ചോറ് വാരി കഴിക്കുമ്പോൾ കറിയിൽ അല്പം വിതറുന്നത് മസ്റ്റാ..; അല്ലെങ്കിൽ ആഹാരം ഇറങ്ങാൻ തന്നെ പാട്; മലയാളികളുടെ വികാരമായ 'ഉപ്പ്' അത്ര അപകടകാരിയാണോ?; കാർഡിയോളജിസ്റ്റ് പറയുന്നത്
ഭക്ഷണത്തിൽ ഉപ്പ് ഒഴിവാക്കാനോ കുറയ്ക്കാനോ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുമായി പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ബോജ്‌രാജ്. ഉപ്പ് അമിതമായി കഴിക്കുന്നത് രക്തസമ്മർദം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെങ്കിലും, വൈദ്യസഹായം തേടാതെ പൂർണമായി ഒഴിവാക്കുന്നത് അപകടകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപ്പിന്റെ ഉപയോഗത്തെയും ഹൃദയാരോഗ്യത്തിലുള്ള സ്വാധീനത്തെയും കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലാണ് ഡോക്ടർ ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്.
ഉയർന്ന അളവിൽ സോഡിയം ശരീരത്തിലെത്തുന്നത് രക്തക്കുഴലുകളെ ദോഷകരമായി ബാധിക്കുകയും ഉയർന്ന രക്തസമ്മർദത്തിന് വഴിയൊരുക്കുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാനും ഇടയാക്കും. കൂടാതെ, അമിതമായ സോഡിയം ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിന് കാരണമാകും, ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടർ ഓർമ്മിപ്പിച്ചു.
എന്നാൽ, ഉപ്പ് എല്ലാവർക്കും മോശമാണെന്ന് ഇതിനർത്ഥമില്ല. യഥാർത്ഥത്തിൽ, ശരീരത്തിന് സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ്, മറ്റ് ഇലക്ട്രോലൈറ്റുകൾ എന്നിവ ശരിയായ അളവിൽ ആവശ്യമാണ്. ഇവയുടെ അളവ് അധികമാകുമ്പോഴാണ് ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഉപ്പ് നല്ലതാണോ ചീത്തയാണോ എന്നതിലുപരി, അത് വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണെന്നും ഡോ. ബോജ്‌രാജ് കൂട്ടിച്ചേർത്തു.
പൂർണ്ണമായും ഉപ്പ് കഴിക്കുന്നത് നിർത്തുന്നതിന് മുമ്പ് ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. വൈദ്യസഹായം തേടാതെ ഉപ്പ് പൂർണ്ണമായി ഒഴിവാക്കുന്നത് ഇലക്ട്രോലൈറ്റ് ബാലൻസ് താളം തെറ്റിക്കാനും അതുവഴി ആരോഗ്യത്തിന് തിരിച്ചടിയാകാനും സാധ്യതയുണ്ട്. അത്തരമൊരു കർശനമായ നിയന്ത്രണം പലപ്പോഴും ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോ എന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളുമുണ്ട്. വയറു വീർക്കുന്നത് ഇതിലൊന്നാണ്. ഉപ്പ് അമിതമാകുമ്പോൾ ശരീരത്തിൽ ജലാംശം വർധിക്കുകയും ദ്രാവകം അടിയുകയും ചെയ്യുന്നതാണ് ഇതിന് കാരണം. ഉയർന്ന രക്തസമ്മർദം ഉണ്ടാകുന്നതിനുള്ള പല കാരണങ്ങളിൽ ഉപ്പിന്റെ അമിതമായ ഉപയോഗവും ഉൾപ്പെടുന്നു.
അതിനാൽ, ഉപ്പിന്റെ ഉപയോഗത്തിൽ വ്യക്തിഗത ആരോഗ്യനില കണക്കിലെടുത്ത് ശ്രദ്ധ പുലർത്തണമെന്നും, ഭക്ഷണക്രമത്തിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടണമെന്നും ഡോ. സഞ്ജയ് ബോജ്‌രാജ് ഓർമ്മിപ്പിക്കുന്നു.
