'ലോകത്തെവിടെയും പാപം നിറയുന്നു, ദുർബലനാകരുത്'; നിലപാടാണ് കർമ്മത്തേയും ദിക്കിനെയുമെല്ലാം രണ്ടായി കാണുന്നത്; അതു കേട്ട് പാതിരിക്ക് ചിരി വന്നു; കുറിപ്പുമായി വി.കെ ശ്രീരാമൻ
കൊച്ചി: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. എല്ലാ ദിവസവും രാവിലെ 'ആകയാലും പ്രിയരേ, സുപ്രഭാതം...' എന്ന തലക്കെട്ടിൽ നർമ്മം ചാർത്തിയ സാമൂഹിക വിമർശനങ്ങളും ഉൾക്കാഴ്ചകളുമുള്ള കുറിപ്പുകൾ പങ്കുവെക്കാറുള്ള ശ്രീരാമന്റെ ഏറ്റവും പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഒരു ചെറുപ്പക്കാരനായ വൈദികനെ പിതാവിനെപ്പോലെ ചേർത്തുനിർത്തുന്ന ചിത്രമാണ് ഇതിനൊപ്പം അദ്ദേഹം പങ്കുവെച്ചത്.
വി.കെ ശ്രീരാമന്റെ കുറിപ്പ്:
തെറ്റു ചെയ്യുന്നവരോട് പൊറുക്കുന്നതിനു പകരം അവരുടെ നേരെ കൊലവിളിച്ചെത്തുന്നതുകൊണ്ടെന്തു കാര്യം.? ലോകത്തെവിടെയും പാപം നിറയുന്നു സീരാമേട്ടാ പാപം നിറയുന്നു. ദുർബ്ബലനാവരുത്. ശരിയെന്നും തെറ്റെന്നും ഇല്ല. കിഴക്കെന്നും പടിഞ്ഞാറെന്നുമില്ല. മേലെയെന്നും താഴെയെന്നുമില്ല. പാപമെന്നും പുണ്യമെന്നുമില്ല. നമ്മുടെ നിലപാടാണ് കർമ്മത്തേയും ദിക്കിനെയുമെല്ലാം രണ്ടായി കാണുന്നത്. ആകയാൽ അദ്വൈതത്തിലേക്കു വരിക അഹം ബ്രഹ്മാസ്മി, തത്വമസി മുതലയായ സൂത്രവാക്യങ്ങൾ ഉരുവിടുക. അതു കേട്ട് പാതിരിക്ക് ചിരി വന്നു.
ഈ പോസ്റ്റ് കണ്ട വൈദികൻ പിന്നീട് കമന്റ് വിഭാഗത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി. "ഈ സ്നേഹാലിംഗനത്തിന് പിന്നിൽ ഇത്രയും അർത്ഥതലങ്ങൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നന്ദിയുണ്ട് ശ്രീരാമേട്ടാ..." എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഇതിന് മറുപടിയായി 'സ്നേഹത്തിന് പല അർത്ഥതലങ്ങളുമുണ്ട്' എന്ന് ശ്രീരാമൻ കുറിച്ചു.