'വേതനമില്ലാ വേലയ്ക്ക് വിരാമം; ജീവനക്കാർക്ക് ചരിത്ര വിജയം..'; എയർ കാനഡയിലെ ഫ്ലൈറ്റ് അറ്റെൻഡർമാരുടെ കരാർ സമരം അവസാനിച്ചു; യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച് കമ്പനി

Update: 2025-08-19 11:24 GMT

ടൊറന്റോ: കാനഡയിലെ ഏറ്റവും വലിയ വിമാന സർവീസ് ദാതാക്കളായ എയർ കാനഡയുടെ ഫ്ലൈറ്റ് അറ്റൻഡന്റുമാർ നടത്തിവന്ന സമരം താത്കാലിക കരാറിലെത്തിയതോടെ അവസാനിച്ചു. ഇതോടെ ആയിരക്കണക്കിന് റദ്ദാക്കപ്പെട്ട വിമാനങ്ങൾ വീണ്ടും സാധാരണ നിലയിലേക്ക് എത്തുമെന്നും യാത്രക്കാർക്ക് ആശ്വാസമാകുമെന്നും പ്രതീക്ഷിക്കുന്നു.

കനേഡിയൻ യൂണിയൻ ഫോർ പബ്ലിക് എംപ്ലോയീസ് (CUPE) ആണ് ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, യൂണിയൻ വക്താവ് ഹഗ് പൗലിയോട്ട്, "വിമാനത്തിലെ ജീവനക്കാർക്ക് ചരിത്രപരമായ വിജയം നേടാനായി. വേതനമില്ലാ വേലയ്ക്ക് വിരാമമിട്ട് ഞങ്ങളുടെ ശബ്ദവും ശക്തിയും വീണ്ടെടുത്തു" എന്ന് അറിയിച്ചു.

ശനിയാഴ്ച ആരംഭിച്ച സമരം കാരണം ദിവസവും 700-ൽ അധികം വിമാന സർവീസുകളാണ് എയർ കാനഡയ്ക്കും അതിന്റെ അനുബന്ധ സ്ഥാപനമായ എയർ കാനഡ റൂജിനും റദ്ദാക്കേണ്ടി വന്നത്. ചൊവ്വാഴ്ച മാത്രം 500-ൽ അധികം വിമാനങ്ങൾ റദ്ദാക്കുകയും ബുധനാഴ്ചത്തേക്ക് 160-ൽ അധികം വിമാനങ്ങൾ റദ്ദാക്കപ്പെടുകയും ചെയ്തതായി ഫ്ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്എവെയർ റിപ്പോർട്ട് ചെയ്തു.

കരാർ നിലവിൽ വരണമെങ്കിൽ യൂണിയൻ അംഗങ്ങൾ വോട്ട് ചെയ്യേണ്ടതുണ്ട്. ഈ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ വീണ്ടും സമരം പുനരാരംഭിക്കാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച രാത്രിയാണ് സമരം ആരംഭിച്ചതിന് ശേഷം ഇരു വിഭാഗവും ചർച്ചയ്ക്ക് വീണ്ടും തയ്യാറായത്.

എയർ കാനഡയുടെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്താൻ ഏകദേശം ഒരാഴ്ച മുതൽ പത്ത് ദിവസമെടുക്കുമെന്നും, വിമാനങ്ങളും ജീവനക്കാരും പലയിടങ്ങളിലായി ചിതറി കിടക്കുന്നതിനാൽ സർവീസുകൾ പുനരാരംഭിക്കാൻ കാലതാമസമുണ്ടാകുമെന്നും വിമാന കമ്പനി അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തന്നെ കമ്പനി പ്രവർത്തനങ്ങൾ ക്രമീകരിച്ചു തുടങ്ങിയിരുന്നു.

എയർ കാനഡയുടെ വിമാനങ്ങളിൽ പകുതിയോളം രാജ്യത്തിനകത്തുള്ള സർവീസുകളാണ്, ബാക്കിയുള്ളവ അന്താരാഷ്ട്ര സർവീസുകളാണ്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലേക്കും അമേരിക്കയിൽ നിന്നുമുള്ള യാത്രാ സർവീസുകളാണ്.

"ഞങ്ങളുടെ സേവനം മുടങ്ങിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഈ തടസ്സങ്ങൾ അവർക്കുണ്ടാക്കിയ ബുദ്ധിമുട്ടിൽ ഞങ്ങൾ ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു," എയർ കാനഡ പ്രസ്താവനയിൽ അറിയിച്ചു.

Tags:    

Similar News