കുരുമുളകിട്ട് വരട്ടിയാൽ പിന്നെ..നാവിൽ കപ്പൽ ഓടും; 'ഇറച്ചി' പാചകം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം; വിദഗ്ധർ പറയുന്നത്
ഇറച്ചി അമിതമായി ഉയർന്ന താപനിലയിൽ വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കാൻ ഇടയാക്കുമെന്ന് കരൾ രോഗ വിദഗ്ധൻ ഡോ. അബി ഫിലിപ്സ് മുന്നറിയിപ്പ് നൽകി. 'ലിവർ ഡോക്ടർ' എന്നറിയപ്പെടുന്ന അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിരിക്കുന്നത്. ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷണങ്ങൾ പാചകം ചെയ്യുന്ന രീതിയെക്കുറിച്ച് പലർക്കും ശരിയായ അവബോധമില്ലെന്നും ഇത് ദീർഘകാല ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉയർന്ന താപനിലയിൽ മാംസം പാചകം ചെയ്യുമ്പോൾ മൂന്ന് പ്രധാന ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടുന്നു. 150 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മാംസത്തിലെ ക്രിയാറ്റിൻ, അമിനോ ആസിഡുകൾ, പഞ്ചസാര എന്നിവ തമ്മിൽ പ്രവർത്തിക്കുമ്പോൾ രൂപപ്പെടുന്ന ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs) കാൻസറിന് കാരണമാവാം. കൊഴുപ്പിൽ നിന്നുള്ള ചൂടിൽ നിന്നുണ്ടാകുന്ന പുക മാംസത്തിൽ പറ്റിപ്പിടിക്കുമ്പോൾ രൂപപ്പെടുന്ന പോളി-സൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) മറ്റൊരു പ്രധാന പ്രശ്നമാണ്.
ഉയർന്ന താപനിലയിൽ പഞ്ചസാരയും പ്രോട്ടീനും തമ്മിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്-പ്രോഡക്റ്റുകൾ (AGEs) ഓക്സിഡേറ്റീവ് സമ്മർദ്ദത്തിനും നീർവീക്കത്തിനും കാരണമാകുന്നു. ഇവ കരളിനും ഹൃദയത്തിനും അമിതഭാരം നൽകുകയും ദീർഘകാല രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യാം.
കരളിന് അനുയോജ്യമായ പാചക രീതികളാണ് ആവിയിൽ വേവിക്കുകയോ വെള്ളത്തിൽ തിളപ്പിക്കുകയോ ചെയ്യുന്നത്. ഇത്തരം രീതികൾ പോഷകങ്ങൾ സംരക്ഷിക്കാനും ഹാനികരമായ രാസവസ്തുക്കളുടെ ഉത്പാദനം കുറയ്ക്കാനും സഹായിക്കും.