അത് ഞരമ്പിനുള്ള മരുന്ന്; ഡോക്ടർ പറഞ്ഞിട്ട് വാങ്ങിച്ചതാണ്!! പ്രതികളുടെ വെളിപ്പെടുത്തൽ കേട്ട് ഒട്ടും പതറാതെ കോടതി; മയക്കുമരുന്ന് കേസിൽ കുവൈറ്റിൽ പ്രമുഖ വനിതയും ഭർത്താവും കുടുങ്ങി

Update: 2026-02-20 05:00 GMT

കുവൈറ്റ്: മയക്കുമരുന്ന് ഉപയോഗിച്ചതിനും വിദേശത്ത് നിന്ന് മയക്കുമരുന്ന് ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതിനും പ്രമുഖ കുവൈറ്റ് വനിതയ്ക്കും അവരുടെ അറബ് സ്വദേശിയായ ഭർത്താവിനും ക്രിമിനൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ വിധിച്ചു. കൗൺസിലർ അഹമ്മദ് അൽ സാദി അധ്യക്ഷനായ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. രണ്ട് വർഷത്തെ ജയിൽ ശിക്ഷ കൂടാതെ 2,000 കുവൈറ്റ് ദിനാർ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

ശിക്ഷ മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യുന്നതിനായി 1,000 ദിനാർ ജാമ്യത്തുകയായി കെട്ടിവെക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഈ കാലയളവിൽ പ്രതികൾ നല്ല നടപ്പ് പുലർത്തണമെന്ന നിബന്ധനയോടെയാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്.

കുവൈറ്റ് വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതരെ അറിയിക്കാതെ 26,705 ദിനാർ കൈവശം വെച്ചുവെന്ന കുറ്റത്തിൽ നിന്ന് കോടതി ഇവരെ വെറുതെ വിട്ടു. പിടിച്ചെടുത്തത് ഞരമ്പ് സംബന്ധമായ ചികിത്സയ്ക്കായി ഡോക്ടർ നിർദ്ദേശിച്ച മരുന്നുകളാണെന്നും മയക്കുമരുന്നല്ലെന്നുമായിരുന്നു പ്രതികൾ കോടതിയിൽ വാദിച്ചത്. കൈവശമുണ്ടായിരുന്ന വലിയ തുക വിദേശത്തെ ഒരു കാസിനോയിൽ നിന്ന് സമ്മാനമായി ലഭിച്ചതാണെന്നും അവർ അവകാശപ്പെട്ടിരുന്നു. എന്നാൽ, മയക്കുമരുന്ന് സംബന്ധമായ കുറ്റം തെളിയിക്കപ്പെട്ടതോടെ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.

Tags:    

Similar News