എത്ര അളവ് വരെ മദ്യം കഴിച്ചിട്ട് കാറോടിക്കാം? പുതിയ ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് നിലവില്‍ വരുമ്പോള്‍ യുകെയില്‍ കാറോടിക്കുന്ന എത്ര പേര്‍ക്ക് ഈ ചോദ്യത്തിന് ഉത്തരമുണ്ട്? രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് ഡ്രൈവിങ്ങില്‍ അതി നിര്‍ണായകം

Update: 2025-08-17 03:37 GMT

പ്രായപൂര്‍ത്തിയായവരില്‍ അഞ്ചില്‍ നാലാള്‍ക്ക് വീതം വാഹനമോടിക്കുമ്പോള്‍ ശരീരത്തില്‍ എത്രമാത്രം ആല്‍ക്കഹോളിന്റെ അംശമാകാം എന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലും താമസിക്കുന്നവര്‍ക്കിടയിലായിരുന്നു പഠനം നടത്തിയത്. പഠനവിധേയരായവരില്‍ ഏകദേശം 25 ശതമാനത്തോളം പേര്‍ ചിന്തിക്കുന്നത് ശരീരത്തിലെ ആല്‍ക്കഹോളിന്റെ അംശം കണക്കാക്കുന്നത് അവര്‍ കഴിച്ച മദ്യത്തിന്റെ അളവിനെ ആസ്പദമാക്കിയാണെന്നാണ്. അതായത്, പുരുഷന്മാര്‍ക്ക് 175 മി. ലിറ്ററിന്റെ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസുകളും സ്ത്രീകള്‍ക്ക് ഒരു ഗ്ലാസ്സും ആകാമെന്നാണ് അവരുടെ ധാരണ എന്ന് ഡയറക്റ്റ് ലൈന്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് നടത്തിയ പഠനത്തില്‍ തെളിയുന്നു.

എന്നാല്‍, യഥാര്‍ത്ഥത്തില്‍, വാഹനമോടിക്കുമ്പോള്‍ ശരീരത്തിലുള്ള ആല്‍ക്കഹോളിന്റെ അളവ് കണക്കാക്കുന്നത് 100 മില്ലി ലിറ്റര്‍ ശ്വാസത്തില്‍, അല്ലെങ്കില്‍, രക്തത്തില്‍ അതുമല്ലെങ്കില്‍ മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന മൈക്രോഗ്രാമുകളുടെ അടിസ്ഥാനത്തിലാണ്. ഇംഗ്ലണ്ടിലും, വെയ്ല്‍സിലും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും 100 മില്ലി ലിറ്റര്‍ ശ്വാസത്തില്‍ ഇപ്പോള്‍ 35 മൈക്രോഗ്രാം വരെ ആല്‍ക്കഹോള്‍ അനുവദനീയമാണ്. അതല്ലെങ്കില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 80 മൈക്രോഗ്രാം, സമാനമായ അളവ് മൂത്രത്തില്‍ 107 മൈക്രോക്രാം ആല്‍ക്കഹോളും അനുവദനീയമാണ്.

എണ്‍പത്തിരണ്ട് ശതമാനം പേര്‍ക്കും ഈ പരിധി കണ്ടെത്താനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പഠന വിധേയമാക്കിയവരില്‍ പകുതിയോളം പേര്‍ പറയുന്നത് അവര്‍ക്ക് വാഹനമോടിക്കുമ്പോഴുള്ള ആല്‍ക്കഹോളിന്റെ പരിധി കണക്കാക്കുന്നത് മനസ്സിലാകുന്നില്ല എന്നാണ്. ഇപ്പോള്‍ ഈ പരിധി കുറച്ച് സ്‌കോട്ട്‌ലാന്‍ഡിന്റെ തലത്തിലേക്ക് എത്തിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ഹെയ്ദി അലക്സാണ്ടര്‍ പദ്ധതി തയ്യാറാക്കുന്നത്. നിലവില്‍ സ്‌കോട്ട്‌ലാന്‍ഡില്‍ വാഹനമോടിക്കുമ്പോള്‍ രക്തത്തില്‍ അനുവദനീയമായ ആല്‍ക്കഹോള്‍ പരിധി 0.05 ശതമാനമാണെങ്കില്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അത് 0.08 ശതമാനമാണ്.

പഠനവിധേയമാക്കിയവരില്‍ നാലിലൊന്ന് പേര്‍ പറയുന്നത് നാലോ അതിലധികമോ ഗ്ലാസ്സ് മദ്യം കഴിച്ചാലും അവര്‍ക്ക് സുരക്ഷിതമായി വാഹനമോടിക്കാന്‍ കഴിയുമെന്നാണ്. മൂന്നിലൊന്ന് പേര്‍ പറയുന്നത് അവരുടെ രക്തം ആല്‍ക്കഹോളിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുമെന്നും അതുകൊണ്ടു തന്നെ, അവരുടെ പരിധി അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നുമാണ്. മറ്റൊരു മൂന്നിലൊന്ന് പേര്‍ പറയുന്നത്, മദ്യത്തോടൊപ്പം, ആല്‍ക്കഹോള്‍ കലരാത്ത ശീതള പാനീയങ്ങളോ വെള്ളമോ കുടിച്ചാല്‍, അത് ആല്‍ക്കഹോളിന്റെ ശരീരത്തിലെ പ്രഭാവം കുറയ്ക്കുമെന്നാണ്. ഇത് തികച്ചും തെറ്റാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.

Tags:    

Similar News