സുബ്ര നക്ഷത്രത്തിന്‍റെ സ്വാധീനം; കുവൈറ്റ് കാലാവസ്ഥയിൽ മാറ്റം വരും; ചൂട് ഗണ്യമായി കുറയുമെന്നും അധികൃതർ
കുവൈത്ത് സിറ്റി: സെപ്തംബർ 20 മുതൽ കുവൈത്തിൽ വേനൽ ചൂടിൽ കാര്യമായ കുറവുണ്ടാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രമായ അൽ സുബ്രയുടെ ഉദയത്തോടെയാണ് ഈ മാറ്റം സംഭവിക്കുന്നത്. ഇത് ശരത്കാലത്തിൻ്റെ ആദ്യകാലമായി കണക്കാക്കപ്പെടുന്നു.
സെപ്തംബർ 20 മുതൽ 13 ദിവസത്തേക്ക് സുബ്ര നക്ഷത്രത്തിൻ്റെ സ്വാധീനമുണ്ടാകുമെന്നും ഈ കാലയളവിൽ താപനിലയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും അൽ ഉജൈരി പ്രസ്താവനയിൽ വ്യക്തമാക്കി. പകൽ സമയങ്ങളിൽ ഉയർന്ന താപനിലയും ചൂടുള്ള കാറ്റും അനുഭവപ്പെടുമെങ്കിലും, രാത്രികാലങ്ങളിൽ താപനില കുറയുകയും പുലർച്ചെ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യും. രാവിലെ അന്തരീക്ഷത്തിൽ ഈർപ്പം തുടരാനും സാധ്യതയുണ്ട്.
സെപ്തംബർ 22-ന് ഭൂമി സൂര്യനെ ചുറ്റുന്നതിൻ്റെ ഫലമായി ശരത്കാല വിഷുവം സംഭവിക്കും. ഈ ദിനത്തിൽ സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിലായിരിക്കും. സുബ്ര നക്ഷത്രത്തിൻ്റെ സ്വാധീനമുള്ള സമയത്ത്, പ്രത്യേകിച്ച് സെപ്തംബർ 28-ന്, പകലും രാത്രിയും തുല്യമായ 12 മണിക്കൂർ ദൈർഘ്യം നിലനിർത്തും. അതിനുശേഷം രാത്രിയുടെ ദൈർഘ്യം സാവധാനത്തിൽ വർദ്ധിച്ചു തുടങ്ങും. സുബ്ര നക്ഷത്രം തീക്ഷ്ണമായ നക്ഷത്രമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഈ കാലയളവിൽ താപനിലയിലുണ്ടാകുന്ന മാറ്റങ്ങൾ കാലാവസ്ഥയിൽ ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.