കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ഫ്‌ലൂ വാക്സിന്‍ എടുക്കാന്‍ ഒരാളും മടിക്കരുതേ.. ഒന്നര വയസുള്ള കുഞ്ഞിനെ നഷ്ടമായ അമ്മയുടെ അപേക്ഷ; കാന്‍സര്‍ ചികിത്സയ്ക്കിടയില്‍ രോഗിയില്‍ നിന്നും ഡോക്ടര്‍ക്ക് രോഗബാധ; ആദ്യ സംഭവമെന്ന് ശാസ്ത്രലോകം
ലണ്ടന്‍: ജനന ശേഷം കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ട വാക്സിനുകള്‍ യാതൊരു കാരണവശാലും മുടക്കരുതേ എന്നഭ്യര്‍ത്ഥിച്ച് ഒരമ്മ. ഫ്ളൂ വാക്സിന്‍ കൊടുക്കാന്‍ സാധിക്കാതിരുന്നതു മൂലം തന്റെ ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളെ ക്രിസ്തുമസ് ദിനത്തില്‍ മരണം കവര്‍ന്ന സാഹചര്യത്തിലാണ് കണ്ണീരോടെ ഈ അമ്മ പ്രതികരിച്ചിരിക്കുന്നത്. 15 മാസം പ്രായമുള്ള രണ്ടു മക്കള്‍ക്കും പനി ബാധിക്കുകയും രണ്ടു പേരും കോമാ സ്റ്റേജിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ അതില്‍ നിന്നും വിന്നി എന്ന കുട്ടി അത്ഭുതകരമായ സുഖം പ്രാപിക്കുകയാണെങ്കിലും സഹോദരന്‍ ലൂയി മരണത്തിനു കീഴടങ്ങി. സ്റ്റോക്ക് ഓണ്‍ ടീസിലാണ് സംഭവം.
കുട്ടികളുടെ ഫ്ളൂ വാക്സിനുകള്‍ ഒരിക്കലും മുടക്കരുതെന്ന് മാതാപിതാക്കളെ ഓര്‍മ്മിപ്പിക്കുന്നതാണ് തന്റെ അനുഭവം. കൂടാതെ, ഫ്ളൂ ജാബുകളും നേസല്‍ സ്പ്രേകളും നിര്‍ബന്ധമാക്കാനും ആ അമ്മ ആവശ്യപ്പെടുന്നു. തന്റെ ജീവിതത്തില്‍ ഒരിക്കലും ഇങ്ങനെയൊരു സംഭവം ഉണ്ടാകുമെന്നും കുഞ്ഞിന്റെ മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണ കാരണം പനി ആകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്ന് കണ്ണീരോടെ അവര്‍ പറയുന്നു.
26 ആഴ്ചയും രണ്ട് ദിവസവും ആയപ്പോഴാണ് ഈ കുഞ്ഞുങ്ങള്‍ ജനിച്ചത്. തുടര്‍ന്ന് ജനനം മുതല്‍ മാസങ്ങളോളം ആശുപത്രിയില്‍ ചിലവഴിച്ചിട്ടും അവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അവര്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുകയായിരുന്നു. എന്നാല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യം നഷ്ടമാവുകയും ക്രിസ്തുമസ് ദിനത്തില്‍ ലൂയി മരണപ്പെടുകയും ആയിരുന്നു. ന്യൂകാസിലിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവനെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇപ്പോള്‍ അവന്റെ ചിരിയും ഓര്‍മ്മകളിലും നീറുകയാണ് ആ അമ്മ.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്എസ്എ) ഈ ശൈത്യകാലത്തെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്, ഇംഗ്ലണ്ടിലെ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളില്‍ പകുതിയില്‍ താഴെ പേര്‍ക്ക് മാത്രമേ ഫ്ലൂ ബാധിച്ചിട്ടുള്ളൂ. ആറ് മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ വാക്സിന്‍ എടുക്കാവുന്നതാണ്. അമ്മമാര്‍ക്ക് അവരുടെ ഗര്‍ഭത്തിന്റെ ഏത് ഘട്ടത്തിലും ഇത് എടുക്കാം. ''കഴിയുമെങ്കില്‍ അവരുടെ കുട്ടിക്ക് വാക്സിനേഷന്‍ നല്‍കാന്‍ ഞാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് നിര്‍ബന്ധിതമാക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു,'' എന്നാണ് മിസ് ഹ്യൂസ് പറഞ്ഞത്.
കാന്‍സര്‍ ചികിത്സയ്ക്കിടയില്‍ രോഗിയില്‍ നിന്നും ഡോക്ടര്‍ക്ക് രോഗബാധ
ഒരു കാന്‍സര്‍ രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് മാരകമായ രോഗം പിടിപെട്ടെന്ന് റിപ്പോര്‍ട്ട്. രോഗിയുടെ ട്യൂമര്‍ കോശങ്ങള്‍ കൈയിലെ ഒരു മുറിവില്‍ ഒലിച്ചിറങ്ങിയപ്പോഴാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ആകസ്മികമായി രോഗം ബാധിച്ചത്. ജര്‍മ്മനിയിലെ 32കാരനായ യുവാവിനായിരുന്നു അപൂര്‍വയിനം കാന്‍സര്‍ ബാധിച്ചത്. തുടര്‍ന്ന് വയറില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്യവെയാണ് ശസ്ത്രക്രിയാ വിദഗ്ധനായ ഡോക്ടര്‍ക്ക് രോഗം ബാധിച്ചത്.
ശസ്ത്രക്രിയയ്ക്കിടെ രോഗിക്ക് ഡ്രെയിനേജ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡോക്ടറുടെ കൈയ്ക്ക് മുറിവേറ്റിരുന്നു. മുറിവ് അണുവിമുക്തമാക്കുകയും ഉടനടി ബാന്‍ഡേജ് ചെയ്യുകയും ചെയ്തിട്ടും രോഗം ബാധിക്കുകയായിരുന്നു. ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് 53 കാരനായ ഡോക്ടറുടെ നടുവിരലിന്റെ അടിയില്‍ 1.2 ഇഞ്ച് കട്ടിയുള്ള ഒരു മുഴ വളരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഒരു ഹാന്‍ഡ് സ്പെഷ്യലിസ്റ്റിനെ കണ്ടപ്പോഴാണ് മാരകമായ ട്യൂമര്‍ മുഴയാണെന്ന് തിരിച്ചറിഞ്ഞതും ആ രോഗിയില്‍ നിന്നും ട്യൂമര്‍ കോശങ്ങള്‍ മുറിവിലൂടെ പടര്‍ന്നതാണെന്നും തിരിച്ചറിഞ്ഞത്. ഈ കേസ് തികച്ചും അസാധാരണമെന്നാണ് ഇപ്പോള്‍ വിലയിരുത്തിയിരിക്കുന്നത്.