സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർക്ക്; അംഗീകാരം നൂതന സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ഗവേഷണത്തിന്
സ്റ്റോക്ഹോം: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്നുപേർക്ക്. ജോയൽ മോക്കിർ, ഫിലിപ്പ് അഗിയോൺ, പീറ്റർ ഹൗവിറ്റ് എന്നിവരെയാണ് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. നൂതനമായ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കാണ് ഇവർ പുരസ്‌കാരത്തിന് അർഹരായത്. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെ സമ്പദ്‌വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് കാരണമാകുന്നുവെന്നും ഈ വളർച്ച നിലനിർത്താൻ ആവശ്യമായ സാഹചര്യങ്ങളേയും കുറിച്ച് ഇവർ വിശദമായി പഠനം നടത്തി.
പുതിയ കണ്ടുപിടിത്തങ്ങളിലൂടെയുള്ള സാമ്പത്തിക വളർച്ച വിശദീകരിച്ചതിന് അമേരിക്കയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കിറിന് പുരസ്കാരം ലഭിച്ചു. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ മുന്നൊരുക്കങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും പുരസ്കാരം പങ്കിട്ടത്. ഫ്രാൻസിലെ കോളേജ് ദെ ഫ്രാൻസ്, ഐഎൻഎസ്ഇഎഡി, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് എന്നിവിടങ്ങളിൽ അഗിയോൺ പഠിപ്പിക്കുന്നു
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിലാണ് ഹൗവിറ്റ് പഠിപ്പിക്കുന്നത്. സുസ്ഥിര വളർച്ച സാധാരണ സംഭവമായി മാറിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ അതിന്റെ കാരണങ്ങളെ ചരിത്രപരമായ ഉറവിടങ്ങളിലൂടെ വിശദീകരിക്കാനാണ് മോക്കിർ ശ്രമിച്ചത്. ഫിലിപ്പ് അഗിയോണും പീറ്റർ ഹൗവിറ്റും സുസ്ഥിര വളർച്ചയുടെ പിന്നിലെ സംവിധാനങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തി.