കുവൈറ്റും ഇറാഖും ചേർന്ന് ഒരുമിച്ച് നടത്തിയ ഓപ്പറേഷൻ; പിടിച്ചെടുത്തത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന്; ഒരാളെ കൈയ്യോടെ പൊക്കി

Update: 2026-02-18 11:52 GMT

കുവൈറ്റ്: കുവൈത്തും ഇറാഖും സംയുക്തമായി നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിൽ 27 കോടി രൂപ വിലമതിക്കുന്ന കാപ്റ്റഗൺ ഗുളികകൾ പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ ഒരംഗത്തെ അറസ്റ്റ് ചെയ്യുകയും കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തുകയും ചെയ്തു.

ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള മയക്കുമരുന്ന് നിയന്ത്രണ ജനറൽ വകുപ്പും ഇറാഖിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് സഹകരിച്ചാണ് ഈ ഓപ്പറേഷൻ നടത്തിയത്. കുവൈത്തിൽ അനധികൃതമായി താമസിക്കുന്ന ഒരാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഏകദേശം 3,14,000 കാപ്റ്റഗൺ ഗുളികകളാണ് കണ്ടെടുത്തത്. വിപണിയിൽ ഇതിന് ഏകദേശം പത്ത് ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 27 കോടി രൂപ) വിലവരുമെന്ന് അധികൃതർ അറിയിച്ചു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനാണ് ഇവ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, വിദേശത്തുള്ള തന്റെ സഹായിയുമായി ചേർന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു. ഇയാൾ മുൻപും സമാനമായ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കുവൈറ്റിലെ യുവതലമുറയെ ലക്ഷ്യമിട്ട് നടക്കുന്ന മയക്കുമരുന്ന് കടത്തിനെതിരെ കർശന നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ സംയുക്ത നീക്കം രാജ്യത്തെ മയക്കുമരുന്ന് വിതരണ ശൃംഖലകൾക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

Tags:    

Similar News