ജൂബിലി വര്‍ഷം 2025 അയര്‍ലണ്ട് സീറോ മലബാര്‍ സഭയില്‍ തിരിതെളിഞ്ഞു

Update: 2025-03-03 14:37 GMT

ഡബ്ലിന്‍ : പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ പ്രഖ്യാപിച്ച ജൂബിലി വര്‍ഷത്തിന്റെ അയര്‍ലണ്ട് സീറോ മലബാര്‍ സഭാതല ഔദ്ദോഗീക ഉത്ഘാടനം ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തില്‍ നടന്നു. അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ബെല്‍ ഫാസ്റ്റ് റീജിയണല്‍ ഡയറക്ടറും, കമ്യൂണിക്കേഷന്‍, മീഡിയ ആന്റ് പബ്ലിക് റീലേഷന്‍സ് ഡയറക്ടറുമായ ഫാ. ജോസ് ഭരണികുളങ്ങര ദീപം തെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു. നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. സെബാന്‍ സെബാസ്റ്റ്യന്‍, ഫാ. ബൈജു ഡേവീസ് കണ്ണാംപള്ളി, നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ട്രസ്റ്റിമാരായ ലിജി ലിജോ, ബിനോയ് ജോസ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിമാര്‍, ഡബ്ലിന്‍ റീജിയണല്‍ ഭാരവാഹികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ വിശ്വാസികള്‍ പരിപാടിയില്‍ സംബന്ധിച്ചു.

ക്രിസ്തുജയന്തിയുടെ രണ്ടായിരത്തി ഇരുപത്തഞ്ചാം വര്‍ഷമാണ് ജൂബിലിവര്‍ഷമായി ആചരിക്കുന്നത്. പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ഈവര്‍ഷത്തെ ആപ്തവാക്യം. സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കി പ്രത്യാശയോടെ ജീവിക്കാനുള്ള സന്ദേശമാണ് ഈ ജൂബിലി വര്‍ഷം നല്‍കുന്നത്. ലോകവും കത്തോലിക്കാ സഭയും പുതിയ സഹസ്രാബ്ദത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുത്ത 2000 വര്‍ഷത്തിലാണ് ഇതിന് മുമ്പുള്ള സാധാരണ ജൂബിലി നടന്നത്.

ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടേയും ഭക്തസംഘടനകളുടേയും നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ബൈബിള്‍ അപ്പസ്‌തോലേറ്റ് സംഘടിപ്പിക്കുന്ന മരിയന്‍ (പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ഫ്രാന്‍സ്) തീര്‍ത്ഥാടനം ജൂലൈ - ഓഗസ്റ്റ് മാസങ്ങളില്‍ നടക്കും.

Similar News