വ്യാജ വിദേശ മദ്യം നിർമിച്ച് വിൽപ്പന; താമസസ്ഥലത്തെ റെയ്ഡിൽ കണ്ടെത്തിയത് മുന്നൂറിലധികം കുപ്പികൾ; കുവൈറ്റിൽ ഏഷ്യൻ പ്രവാസിയെ അറസ്റ്റ് ചെയ്ത് പോലീസ്
കുവൈറ്റ്: കുവൈറ്റിൽ വ്യാജ വിദേശ മദ്യം നിർമ്മിച്ച് വിതരണം ചെയ്ത ഏഷ്യൻ പ്രവാസി പിടിയിലായി. മഹ്ബൂലയിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഖൈത്താൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ നീക്കത്തിൽ ഇയാളുടെ താമസസ്ഥലത്ത് നിന്ന് മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങളും സാധനങ്ങളും 300-ൽ അധികം വ്യാജ മദ്യക്കുപ്പികളും പിടിച്ചെടുത്തു.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ എത്ര നാളായി ഈi പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നു, അസംസ്കൃത വസ്തുക്കൾ എവിടെ നിന്നാണ് ശേഖരിച്ചത്, വിദേശ മദ്യമെന്ന് തോന്നിപ്പിക്കാൻ വ്യാജ ലേബലുകളും ഉത്പാദന രീതികളും എങ്ങനെ ഉപയോഗിച്ചു തുടങ്ങിയ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ അധികൃതർ ലക്ഷ്യമിടുന്നു. നിയമനടപടികൾക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിൽ മദ്യവുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജഹ്റയിൽ നടന്ന റെയ്ഡിൽ നാടൻ മദ്യവും വിദേശ മദ്യവും വിറ്റഴിച്ച മറ്റൊരു ഏഷ്യൻ പ്രവാസിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് 18 കുപ്പി മദ്യം കണ്ടെടുത്തു. അൻദലൂസിയയിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ 18 മദ്യക്കുപ്പികളുമായി വാഹനം പിടിച്ചെടുത്തു. വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്നീട് പിടികൂടി. നാടുകടത്തൽ നടപടികൾക്കായി ഇയാളെ റഫർ ചെയ്തിട്ടുണ്ട്.