനമായ എട്ടോളം കേസുകൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡോ. മുഹമ്മദ് മുനീർ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തെരുവുനായകളുടെ എണ്ണം വർദ്ധിക്കുന്നതും കൊതുകു നിയന്ത്രണത്തിലെ പാളിച്ചകളും ഇത്തരം അണുബാധകൾ കൂടാൻ കാരണമാകുന്നു.

തെരുവുനായകളിൽ ഇത്തരം പരാദങ്ങൾ വ്യാപകമായി കാണപ്പെടുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്.ആർ. അമീന നിർദ്ദേശിച്ചു. കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വിരനിവാരണ മരുന്നുകൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു.

Tags:    

Similar News