മൂന്ന് മഹാരോഗങ്ങള്‍ ഒരുപോലെ കത്തിപടരുന്നു; പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്ന മരണ വൈറസുകളില്‍ കണ്ണില്‍ നിന്ന് രക്തം വരുന്ന നിപ്പയേക്കാള്‍ അപകടകാരിയായ മാര്‍ബറോ വൈറസും; ജാഗ്രതയില്ലെങ്കില്‍ മരണം ഉറപ്പ്

Update: 2024-11-27 01:07 GMT

ലണ്ടന്‍: ബ്രിട്ടീഷുകര്‍ക്ക് മരണകാരിയായ വൈറസിനെതിരെ അടിയന്തിര മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സര്‍ക്കാര്‍. പതിനേഴ് രാജ്യങ്ങളില്‍ പടര്‍ന്ന് പന്തലിക്കുന്ന വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ്. മാര്‍ബഗ്, ഓറൊപോച്ച് വൈറസിന്റെ ക്ലെയ്ഡ് വണ്‍ വകഭേദത്തിനെതിരെയാണ് മുന്നറിയിപ്പ്. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന കരീബിയയിലെ ഒരു രാജ്യം ഉള്‍പ്പടെ പതിനേഴ് രാജ്യങ്ങളിലാണ് ഇപ്പോള്‍ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയിരിക്കുന്നതില്‍ ഏറ്റവും മാരകമായ മാര്‍ബഗ് വൈറസിന്റെ വ്യാപനം ശക്തമാകുന്നത് ആശങ്കയോടെയാണ് ശാസ്ത്രലോകം കാണുന്നത്.

റുവാണ്ടയില്‍ ഇത് ഇതിനോടകം തന്നെ പതിനഞ്ചോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ നൂറുകണക്കിന് ആളുകള്‍ ഇപ്പോള്‍ നിരീക്ഷണത്തിലുമാണ്. ബാധിച്ചവരുടേ കണ്ണുകളില്‍ നിന്നും രക്തമൊലിപ്പ് ഉണ്ടാക്കുന്ന ഈ വൈറസ് മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നിട്ടുണ്ടാകാം എന്ന ഭയത്തിലാണ് ശാസ്ത്രജ്ഞരും. അതിനിടയില്‍, സ്ലോത്ത് ഫീവര്‍ എന്ന രോഗത്തിനിടയാക്കുന്ന ഓറോപൊച്ച് വൈറസ് അതിന്റെ തനത് ആവാസ കേന്ദ്രമായ കരീബിയന്‍ ദ്വീപുകളുടെ പുറത്തേക്കും പടര്‍ന്നിരിക്കുകയാണ്. ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലാണ് ഇപ്പോള്‍ ഈ വൈറസിന്റെ സാന്നിദ്ധ്യംകണ്ടെത്തിയിരിക്കുന്നത്.

എംപോക്സിന്റെ മറ്റൊരു വകഭേദമായ ക്ലെയ്ഡ് വണ്‍ ഇപ്പോള്‍ ആഫ്രിക്കയില്‍ അതിവേഗം പടരുകയാണ്. കാനഡ, യു കെ, സ്വീഡന്‍ എന്നിവിടങ്ങളിലും ചില കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്. യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി കമ്മീഷന്‍ ചെയ്തിരിക്കുന്ന ട്രാവല്‍ ഹെല്‍ത്ത് പ്രോ എന്ന വെബ്‌സൈറ്റാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രാവല്‍ ഹെല്‍ത്തിനെ കുറിച്ച് ഏറ്റവും പുതിയ മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നതിനായിട്ടാണ് ഈ വെബ്‌സൈറ്റ് രൂപ്പീകരിച്ചിരിക്കുന്നത്.

മാര്‍ബഗ് വൈറസ് രോഗത്തിന്റെ വ്യാപനം റുവാണ്ടയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് അതില്‍ പറയുന്നത്. സമാനമായ രീതിയില്‍ ഒന്നിലധികം രാജ്യങ്ങളില്‍ എംപോക്സ് ക്ലെയ്ഡ് വണ്‍, ഓറൊപോച്ച് വൈറസുകളുടെ വ്യാപനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെബ്‌സൈറ്റില്‍ പറയുന്നു. മാര്‍ബഗ് എന്ന് പറയുന്നത് തലച്ചോറിലെ ധമനികള്‍ പൊട്ടി രക്തസ്രാവത്തിന് ഇടയാക്കുന്ന തരത്തിലുള്ള പനിയാണ്. സാധാരണയായി കണ്ണില്‍ കൂടി രക്തമൊലിക്കുന്നതാണ് ഇതിന്റെ ലക്ഷണം. വായില്‍ കൂടിയും ചെവിയില്‍ കൂടിയും രക്തമൊലിപ്പ് ഉണ്ടാകാം.

ഇതിന് ഇതുവരെ ഒരു അംഗീകൃത വാക്സിന്‍ കണ്ടെത്തിയിട്ടില്ല. അതുപോലെ, രോഗബാധയുള്ള ഒരു വ്യക്തിയെ സ്പര്‍ശിക്കുന്നതിലൂടെയും ശരീര സ്രവങ്ങളിലൂടേയും ഇത് പടരും. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, കിടക്ക തുടങ്ങിയവയിലൂടേയും മൃഗങ്ങളിലൂടേയും ഇത് പടരുന്നതിനുള്ള സാധ്യതയുണ്ട്. ഈ രോഗം ബാധിച്ചവരുടെ മുഖം ചുളുങ്ങിയും, കണ്ണുകള്‍ ഉന്തിയും ഒരു പ്രേതസമാനമായ ഭാവമായിരിക്കും മുഖത്തുണ്ടാവുക. രോഗം ബാധിച്ചവരില്‍ 88 ശതമാനമാണ് മരണ നിരക്ക് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രോഗം ബാധിച്ച 10 പേരില്‍ 9 പേരും മരണമടയാനാണ് സാധ്യത.

വിദേശത്തായിരിക്കുമ്പോള്‍ ബ്രിട്ടീഷുകാര്‍ മരണ ശുശ്രൂഷകളിലും, ശവ സംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കരുതെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. അതുപോലെ, പരമ്പരാഗത വൈദ്യന്മാരെ കാണുന്നതും, കാട്ടു മൃഗങ്ങളുടെ മാംസം പാചകം ചെയ്യുന്നതും ഭക്ഷിക്കുന്നതും ഒഴിവാക്കണമെന്നും അതില്‍ പറയുന്നു. അതുപോലെ ഖനികള്‍, വവ്വാലുകളുറങ്ങുന്ന ഗുഹകള്‍ എന്നിവ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും, വന്യമൃഗങ്ങളുമായി സമ്പര്‍ക്കം അരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഖനികളോ ഗുഹകളോ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍, കൈയുറകളും മറ്റ് സംരക്ഷണ കവചങ്ങളും ധരിച്ച് മാത്രം പോവുക. അതിനിടയില്‍ ഓറോപോച്ച് വൈറസ് ഈ വര്‍ഷം ഇതുവരെ മാതം 10,000 ല്‍ അധികം ആളുകളെ ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Tags:    

Similar News