12 ലക്ഷം വരെ നികുതി ഒഴിവാക്കി ആദ്യ പരിഷ്‌ക്കരണം; പിന്നാലെ ജിഎസ്ടിയില്‍ രണ്ടു സ്ലാബുകള്‍ മാത്രം ഏര്‍പ്പെടുത്തി നികുതി കുറയ്ക്കല്‍; ജനങ്ങളുടെ ചിലവാക്കല്‍ ശേഷി വര്‍ധിപ്പിക്കുന്ന നടപടിയുമായി കേന്ദ്രം; അമേരിക്കന്‍ താരിഫ് ഭീഷണിയെ മറികടക്കാന്‍ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുന്ന തന്ത്രം; സ്വാതന്ത്ര്യ ദിനത്തിലെ മോദിയുടെ സുപ്രധാന പ്രഖ്യാപനം രാജ്യത്തിന്റെ ജിഡിപി ഉയര്‍ത്തും

സ്വാതന്ത്ര്യ ദിനത്തിലെ മോദിയുടെ സുപ്രധാന പ്രഖ്യാപനം രാജ്യത്തിന്റെ ജിഡിപി ഉയര്‍ത്തും

Update: 2025-08-16 06:51 GMT

ന്യൂഡല്‍ഹി: സാമ്പത്തിക രംഗത്ത് സാധാരണക്കാരന് പ്രയോജനപ്പെടുന്ന പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടു പോകുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി രാജ്യം കണ്ടത് 12 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി അടയ്‌ക്കേണ്ടതില്ലെന്നതായിരുന്നു. രാജ്യത്തെ മധ്യവര്‍ഗ്ഗത്തെ വലിയ തോതില്‍ സന്തോഷിപ്പിക്കുന്ന ഈ തീരുമാനത്തിന് പിന്നാലെ നിര്‍ണായകമായ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നടത്തിയത്. രാജ്യത്തെ സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ജിഎസ്ടി നികുതി ഘടന രണ്ടായി പരിഷ്‌ക്കരിക്കാനാണ് നീക്കം.

നാല് നികുതി സ്ലാബുകള്‍ ഉണ്ടായിരുന്നത് രണ്ടായി മാത്രം നിജപ്പെടുത്താനാണ് നീക്കം. ഇത് ജനങ്ങളുടെ വാങ്ങല്‍ ശേഷിയെ വര്‍ധിപ്പിക്കുന്നതിന് ഒപ്പം തന്നെ രാജ്യത്തിന്റെ ജിഡിപി ഉയര്‍ത്താനും ഇടയാക്കും. 12 ലക്ഷം നികുതി പരിധി നിശ്ചയിച്ച ശേഷം ഇക്കൂട്ടരുടെ പണം പൊതുവിപണിയില്‍ എത്തുക എന്നതാണ് കേ്ന്ദ്രം ഉദ്ദേശിക്കുന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ ആ ക്ഷീണം മറികടക്കാന്‍ ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാറിന്റെ നീക്കം.

5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് നികുതി സ്ലാബുകള്‍ 5%, 18% എന്നിങ്ങനെ രണ്ടാക്കി കുറയ്ക്കാനാണ് നീക്കം. 12 ശതമാനവും 28 ശതമാനവും പൂര്‍ണമായും ഇല്ലാതാകും. നികുതി കുറയുന്നതോടെ വിലയും വന്‍തോതില്‍ കുറയും. ദീപാവലി സമ്മാനമായിട്ടാകും പരിഷ്‌കരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കിയത്. നിലവില്‍ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങള്‍ക്കും 5% മാത്രമേ ചുമത്തൂ. 28% ബാധകമാകുന്ന 90% ഇനങ്ങളും 18 ശതമാനത്തിലേക്കു മാറും. ഇതെല്ലാം സാധാരണക്കാര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുന്ന തീരുമാനങ്ങളാണ്.

ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവാക്കുകയോ 5 ശതമാനമായി കുറയ്ക്കുകയോ ചെയ്യും. അതേസമയം സ്‌പെഷ്യല്‍ നികുതി നിരക്ക് ഉണ്ടാകുമെന്നാണ് സൂചന. പുകയില, സിഗരറ്റ്, കൊക്കക്കോളയും പെപ്‌സിയം പോലുള്ള എയറേറ്റഡ് പാനീയങ്ങള്‍, പാന്‍ മസാല അടക്കമുള്ള ഏഴിനങ്ങള്‍ക്ക് 40% നികുതി ഈടാക്കും. നിലവില്‍ ഇവയ്ക്ക് 28% നികുതിയാണെങ്കിലും സെസ് അടക്കം 88% ആണു നികുതിഭാരം. 40% ജിഎസ്ടി ചുമത്തിയാലും മൊത്തം നികുതിഭാരം 88% ആയി തുടരും. ഓണ്‍ലൈന്‍ ഗെയിമിങ്ങിനും 40% നികുതി ബാധകമാകും. സ്വര്‍ണം, വെള്ളി എന്നിവയുടെ 3%, ഡയമണ്ടുകളുടെ 0.25% എന്നിങ്ങനെയുള്ള സ്‌പെഷല്‍ നിരക്കുകള്‍ തുടരും. പെട്രോളിയം, വൈദ്യുതി, മദ്യം തുടങ്ങിയവയെ ജിഎസ്ടിയിലേക്ക് കൊണ്ടുവരാനും ശുപാര്‍ശയില്ല.

സ്വന്തം ആഭ്യന്തര വിപണി കരുത്തുറ്റതാക്കും, ജിഡിപി ഉയര്‍ത്തും

ജിഎസ്ടി നിലവില്‍ വന്ന് 8 വര്‍ഷം കഴിയുമ്പോഴാണ് ഘടനയില്‍ സമൂല മാറ്റത്തിന് കളമൊരുങ്ങുന്നത്. ഇതിനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലിന്റെ മന്ത്രിതല ഉപസമിതിക്കു കൈമാറി. സെപ്റ്റംബറിലെ ജിഎസ്ടി കൗണ്‍സില്‍ ഇത് അംഗീകരിച്ചാല്‍ ഒക്ടോബറോടെ പുതിയ ഘടന പ്രാബല്യത്തില്‍ വന്നേക്കും. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നികുതി നഷ്ടമുണ്ടാകുമെങ്കിലും വിലക്കുറവു മൂലം ഉപഭോഗം കൂടുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തുപകരും. വരുമാനത്തിലുണ്ടാകുന്ന നഷ്ടം ജിഡിപിയിലെ വളര്‍ച്ചയാക്കി മാറ്റാമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ ടിവി, ഫ്രിജ്, വാഷിങ് മെഷീന്‍, എസി വളം, കീടനാശിനികള്‍ കാര്‍ഷിക ഉപകരണങ്ങള്‍ ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കരകൗശല വസ്തുക്കള്‍ പുനരുപയോഗ ഊര്‍ജ ഉല്‍പാദനവുമായി ബന്ധപ്പെട്ടവ. എട്ടുവര്‍ഷം മുന്‍പ് നിലവില്‍ വന്ന ജിഎസ്ടിയുടെ പ്രധാനലക്ഷ്യം 'ഒരു രാജ്യം, ഒരു വിപണി, ഒറ്റ നികുതി' എന്നതായിരുന്നു. എന്നാല്‍ 5%, 12%, 18%, 28% എന്നിങ്ങനെ നികുതി സ്ലാബുകളും പുറമെ സെസുകളുമുള്ളത് നികുതിദായകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഈ സ്ലാബുകള്‍ക്ക് പുറമെ നിത്യോപയോഗ വസ്തുക്കളെ 'പൂജ്യം ശതമാനം' എന്ന സ്ലാബില്‍ കണക്കാക്കുന്നുണ്ട്.


Full View

സ്ലാബ് പരിഷ്‌കരണം വഴി കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും സംയോജിതമായ കനത്ത വരുമാന നഷ്ടമുണ്ടാകുമെങ്കിലും പരിഷ്‌കാര നടപടികളുമായി മുന്നോട്ടുപോകാനാണ് കേന്ദ്രനീക്കം. വിഷയത്തിന് രാഷ്ട്രീയ പ്രാധാന്യവുമുള്ളതിനാല്‍ കേന്ദ്ര ധനമന്ത്രാലയത്തിനു പകരം ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തെ കര്‍ഷകര്‍, സാധാരണക്കാര്‍, ഇടത്തരം കുടുംബങ്ങള്‍, എംഎസ്എംഇകള്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി 'വരും-തലമുറ പരിഷ്‌കാര നടപടികള്‍' നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

നിരക്കു പരിഷ്‌കരണത്തിനു പുറമേ ജിഎസ്ടി ഘടന അടിമുടി മാറ്റാനുള്ള നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ചട്ടങ്ങള്‍ ലഘൂകരിക്കുന്നതിലൂടെ ജിഎസ്ടിയിലേക്ക് കൂടുതല്‍ സംരംഭകരെ കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ 1.15 കോടി സംരംഭങ്ങളാണ് ജിഎസ്ടിയിലുള്ളത്. ഇത് വൈകാതെ 2 കോടിയാക്കാനാണ് പദ്ധതിയിടുന്നത്.

