ഒന്ന് വലിക്കാൻ തോന്നിയാൽ ഫോൺ തപ്പും; ഡെലിവറി ആപ്പുകൾ വഴി 'സിഗരറ്റ്' വിൽക്കുന്നത് നിരോധിച്ച് കുവൈറ്റ്; നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ

Update: 2026-03-24 11:12 GMT

കുവൈറ്റ്: കുവൈറ്റിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി സിഗരറ്റുകൾ, ഇലക്ട്രോണിക് സിഗരറ്റുകൾ ഉൾപ്പെടെയുള്ള എല്ലാ പുകയില ഉൽപ്പന്നങ്ങളുടെയും വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമവിരുദ്ധമായ വിപണനം തടയുന്നതിനുമുള്ള ശക്തമായ നീക്കമെന്ന നിലയിലാണ് കുവൈറ്റ് വാണിജ്യ മന്ത്രാലയം ഈ ഉത്തരവ് പുറത്തിറക്കിയത്.

വാണിജ്യ മന്ത്രി ഒസാമ ബൂദായി പുറത്തിറക്കിയ 2026-ലെ 27-ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരം, സിഗരറ്റുകൾ, പുകയില ഉൽപ്പന്നങ്ങൾ, അവയുടെ അനുബന്ധ ഘടകങ്ങൾ, ഇലക്ട്രോണിക് സിഗരറ്റുകൾ, അതുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ ഡെലിവറി ആപ്പുകൾ വഴിയോ സമാനമായ മറ്റ് ഡിജിറ്റൽ സംവിധാനങ്ങൾ വഴിയോ വിൽക്കാൻ പാടുള്ളതല്ല.

നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. മറ്റ് നിയമങ്ങൾ പ്രകാരമുള്ള ശിക്ഷകൾക്ക് പുറമെ, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം നേരിട്ട് പിഴ ചുമത്തുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ആദ്യഘട്ടത്തിൽ താക്കീത് നൽകുകയും നിയമലംഘനം തുടർന്നാൽ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്യും. ആവർത്തിച്ച് നിയമം ലംഘിക്കുന്ന സാഹചര്യങ്ങളിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

Tags:    

Similar News