ദഹനം മെച്ചപ്പെടുത്താൻ ഏറെ ഉത്തമം; വെറും വയറ്റിൽ 'കറിവേപ്പില'യിട്ട് തിളപ്പിച്ച വെള്ളം കുടിച്ചോളൂ; കാരണം അറിയാം...
ആരോഗ്യപരമായ നിരവധി ഗുണങ്ങളാൽ സമ്പന്നമായ കറിവേപ്പില, ദിവസവും വെറും വയറ്റിൽ വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രോഗങ്ങളെ അകറ്റിനിർത്താനും സഹായിക്കുമെന്ന് പഠനങ്ങൾ. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയായ കറിവേപ്പില, ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിനപ്പുറം സമഗ്രമായ ആരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.
ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് കറിവേപ്പില വെള്ളത്തിനുണ്ട്. ഇത് മലബന്ധം, നെഞ്ചെരിച്ചിൽ, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. കറിവേപ്പിലയുടെ കാർമിനേറ്റീവ് ഗുണങ്ങൾ വായുവിൻ്റെ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകി ദഹനം മെച്ചപ്പെടുത്തുന്നു.
പ്രമേഹരോഗികൾക്ക് ഏറെ പ്രയോജനകരമായ ഒന്നാണ് കറിവേപ്പില വെള്ളം. രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ദിവസവും ഇത് കുടിക്കുന്നത് ബ്ലഡ് ഷുഗർ നില സാധാരണ നിലയിലാക്കാൻ ഉപകരിക്കും.
മോശം കൊളസ്ട്രോളായ എൽഡിഎൽ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് തടയാനും കറിവേപ്പില വെള്ളം ഫലപ്രദമാണ്. കാർബസോൾ ആൽക്കലോയിഡുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ സംയുക്തങ്ങൾ രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നത് തടയുകയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
മെറ്റബോളിസം വർദ്ധിപ്പിച്ച് ദഹനം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കറിവേപ്പില വെള്ളം സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച പ്രകൃതിദത്ത ഉപാധിയാണ്.
വിറ്റാമിനുകളായ എ, ബി, സി, ഇ, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കൾ എന്നിവയാൽ സമ്പന്നമായ കറിവേപ്പില തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടിക്ക് ഉണ്ടാകുന്ന കേടുപാടുകൾ, താരൻ എന്നിവ കുറച്ച് മുടി കട്ടിയുള്ളതും ശക്തവും തിളക്കമുള്ളതുമാക്കാൻ സഹായിക്കുന്നു. കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്കുകളും മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ചർമ്മത്തിനും കറിവേപ്പില വെള്ളം ഗുണം ചെയ്യും. മുഖത്തെ കറുപ്പ്, വരണ്ട ചർമ്മം, കരുവാളിപ്പ് എന്നിവ അകറ്റാൻ ഇത് സഹായിക്കുന്നു. വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ പിഗ്മെന്റേഷൻ, കറുത്ത പാടുകൾ, ചുവപ്പ് എന്നിവ കുറച്ച് ചർമ്മത്തിൻ്റെ നിറവും ഘടനയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