95% സംരംഭങ്ങള്‍ക്കും വെറും 3 ദിവസത്തിനകം ജിഎസ്ടി റജിസ്‌ട്രേഷന്‍ നല്‍കുന്ന വിധത്തിലാണ് പരിഷ്‌ക്കരണം. നിലവില്‍ 6 ദിവസം വരെയൊക്കെ എടുക്കാം. റിസ്‌ക് കുറവുണ്ടെന്ന് ബോധ്യപ്പെടുന്ന കേസുകളില്‍ മാത്രമാണ് ഈ അതിവേഗ ചാനല്‍. ജിഎസ്ടി റീഫണ്ട് പലപ്പോഴും തടഞ്ഞുവയ്ക്കപ്പെടുന്നത് ബിസിനസുകളെ കാര്യമായി ബാധിക്കാറുണ്ട്. ഇതൊഴിവാക്കാനായി റീഫണ്ടിന്റെ ഭൂരിഭാഗവും അപേക്ഷ ലഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ തനിയെ (ഓട്ടമേറ്റഡ്) തിരികെ നല്‍കുന്ന സംവിധാനവും നടപ്പാക്കും.

ഉല്‍പന്നം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നികുതിയെക്കാള്‍ കൂടുതല്‍ അതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി ഘടന തിരുത്താനുള്ള നടപടികളുണ്ടാകും. നിലവില്‍ ഇത്തരം സാഹചര്യങ്ങളില്‍ ബാക്കി തുക റീഫണ്ടായി സംരംഭകര്‍ക്കു നല്‍കുകയാണ് പതിവ്. പലപ്പോഴും ഇതിന് കാലതാമസമുണ്ടാകുമെന്നതിനാല്‍ സംരംഭങ്ങളുടെ പണലഭ്യതയെ ബാധിക്കും. റീഫണ്ട് ഓട്ടമേറ്റ് ചെയ്യുകയും ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നതോടെ ഈ പ്രതിസന്ധി ഒഴിവാകും.

റിട്ടേണില്‍ രേഖപ്പെടുത്തുന്ന വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ മൂലം സംരംഭകര്‍ക്ക് നോട്ടിസ് അടക്കം ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇതൊഴിവാക്കാനായി പല വിവരങ്ങളും ഓട്ടമാറ്റിക് ആയി പൂരിപ്പിക്കപ്പെട്ട (പ്രീഫില്‍ഡ്) ഫോമുകള്‍ ലഭ്യമാക്കും. നിലവില്‍ ഒരേ ഉല്‍പന്നം വിവിധ രീതിയില്‍ (ഉദാ: ലൂസ്, പായ്ക്ക്ഡ്) വില്‍ക്കുമ്പോള്‍ വിവിധ നിരക്കാണ് ബാധകം. ഇത് വന്‍തോതില്‍ ആശയക്കുഴപ്പത്തിനും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇവയ്ക്ക് കുറഞ്ഞ ഏകീകൃത നികുതി നടപ്പാക്കും. അടിക്കടി നികുതി നിരക്ക് മാറ്റിക്കൊണ്ടിരിക്കുന്ന രീതി ബിസിനസുകള്‍ക്കു വ്യക്തതക്കുറവുണ്ടാക്കും. ഇതവരുടെ ആസൂത്രണത്തെയും ബാധിക്കും. ദീര്‍ഘകാലത്തേക്ക് വ്യക്തത നല്‍കുന്ന തരത്തിലായിരിക്കും ഇനിയുള്ള പരിഷ്‌കാരങ്ങള്‍. പുതിയ നികുതി പരിഷ്‌ക്കാരങ്ങള്‍ വരുമ്പോള്‍ തട്ടിപ്പുകള്‍ക്ക് സാധ്യത കുറയുമെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News