ലാൻഡ് ക്രൂയിസറിനെ പോലും ചുമ്മാ...വിട്ടില്ല; കുവൈറ്റിലെ ട്രാഫിക് പരിശോധന കടുപ്പിച്ച് അധികൃതർ; ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങൾക്ക് 404 വാഹനങ്ങൾ പിടിച്ചെടുത്തു
കുവൈറ്റ്: കുവൈറ്റിലെ ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടത്തിയ പ്രത്യേക ക്യാമ്പയിനുകളിൽ 404 വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച 44 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 19 പ്രായപൂർത്തിയാകാത്തവരെ ട്രാഫിക് ഉദ്യോഗസ്ഥർ പിടികൂടി.
താമസരേഖ (ഇഖാമ) കാലാവധി കഴിഞ്ഞ 39 പേരെയും വിവിധ കേസുകളിൽ വാറന്റുള്ള 50 പേരെയും പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തു. മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിൽ വാഹനമോടിച്ച 25 പേരെ പട്രോളിംഗ് സംഘം പിടികൂടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 223 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ പുതിയ ട്രാഫിക് നിയമം നിലവിൽ വന്നതോടെ രാജ്യത്തെ വാഹനാപകടങ്ങളിലും നിയമലംഘനങ്ങളിലും വലിയ കുറവുണ്ടായതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.