'ഹൈ ഹാലോ..ഞങ്ങൾ പെട്ടു ഗയ്‌സ്..'; കുവൈറ്റിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന നിയന്ത്രണം; ഡിജിറ്റൽ വ്യാപാര മേഖല നിയന്ത്രിക്കാൻ അധികൃതർ
കുവൈറ്റ്: കുവൈത്ത് മന്ത്രിസഭ അംഗീകരിച്ച 2025-ലെ ഡിജിറ്റൽ വ്യാപാര മേഖലയെ നിയന്ത്രിക്കുന്നതിനുള്ള നിയമം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും ഡിജിറ്റൽ രംഗത്തെ സുതാര്യത ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമം.
നിയമപ്രകാരം, ഇൻഫ്ലുവൻസർമാർ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ വഞ്ചിക്കുന്നതോ ആയ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. കൂടാതെ, ഡിജിറ്റൽ സേവന ദാതാക്കൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം.
ഡിജിറ്റൽ വ്യാപാര മേഖലയുടെ നിയന്ത്രണവും ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള ചുമതലയും വാണിജ്യ വ്യവസായ മന്ത്രാലയത്തിനാണ്. നിയമം ലംഘിക്കുന്നവർക്ക് കടുത്ത സാമ്പത്തിക പിഴ ചുമത്താനും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇലക്ട്രോണിക് ലേലങ്ങളെയും ഇടനില പ്ലാറ്റ്‌ഫോമുകളെയും പുതിയ നിയമം നിയന്ത്രിക്കും.