പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണം; കശ്മീര്‍ ജനതയെ കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ ഒമര്‍ അബ്ദുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് രാജ്നാഥ് സിങ്
പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണം
ശ്രീനഗര്‍: പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു കശ്മീര്‍ അപൂര്‍ണമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒമ്പതാമത് സായുധ സേനാ വെറ്ററന്‍സ് ദിനത്തോട് അനുബന്ധിച്ച് ജമ്മു-കശ്മിരിലെ അഖ്നൂര്‍ സെക്ടറിനടുത്തുള്ള ടന്‍ഡ ആര്‍ട്ടിലെറി ബ്രിഗേഡില്‍ ചൊവ്വാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ജമ്മു-കശ്മീരിലെ ജനങ്ങളെ കേന്ദ്രസര്‍ക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നതില്‍ അവിടുത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സര്‍ക്കാരുകള്‍ ജമ്മു-കശ്മീരിനെ വ്യത്യസ്തമായ രീതിയിലാണ് കൈകാര്യം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ രാജ്യതലസ്ഥാനമായ ഡല്‍ഹിയുമായി ഉണ്ടായിരുന്നിരിക്കേണ്ട ബന്ധം ഇവിടുത്തെ സഹോദരീ-സഹോദരന്മാര്ക്ക് ലഭിക്കാതെപോയി. ഇനിയും അത് സംഭവിക്കാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡല്‍ഹിയേയും കശ്മീരിനേയും കേന്ദ്രസര്‍ക്കാര്‍ ഒരുപോലെയാണ് പരിഗണിക്കുന്നത് എന്നും പ്രതിരോധമന്ത്രി പറഞ്ഞു.
കശ്മീരിലെ ജനങ്ങള്‍ക്ക് രാജ്യത്തെ മറ്റെല്ലായിടങ്ങളിലെയും ജനങ്ങളുമായുള്ള ഹൃദയബന്ധം ദൃഢമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൃദയങ്ങള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴും അവിടവിടെയായി ചില ചെറിയ വിള്ളലുകള്‍ നിലനില്‍ക്കുന്നുണ്ട്, അവ കൂടി പരിഹരിക്കാനും കൂട്ടിയോജിപ്പിക്കാനും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
ഡല്‍ഹിയെ പോലെ തന്നെയാണ് കശ്മീരിനെയും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നതിന് തെളിവാണ് അഖ്നൂരിലെ വെറ്ററന്‍സിന്റെ സാന്നിധ്യം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാക് അധീന കശ്മീരിലെ പ്രധാനമന്ത്രി ചൗധരി അന്‍വറുള്‍ ഹഖ് നടത്തിയ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിരോധമന്ത്രി ശക്തമായി അപലപിച്ചു. പാക് അധീന കശ്മീര്‍ ഇല്ലാതെ ജമ്മു-കശ്മീര്‍ അപൂര്‍ണമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എല്ലാവര്ക്കും മകര സംക്രാന്തി, പുതുവര്‍ഷ ആശംസകളും നേര്‍ന്നാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.